നമ്മുടെ ചരിത്രബോധത്തെ സഹസ്രാബ്ദങ്ങള്‍ പിന്നോട്ടുകൊണ്ടുപോകുന്ന ഏറ്റവും പ്രാചീനമായ കാലഗണനയാണ് ഭാരതീയ യുഗസങ്കല്പം. അതനുസരിച്ചുള്ള പുതുവത്സരദിനമാണ് ചൈത്രമാസത്തിലെ വര്‍ഷപ്രതിപദ. യുഗാദി എന്നും ഈ സുദിനം അറിയപ്പെടുന്നു. ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷമാണ് ഇപ്പോഴത്തെ കലിയുഗം ആരംഭിച്ചത്. യുഗാബ്ദം 5122 ആണ് ഈ വര്‍ഷപ്രതിപദ ദിനത്തില്‍ ആരംഭിക്കുന്നത്.
ഭാരതത്തിന്റെ ഔദ്യോഗിക കലണ്ടറായ ശകവര്‍ഷം ആരംഭിക്കുന്നതും വര്‍ഷപ്രതിപദ ദിനത്തിലാണ്. പരാക്രമശാലികളും പ്രജാക്ഷേമതല്പരന്മാരുമായ വിക്രമാദിത്യന്‍, ശാലിവാഹനന്‍ എന്നീ രാജാക്കന്മാരുമായി ബന്ധപ്പെട്ടതാണ് ശകവര്‍ഷം. രാജ്യത്തെ ആക്രമിച്ചു കീഴടക്കാന്‍ വന്ന ആസുരികശക്തികളായ ശകന്മാരെ തോല്പിക്കുക മാത്രമല്ല ഇവിടെ കുടിയേറിയവരെ സമാജത്തില്‍ ലയിപ്പിക്കുക കൂടി ചെയ്തവരാണ് ഈ രാജാക്കന്മാര്‍. ഈ വിജയത്തിന്റെ സ്മരണയ്ക്കായി ആരംഭിച്ചതാണ് ശകവര്‍ഷം. പൊതുവര്‍ഷം 78ല്‍ തുടങ്ങിയതായി കണക്കാക്കപ്പെടുന്ന ഈ കാലഗണനയിലെ 1942-ാമാണ്ടാണ് ഈ വര്‍ഷപ്രതിപദ ദിനത്തില്‍ തുടങ്ങുന്നത്. 1957ലാണ് ഭാരതസര്‍ക്കാര്‍ ശകവര്‍ഷത്തെ ഔദ്യോഗിക കലണ്ടറായി അംഗീകരിച്ചത്.
രാവണനെ വധിച്ചശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചുവന്ന് രാജ്യാഭിഷേകം നടത്തിയത് വര്‍ഷപ്രതിപദ ദിനത്തിലാണ്. തുടര്‍ന്ന് ഒന്‍പത് ദിവസം നവരാത്രിയുടെ രൂപത്തില്‍ ആഘോഷങ്ങള്‍ നടന്നു. അതിന്റെ പരിസമാപ്തിയാണ് ശ്രീരാമനവമി. ഈ വര്‍ഷം ഏപ്രില്‍ 2 നാണ് ശ്രീരാമനവമി ആഘോഷിക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തെ സംബന്ധിച്ചിടത്തോളം സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജിയുടെ ജന്മദിനം കൂടിയാണ് വര്‍ഷപ്രതിപദ. പുതുവത്സരപ്പിറവി എന്ന നിലയിലാണ് സംഘത്തിന്റെ ആറ് ഉത്സവങ്ങളിലൊന്നായി വര്‍ഷപ്രതിപദയും ഉള്‍പ്പെടുത്തിയത്. ഡോക്ടര്‍ജിയുടെ നിര്യാണത്തിനുശേഷമാണ് ഇത് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണെന്ന കാര്യം സ്വയംസേവകരുടെ ശ്രദ്ധയില്‍പെട്ടത്.
