ബി.എസ്. വിനയചന്ദ്രന്‍ (സക്ഷമ സംസ്ഥാന പ്രചാര്‍ പ്രമുഖ്)
ഐക്യരാഷ്‌ട്ര സഭയുടെ 47/3 പ്രമേയത്തിലൂടെ1992 മുതല്‍ ഡിസംബര്‍ 3 അന്താരാഷ്‌ട്ര ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ”സമഗ്ര പങ്കാളിത്തത്തിനും സുസ്ഥിര ഭാവിക്കുമായി ഭിന്നശേഷിക്കാരുടെ നേതൃത്വഗുണം ശാക്തീകരിക്കുക” എന്ന സന്ദേശമാണ് 2024 ലെ ഭിന്നശേഷി ദിന സന്ദേശമായി അന്താരാഷ്‌ട്ര തലത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. നമുക്ക് അനുഭവമില്ലാത്ത അവസ്ഥകളില്‍ നമ്മള്‍ കാഴ്ചക്കാരെന്നിരിക്കെ, ദിവ്യാംഗരോട് ഐക്യപ്പെടേണ്ടതും, അനുഭാവപൂര്‍വം പരിഗണിക്കേണ്ടതും നമ്മളില്‍ ഒരാളായിക്കണ്ട് സമദൃഷ്ടിയുടെ സന്ദേശം നല്‍കേണ്ടതും കാലഘട്ടത്തിന്റെ മാത്രമല്ല, മനുഷ്യനായി ജീവിക്കുന്നു എന്നുറപ്പിക്കുന്നതിനും ആവശ്യമാണ്.
ദിവ്യാംഗ ക്ഷേമം, പുനരധിവാസം, ശാക്തീകരണം, ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ഇന്നും പൊതുസമൂഹത്തിനും, ഭരണാധികാരികള്‍ക്കും ദിവ്യാംഗ ദൃഷ്ടിയിലൂടെ ചിന്തിക്കുമ്പോള്‍ പൂര്‍ണമായ വ്യക്തതയും കാഴ്ചപ്പാടുമില്ലാത്ത മേഖലകളാണ്. അതിന് പ്രധാന കാരണം ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന ഏതു വിഷയവും; വീല്‍ചെയര്‍ മുതല്‍ വിദ്യാഭ്യാസം വരെയുള്ളതും, ശ്രവണ സഹായി മുതല്‍ തെറാപ്പി വരെയുള്ളതുമായ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളെല്ലാം ആഴത്തിലും വ്യക്തി കേന്ദ്രീകൃതമായും പഠിക്കേണ്ടതും പരിശീലനം നേടേണ്ടതുമാണ് എന്നുള്ളതാണ്.
വര്‍ത്തമാനകാല ദിവ്യാംഗ സമൂഹം പ്രകാശപൂര്‍ണമായ പ്രതീക്ഷയേകുന്ന നാളെയിലേക്ക് നീങ്ങുന്നുണ്ടെങ്കില്‍ അതിനായി ദിവ്യാംഗ സമൂഹം നടത്തിയ പോരാട്ടങ്ങള്‍ ഐതിഹാസികമാണ്. ഇന്നലെകളിലെ ദിവ്യാംഗ അവകാശ പോരാട്ടത്തിന്റെ ഭൂമികയില്‍ നിരവധി വ്യക്തികളും സംഘടനകളും സഹായമായിരുന്നു എങ്കിലും ഇലപൊഴിയാത്ത തണല്‍മരമായി ഉയര്‍ന്നു നിന്നതെന്നും സക്ഷമയാണ്.
2008 ല്‍ മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ ആസ്ഥാനമാക്കി ഉദയംകൊണ്ട സക്ഷമയുടെ സിരാന്യാസം ഇന്ന് ഭാരതത്തിലുടനീളം വ്യാപിച്ചു. സംഘടനയുടെ ശൈശവ ദശ കഴിയുന്ന വേളയില്‍ തന്നെ ദിവ്യാംഗ മേഖലയില്‍ ശ്രദ്ധേയമായതും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളാണ് സക്ഷമ നടത്തുന്നത്.