ഹിന്ദുസമാജത്തിന്റെ ശക്തവും സര്‍വ്വവ്യാപിയുമായ സംഘടന എന്ന നിലയില്‍ സംഘത്തെ ഇന്ന് എല്ലാവര്‍ക്കുമറിയാം. പലരും അസാദ്ധ്യമെന്നു കരുതിയ ഒരു കാര്യം ഏറ്റെടുത്തു വിജയിപ്പിച്ചു എന്നതാണ് ഡോക്ടര്‍ജിയുടെ മഹത്വം. ശൂന്യതയില്‍ നിന്ന് ഛത്രപതി ശിവാജി ഹിന്ദു മഹാസാമ്രാജ്യം സ്ഥാപിച്ചതിനു സമാനമായ ഒരു പ്രവൃത്തിയാണ് ഡോക്ടര്‍ജിയും നിര്‍വ്വഹിച്ചത്. ചരിത്രപുസ്തകങ്ങള്‍ വായിച്ചുകൊണ്ട് സംഘത്തെ മനസ്സിലാക്കാനാവില്ല. പലരും വിമര്‍ശകരുടെ വാക്കുകേട്ട് സംഘത്തെ തെറ്റിദ്ധരിക്കുന്നത് അവര്‍ക്ക് ഡോക്ടര്‍ജിയുടെ ജീവിതത്തെ കുറിച്ചറിയാന്‍ അവസരം ലഭിക്കാത്തതുകൊണ്ടാണ്.
കുട്ടിക്കാലം മുതല്‍ രാഷ്ട്രഭക്തി ഡോക്ടര്‍ജിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രചേതനയുമായി താദാത്മ്യം പ്രാപിച്ച ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എട്ടാമത്തെ വയസ്സില്‍ വിക്‌ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികത്തില്‍ ലഭിച്ച മധുരപലഹാരം വലിച്ചെറിഞ്ഞതും സീതാബര്‍ഡി കോട്ടയില്‍ ഉയര്‍ത്തിയിരുന്ന യൂണിയന്‍ ജാക്ക് തുരങ്കം നിര്‍മ്മിച്ച് അതിലൂടെ ചെന്ന് അഴിച്ചുമാറ്റാമെന്ന കുഞ്ഞുമനസ്സിന്റെ ഭാവനയും നിരോധിക്കപ്പെട്ട വന്ദേമാതരം കൂട്ടുകാരോടൊപ്പം ഇന്‍സ്‌പെക്ടറുടെ പരിശോധന സമയത്ത് ചൊല്ലി വിദ്യാലയത്തില്‍ നിന്നു പുറത്താക്കപ്പെട്ടതുമെല്ലാം രാഷ്ട്രഭക്തിയുടെ ഉജ്വലമായ പ്രകടീകരണങ്ങളായിരുന്നു. വിപ്ലവകാരികളോടൊപ്പം സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അഭിവാഞ്ഛയോടെയാണ് കല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ എല്‍.ഐ.എം. പഠനത്തിനു ചേര്‍ന്നത്. രാജ്യത്തെ ഏറ്റവും വലിയ വിപ്ലവ സംഘടനയായ അനുശീലന്‍ സമിതിയില്‍ അംഗമായി ചേര്‍ന്ന് വിപ്ലവകാരികളോടൊപ്പം പ്രവര്‍ത്തിച്ചു. ഡോക്ടര്‍ ബിരുദം നേടിയ ഉടനെ ഇന്നത്തെ ക്യാമ്പസ് സെലക്ഷന്‍ പോലെ ബര്‍മ്മയില്‍ നിന്ന് ജോലിക്കുള്ള വാഗ്ദാനം ലഭിച്ചെങ്കിലും അത് നിരസിച്ച് നാഗ്പൂരില്‍ തിരിച്ചുവന്ന് സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തു. 1921ല്‍ നിസ്സഹകരണ പ്രക്ഷോഭത്തിലും 1930-ല്‍ ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ചു നടന്ന വനസത്യഗ്രഹത്തിലും പങ്കെടുത്ത് ജയില്‍വാസം വരിച്ചു.