സക്ഷമയുടെ പ്രാരംഭ കാലത്തുതന്നെ ലക്ഷ്യമിട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു 1995 ലെ ഭിന്നശേഷി അവകാശ നിയമം ഉടച്ചുവാര്‍ക്കണം എന്നത്. കാലഹരണപ്പെട്ട ഈ നിയമം കേവലം 7 വിഭാഗം ഭിന്നശേഷിക്കാരെ മാത്രം ഉള്‍പ്പെടുത്തിയും, ദിവ്യാംഗരുടെ അവകാശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഉതകുന്നതുമല്ലായിരുന്നു. വര്‍ഷങ്ങളായി ദിവ്യാംഗ സമൂഹത്തില്‍ ഉയര്‍ന്നിരുന്ന നിയമ പരിഷ്‌കരണം എന്ന ആവശ്യം 2014 ലെ ഭരണമാറ്റത്തിന് ശേഷം സക്ഷമ കൂടുതല്‍ ആര്‍ജവത്തോടെ ഭരണാധികാരികളോട് ഉന്നയിച്ചു. തല്‍ഫലമായി 2016 ഡിസംബര്‍ 14 ന് രാജ്യസഭയും, 2016 ഡിസംബര്‍ 16 ന് ലോക്‌സഭയും കടന്ന് ഡിസംബര്‍ 27 ന് രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ ചരിത്രപരമായ നിയമമായി മാറി. 21 വര്‍ഷം പഴക്കമുള്ള വികലാംഗ നിയമം ഭിന്നശേഷി അവകാശ സംരക്ഷണ നിയമമായി. ഏഴ് തരം ഭിന്നശേഷി വിഭാഗങ്ങളെ മാത്രം ഉള്‍ക്കൊണ്ടിരുന്ന നിയമം മൂന്ന് ഇരട്ടി വര്‍ധിപ്പിച്ച് 21 തരം ഭിന്നശേഷി വിഭാഗങ്ങളെയും അംഗീകരിക്കുന്ന നിയമമായി മാറി, ഈ നിയമം ഇന്ന് ഭിന്നശേഷി അവകാശ പോരാട്ടത്തിലെ നട്ടെല്ലായി നിലകൊള്ളുന്നു.
ഭിന്നശേഷി അവകാശ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതോടെ സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതമാകെ കാര്യക്ഷമമായി വ്യാപിച്ചു തുടങ്ങി. സമഗ്രവും വിപുലവുമായ ഭിന്നശേഷി അവകാശ സംരക്ഷണ നിയമം 2016 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓരോ ആശയങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമായി ദിവ്യാഗ സമൂഹത്തെ സജ്ജരാക്കാനും പൊതുസമൂഹത്തിലും ദിവ്യാംഗ സമൂഹത്തിനുമിടയിലുള്ള അകലം കുറച്ച് ഉള്‍ച്ചേര്‍ക്കലിന്റെ സന്ദേശം ഗ്രാമ നഗര വ്യത്യാസമില്ലാതെ എത്തിക്കാനും സക്ഷമക്ക് കഴിഞ്ഞു.
”വൈകല്യം മറക്കാം കൈവല്യം നേടാം”
സക്ഷമ സ്ഥാപിതമായ 2008 ല്‍ തന്നെ കേരളത്തിലും സക്ഷമക്ക് പ്രവര്‍ത്തകരുണ്ടായി. മഹനീയവും ദൈവീകവുമായ പ്രവര്‍ത്തനങ്ങള്‍ സുകൃതമായി കണ്ട് കേരളീയ പൊതുസമൂഹം സക്ഷമയുടെ സന്ദേശത്തെ ഹൃദയത്തില്‍ സ്വീകരിച്ചു. എറണാകുളം ആസ്ഥാനമാക്കി കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച സക്ഷമ ഇന്ന് 14 ജില്ലകളിലും ജില്ലാ സമിതി, താലൂക്ക് സമിതി, പഞ്ചായത്ത് സമിതി എന്നിങ്ങനെ ശക്തമായ അടിത്തറയോടെ ”വൈകല്യം മറക്കാം കൈവല്യം നേടാം” എന്ന സന്ദേശം നല്‍കി വരുന്നു.