1920ല്‍ നാഗ്പൂരില്‍ വെച്ചു നടന്ന കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വളണ്ടിയര്‍ സേനയുടെ മുഴുവന്‍ ചുമതലയും ഡോക്ടര്‍ജിക്കായിരുന്നു. ഈ സമ്മേളനത്തില്‍ അരവിന്ദഘോഷിനെ അദ്ധ്യക്ഷനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനുവേണ്ടി ഡോ.ബി.കെ. മുഞ്‌ജേയോടൊപ്പം പുതുച്ചേരിയില്‍ ചെന്ന് അരവിന്ദഘോഷിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം തന്റേതായ കാരണങ്ങളാല്‍ അധ്യക്ഷപദവി സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് അരവിന്ദഘോഷ് ഡോ. മുഞ്‌ജേയ്ക്ക് പിന്നീട് വിശദമായി എഴുതിയിട്ടുണ്ട്. എങ്കിലും നിരാശനാകാതെ നാഗ്പൂരില്‍ തിരിച്ചെത്തി സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. 15,000 ത്തോളം പേര്‍ പങ്കെടുത്ത ആ സമ്മേളനം ചിട്ടയോടെ നടന്നതിന്റെ മുഴുവന്‍ പ്രശംസയും ഡോക്ടര്‍ജിയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സേനയ്ക്കു ലഭിച്ചു.
ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന അനുഭവങ്ങളും രാഷ്ട്രത്തിനുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതവും ഡോക്ടര്‍ജിയെ ആഴത്തിലുള്ള ഒരു വിചാരമഥനത്തിലേക്കു നയിച്ചു. ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ചും കഴിഞ്ഞ കാലത്തെ സംബന്ധിച്ചും വിശദമായ അവലോകനങ്ങള്‍ അദ്ദേഹം നടത്തി. എല്ലാവരും സ്വാതന്ത്ര്യം കിട്ടുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന കാലത്ത് ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരത്തെ കുറിച്ചുള്ള ചിന്തയും ഡോക്ടര്‍ജിയുടെ മനസ്സിനെ ഗ്രസിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തിന് എന്നു സ്വാതന്ത്ര്യം ലഭിക്കുമെന്നു ചോദിച്ച യുവാക്കളോട് ‘സ്വാതന്ത്ര്യം ഞാന്‍ വാങ്ങിത്തരാം, അത് സംരക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ’- എന്ന മറുചോദ്യമാണ് സ്വാമി വിവേകാനന്ദന്‍ ഉന്നയിച്ചത്. ‘കിട്ടാന്‍ പോകുന്ന സ്വാതന്ത്ര്യം കൊണ്ട് ഭാരതം എന്തുചെയ്യാന്‍ പോകുന്നു’- എന്ന ചോദ്യം അരവിന്ദഘോഷും (പിന്നീട് മഹര്‍ഷി അരവിന്ദന്‍) ചോദിക്കുകയുണ്ടായി. സമാനമായ ഒരു ചോദ്യം ഡോക്ടര്‍ജിയുടെ മനസ്സിലും അങ്കുരിച്ചു. ‘നമുക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നല്ലോ, അതെങ്ങനെ നഷ്ടപ്പെട്ടു’- എന്ന ചിന്തയാണ് അദ്ദേഹത്തിനുണ്ടായത്. സുദീര്‍ഘമായ ചിന്തകളിലൂടെ ഉത്തരവും ഡോക്ടര്‍ജി കണ്ടെത്തി. ഹിന്ദു എന്നറിയപ്പെടുന്ന ഒരു ദേശീയ സമാജം ഇവിടെയുണ്ട്, ഈ സമാജത്തിന്റെ ഗതിവിഗതികളാണ് രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. മാതൃഭൂമിയുടെ മക്കളാണെന്ന ഭാവനയോടെ ഇവിടെ ജീവിക്കേണ്ട ഹിന്ദുസമാജത്തിന്റെ അസംഘടിതാവസ്ഥയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനകാരണമെന്ന് ഡോക്ടര്‍ജി കണ്ടെത്തി.
ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്നതിലൂടെ ഭാരതത്തിന്റെ പരംവൈഭവം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1925ലെ വിജയദശമി നാളില്‍ ഡോക്ടര്‍ജി സംഘമെന്ന പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കിയത്. ‘വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്രപുനര്‍നിര്‍മ്മാണം’- എന്ന അടിസ്ഥാനാശയത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. ഹിന്ദുസമാജത്തിലെ വ്യക്തികള്‍ ‘നിത്യേന ഒരുമിച്ചുവരിക’- എന്നതായിരുന്നു മൗലികമായ കാര്യപദ്ധതി. ശാഖയെന്ന സവിശേഷമായ പേര് ഈ ഒരുമിച്ചു ചേരലിനു നല്‍കി. ഒന്നിച്ചു വന്നാല്‍ എന്തുചെയ്യണമെന്ന ചിന്തയില്‍ നിന്ന് ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിനുളള പദ്ധതികള്‍ രൂപപ്പെട്ടു. ശാഖയിലൂടെ വ്യക്തിത്വവികാസം നേടിയവര്‍ ഒരു മഹത്തായ ആദര്‍ശത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന സ്വയംസേവകരായി മാറി. ഭഗവധ്വജത്തെ ഗുരുവായി അവതരിപ്പിച്ചും സ്വയം മാതൃകയായിക്കൊണ്ടും ഡോക്ടര്‍ജി സമര്‍പ്പണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു.
‘ഇത് ഹിന്ദുരാഷ്ട്രമാണെന്ന’- ഉറച്ച ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ജി സംഘത്തിനു രൂപം നല്‍കിയത്. സാംസ്‌കാരിക ദേശീയതയുടെ പുനരാവിഷ്‌ക്കാരമാണ് ഇതിലൂടെ അദ്ദേഹം സാദ്ധ്യമാക്കിയത്. ഒരു സംവാദത്തില്‍ സ്വാമി വിവേകാനന്ദനോട് ‘ശങ്കരന്‍ അങ്ങനെ പറഞ്ഞിട്ടില്ല’- എന്നു പറഞ്ഞ പണ്ഡിതന് ‘എന്നാല്‍ ഞാന്‍ സ്വാമി വിവേകാനന്ദന്‍ അങ്ങനെ പറയുന്നു’- എന്ന മറുപടിയാണ് ലഭിച്ചത്. അതുപോലെ ‘ഇത് ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍ക്കു പറയാന്‍ കഴിയും’- എന്നു ചോദിച്ച മാന്യ വ്യക്തിയ്ക്ക് ‘ഞാന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ പറയുന്നു, ഇത് ഹിന്ദുരാഷ്ട്രമാണെന്ന്’- എന്ന ഉറച്ച മറുപടിയാണ് ലഭിച്ചത്. ഭാരതത്തെ കുറിച്ച് ഡോക്ടര്‍ജിക്കുണ്ടായിരുന്ന ആശയവ്യക്തതയാണ് ഇതിലൂടെ പ്രകടമായത്.
സംഘം തുടങ്ങി ആറുമാസത്തിനുശേഷമാണ് സംഘത്തിന് ‘രാഷ്ട്രീയ സ്വയംസേവക സംഘം’- എന്ന പേര് നല്‍കപ്പെട്ടത്. ഇതിന്റെ പിന്നിലും ഡോക്ടര്‍ജിയുടെ സുചിന്തിതമായ കാഴ്ചപ്പാട് കാണാം. ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്നതിനുള്ള സംഘടനയാണെങ്കിലും ‘ഹിന്ദു’- എന്ന് സംഘടനയുടെ പേരില്‍ വേണ്ട എന്ന് അദ്ദേഹം നിശ്ചയിച്ചു. പകരം രാഷ്ട്രീയ എന്ന പദം, രാഷ്ട്രത്തെ സംബന്ധിച്ച എന്ന അര്‍ത്ഥത്തില്‍ സ്വീകരിച്ചു. അങ്ങനെ ഉപയോഗിക്കുമ്പോഴേ ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത്വം എന്ന ആശയം പ്രകടമാകുകയുള്ളൂ എന്ന് ഡോക്ടര്‍ജി വ്യക്തമാക്കി. ഹിന്ദുമഹാസഭയെ പോലുള്ള സംഘടനകള്‍ ഹിന്ദു എന്ന പേരില്‍ തന്നെ പ്രവര്‍ത്തിച്ച് ഹിന്ദുസമാജത്തിലെ ഒരു സംഘടനയായി മാത്രം മാറിയപ്പോള്‍ സംഘം മുഴുവന്‍ ഹിന്ദുസമാജത്തെയും പ്രതിനിധീകരിക്കുന്ന സംഘടനയായി മാറിയത് ഡോക്ടര്‍ജിയുടെ ഈ സമഗ്രമായ കാഴ്ചപ്പാട് മൂലമാണ്. അതുപോലെ ‘ഹിന്ദുകോളനി’- എന്നു പേരിട്ട വ്യക്തികളോട് ഭാരതത്തിനകത്ത് ഹിന്ദുകോളനി പാടില്ല, ലണ്ടനിലും മറ്റും ആകാം എന്നു പറഞ്ഞുകൊണ്ട് ഈ നാടിന്റെ തനിമയാണ് ഹിന്ദുത്വമെന്നും അതിനെ വിഭാഗീയമാക്കരുതെന്നും ഡോക്ടര്‍ജി പറഞ്ഞു.
ഹിന്ദുത്വമെന്ന സാംസ്‌കാരിക ദേശീയതയുടെ വികാസ പരിണാമങ്ങളെ കുറിച്ച്, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘എവയ്ക്കനിംഗ് ഭാരത് മാത’- എന്ന പുസ്തകത്തില്‍ സ്വപന്‍ദാസ് ഗുപ്ത സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വന്ദേമാതരത്തിലൂടെ സ്വാതന്ത്ര്യസമരകാലത്ത് ജനലക്ഷങ്ങളെ ഉണര്‍ത്തിയ ഭാരതമാതാവ് എന്ന ചിന്തയാണ് ദേശീയതയുടെ പുനരാവിഷ്‌ക്കാരത്തിന്റെ അടിസ്ഥാനമായി ഗ്രന്ഥകാരന്‍ കാണുന്നത്. ഇതേക്കുറിച്ചുള്ള വിശദമായ അന്വേഷണം അദ്ദേഹത്തെ എത്തിക്കുന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാര്‍ത്ഥനയിലേക്കാണ്. വന്ദേമാതര സങ്കല്പത്തിന്റെ സ്ഥായിയായ ആവിഷ്‌ക്കാരമായി സംഘപ്രാര്‍ത്ഥനയെ അദ്ദേഹം അവതരിപ്പിക്കുന്നു. ഇതിനുവേണ്ടി ഇന്റര്‍നെറ്റില്‍ ലഭ്യമായ സംഘപ്രാര്‍ത്ഥനയുടെ എല്ലാ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും പരിശോധിച്ചശേഷം ഏറ്റവും കൃത്യമായ വിവര്‍ത്തനമാണ് അദ്ദേഹം സ്വീകരിച്ചത്. ഭാരതമാതാവിനെ നമസ്‌ക്കരിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രാര്‍ത്ഥന ഭാരത്മാതാ കീ ജയ് എന്ന ഉദ്‌ഘോഷത്തോടെയാണല്ലോ സമാപിക്കുന്നത്. ഭാരതത്തെ അമ്മയായി കണ്ട് നിത്യേന പൂജിക്കുന്നതിനുള്ള പദ്ധതി പ്രാര്‍ത്ഥനയിലൂടെ ശാഖകളില്‍ ആവിഷ്‌ക്കരിക്കപ്പെട്ടതിനു പിന്നിലും ഡോക്ടര്‍ജിയുടെ മൗലിക ചിന്തയാണുള്ളത്.