സക്ഷമയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധ ചെലുത്തേണ്ട വിഷയങ്ങളും വ്യക്തമായ വീക്ഷണത്തോടെയും അവധാനതയോടെയും തയ്യാറാക്കിയിട്ടുള്ളതാണ്. ഭിന്നശേഷി അവകാശ സംരക്ഷണ നിയമം വിഭാവനം ചെയ്യുന്ന 21 തരം ഭിന്നശേഷി വിഭാഗങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന മറ്റൊരു സംഘടനയും ഭാരതത്തിലില്ല. ഈ തിരിച്ചറിവ് സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ വ്യക്തവുമാണ്. 21 തരം ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രകടവും പ്രകടവുമല്ലാത്തതുമായ ഭിന്നശേഷി വിഭാഗങ്ങളെ 7 പ്രവര്‍ത്തന വിഭാഗങ്ങളായി (പ്രകോഷ്ട്) തിരിച്ചാണ് സക്ഷമയുടെ പ്രവര്‍ത്തനം. കാഴ്ച പരിമിതര്‍, കാഴ്ച സംബന്ധമായ മറ്റു ഏറ്റക്കുറച്ചിലുകളുള്ളവര്‍ എന്നിവരെ സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ദൃഷ്ടി, കേള്‍വി-സംസാര സംബന്ധിയായ വിഷയങ്ങളെയും ആ വിഭാഗത്തിലുള്ള ദിവ്യാംഗ വിഭാഗത്തെയും സമീപിക്കാന്‍ പ്രണവം, ചലനാത്മകതയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ ചരൈവേദി, ബുദ്ധി വികാസത്തെ സംബന്ധിക്കുന്ന ദിവ്യാംഗ മേഖലയെ ശ്രദ്ധിക്കാന്‍ ധീമഹി, മാനസിക വെല്ലുവിളി സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ ചേതന, രക്തസംബന്ധമായ വിഷയങ്ങളില്‍ ഉള്‍പ്പെടുന്ന ദിവ്യാംഗരെ സമീപിക്കാന്‍ പ്രാണത, കുഷ്ഠരോഗ സംബന്ധിയായി വന്നുഭവിക്കുന്ന ദിവ്യാംഗതയെ സമീപിക്കാന്‍ സവിത എന്നിങ്ങനെയായി സക്ഷമ പ്രാവര്‍ത്തികവും ലക്ഷ്യ കേന്ദ്രീകൃതവുമായ ഏഴ് പ്രവര്‍ത്തന വിഭാഗങ്ങളെ തരംതരിച്ചു. ഇതില്‍ 21 തരം ഭിന്നശേഷി വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് അതിനായി അതത് മേഖലകളില്‍ പ്രാവീണ്യവും പരിശീലനവും നേടിയ കാര്യകര്‍ത്താക്കളെ കണ്ടെത്തി ചുമതല ഏല്‍പ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് സക്ഷമയുടെ പ്രവര്‍ത്തന രീതി.
ഈ ആശയം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാനായി സക്ഷമ 7 ശ്രേണികളില്‍ (ആയാംമണ്ഡല്‍) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മഹിള, യുവ, കല, കായികം, തൊഴില്‍, കോടതി വ്യവഹാരം എന്നീ മേഖലകളില്‍ 21 തരം ദിവ്യാംഗരെയും ഉള്‍പ്പെടുത്തി അവരുടെ അന്തര്‍ലീനമായ കഴിവുകളെ മികവുകളാക്കി മാറ്റുന്നു. രാഷ്‌ട്ര നിര്‍മാണ പ്രക്രിയയില്‍ അഭിമാനകരമായ നേട്ടങ്ങളിലൂടെ അനുകരണീയമായ മാതൃകാ വ്യക്തിത്വങ്ങള്‍ ദിവ്യാംഗ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരണമെന്നാണ് സക്ഷമ 7 ശ്രേണികളിലും ലക്ഷ്യം വയ്‌ക്കുന്നത്.
സക്ഷമയുടെ ഓരോ സമിതികളും ദിവ്യാംഗ ക്ഷേമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ടാകണം എന്ന ദൃഢനിശ്ചയമുള്ളതിനാല്‍ സക്ഷമയുടെ ഓരോ സമിതിയിലും 40% ദിവ്യാംഗര്‍ ഉണ്ടാകണം എന്ന കര്‍ശന നിയമം പാലിച്ചാണ് സമിതികള്‍ രൂപീകരിക്കുന്നത്.