രണ്ടു മന്ത്രങ്ങളാണ് ഭാരതത്തിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന് സഹായിക്കുകയെന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞിരുന്നു. അതില്‍, ഒന്നാമത്തേത് വന്ദേമാതരമാണെന്നും രണ്ടാമത്തേത് ഇനിയും വെളിപ്പെടുത്തപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യപ്രസ്ഥാനത്തിന്റെ സാരഥിയായിരുന്ന അശോക് സിംഗാള്‍ജി പറഞ്ഞത് രണ്ടാമത്തെ മന്ത്രം ‘ജയ്ശ്രീ റാം’- ആണെന്നാണ്. ഭാരതത്തിന്റെ സമീപകാലചരിത്രം വിലയിരുത്തുന്നവര്‍ക്ക് ഇത് ശരിയാണെന്നു ബോദ്ധ്യപ്പെടും. ഈ മന്ത്രങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ടതില്‍ ഡോക്ടര്‍ജിക്കുള്ള പങ്ക് സുവ്യക്തമാണ്.
ഭാരതം ഒരു യുഗപരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. 19-ാം നൂറ്റാണ്ടില്‍ ആരംഭിക്കുകയും പിന്നീട് പാളം തെറ്റുകയും ചെയ്ത ദേശീയ നവോത്ഥാനം അതിന്റെ ശരിയായ പാതയിലേക്ക് തിരിച്ചെത്തുന്ന കാഴ്ച ഇന്ന് ദേശവ്യാപകമായി ദൃശ്യമാണ്. ദശാബ്ദങ്ങളായി പരിഹരിക്കാന്‍ കഴിയാതിരുന്ന കാശ്മീര്‍ പ്രശ്‌നവും ശ്രീരാമജന്മഭൂമിപ്രശ്‌നവും പരിഹരിക്കാന്‍ കഴിഞ്ഞത് ഭാരതത്തെ സംബന്ധിച്ചിടത്തോളം പുരോഗതിയിലേക്കുള്ള വലിയൊരു ചുവടുവെയ്പാണ്. അതേസമയം രാഷ്ട്രവിരുദ്ധശക്തികള്‍ മുമ്പെന്നപോലെ ഇന്നും സജീവമായി അവരുടെ പ്രവര്‍ത്തനം തുടരുന്നു. പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ നടന്നുവരുന്ന ദുഷ്പ്രചരണങ്ങള്‍ രാഷ്ട്രത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ദേശസ്‌നേഹികള്‍ കൂടുതല്‍ സക്രിയമായി പ്രവര്‍ത്തിക്കേണ്ടത് ദേശീയഐക്യത്തിന് അനിവാര്യമാണ്.
ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരമേശ്വര്‍ജി, ‘രാഷ്ട്ര നവനിര്‍മ്മാണമാകും’- എന്നു തുടങ്ങുന്ന ഗണഗീതത്തില്‍ ഡോക്ടര്‍ജിയെ കുറിച്ചെഴുതിയ വരികള്‍ വര്‍ഷപ്രതിപദയുടെ സന്ദര്‍ഭത്തില്‍ സ്വയംസേവകര്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാണ്.
എത്രമാറ്റമിയറ്റി ഞങ്ങളില്‍
അങ്ങു നല്‍കിയ ദര്‍ശനങ്ങള്‍
ചെമ്പു കാഞ്ചനമാക്കി മാറ്റി
ദിവ്യമാം നിന്‍ സ്പര്‍ശനങ്ങള്‍
ദൂരെ ദൂരെ വിടര്‍ന്നു കണ്ടൂ
ഞങ്ങള്‍ ജീവിത ചക്രവാളം
അവിടെ ജൈത്ര പതാക നാട്ടാന്‍
ആയി ഞങ്ങളെ നീ നയിച്ചു.
Discussion about this post