സക്ഷമയുടെ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യമായി ഓരോ ജില്ലകളിലും ഭിന്നശേഷി മേഖലയുടെ സമഗ്രമായ പുരോഗതിക്കായി നിരവധി സ്ഥാപനങ്ങള്‍ സക്ഷമയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കണ്ണൂര്‍ ജില്ലയിലെ സ്വാസ്ഥ്യ തെറാപ്പി സെന്റര്‍ സാമ്പത്തികമായി പിന്നാക്കമുള്ള ദിവ്യാംഗ സമൂഹത്തിനാവശ്യമായ ഗുണമേന്മയുള്ളതും സാമ്പത്തിക ഭാരമില്ലാത്തതുമായ തെറാപ്പി സൗകര്യങ്ങള്‍ നല്‍കി വരുന്നു. കോഴിക്കോട് പന്തീരാംകാവില്‍ സ്ഥിതിചെയ്യുന്ന സമദൃഷ്ടി നൈപുണ്യ വികസന കേന്ദ്രം ജില്ലയിലെ ദിവ്യാംഗരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അത് വികസിപ്പിക്കുകയും വരുമാന മാര്‍ഗം പ്രാപ്തമാക്കുന്ന ഉത്പന്ന നിര്‍മാണത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ ധീമഹി തെറാപ്പി സെന്റര്‍ സക്ഷമയുടെ അഭിമാന സ്തംഭമായ മറ്റൊരു സ്ഥാപനമാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമായ നിരവധി തെറാപ്പി, കൗണ്‍സലിങ് സൗകര്യങ്ങള്‍ ധീമഹിയിലെ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്കായി സേവന സജ്ജമായി നിലകൊള്ളുന്നു.
കണ്ണൂരെ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, എറണാകുളം ആലുവയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സക്ഷമയുടെ സംസ്ഥാന കാര്യാലയം എന്നിവയെല്ലാം വരുംഭാവിയില്‍ സക്ഷമയുടെ നാഴികക്കല്ലുകളായി മാറുന്ന പദ്ധതികളാണ്.
ആശ്രയമായി ദിവ്യാംഗ സേവാ കേന്ദ്രം
ഭാരതത്തിലുടനീളം സക്ഷമ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പദ്ധതിയാണ് ദിവ്യാംഗ സേവാ കേന്ദ്രം. ദിവ്യാംഗ സമൂഹത്തിന് ഏതൊരാവശ്യത്തിനും സമീപിക്കാവുന്നതും നിരവധിയായ സക്ഷമയുടെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതുമായ ദിവ്യാംഗ സേവാ കേന്ദ്രം ഓരോ ജില്ലകളിലും ഭാവിയില്‍ പഞ്ചായത്ത് തലത്തിലും വ്യാപിപ്പിക്കണമെന്ന് സക്ഷമ ലക്ഷ്യം വയ്‌ക്കുന്നു. ദിവ്യാംഗനായ ഒരു വ്യക്തിക്ക് ആവശ്യമായ നിയമ സഹായം, സാങ്കേതിക സഹായം, ബോധവത്കരണം, വിവിധ മേഖലകളിലെ ഇടപെടലുകള്‍, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഏകോപനം തുടങ്ങി ഭിന്നശേഷി സമൂഹത്തിന്റെ ദിശാസൂചികയായി മാറുന്ന ദിവ്യാംഗ ക്ഷേമത്തിലധിഷ്ഠിതമായ സേവന കേന്ദ്രമാണ് ദിവ്യാംഗ സേവാ കേന്ദ്രം. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ദിവ്യാംഗ സേവാ കേന്ദ്രം സജ്ജമാണ്. സമീപ ഭാവിയില്‍ 14 ജില്ലകളിലും ദിവ്യാംഗ സേവാ കേന്ദ്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സക്ഷമ അഹോരാത്രം പ്രയത്‌നിക്കുന്നു.
ഹ്രസ്വ, ദീര്‍ഘകാല പുനരധിവാസ പ്രവര്‍ത്തനങ്ങളും അതത് പ്രദേശങ്ങളില്‍ ഉണ്ടായിവരുന്ന സമസ്യകളെ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങളും സക്ഷമ നടത്തിവരുന്നു. ”പഴശ്ശി വിഷന്‍” എന്ന പേരില്‍ വയനാട് ജില്ലയിലെ വനവാസി മേഖലകളില്‍ സക്ഷമ നടത്തിയ നേത്ര പരിശോധനാ ചികിത്സാ ക്യാമ്പ് ഒട്ടനവധി ജനങ്ങള്‍ക്ക് കാഴ്ചയുടെ പ്രകാശം നല്‍കി. സംസ്ഥാനത്തുടനീളം ”സുഗമ യാത്ര സുസജ്ജ യാത്ര” എന്ന പേരില്‍ നിയോ ബോള്‍ട്ട് എന്ന അത്യാധുനിക ഇലക്ട്രിക്ക് വീല്‍ചെയര്‍ നല്‍കാന്‍ സക്ഷമക്ക് കഴിഞ്ഞു.
നേത്രദാന പദ്ധതി സക്ഷമയുടെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങളുടെ വെന്നിക്കൊടിയാണ്. പകരുന്ന കാഴ്ച , പടരുന്ന നന്മ എന്ന സന്ദേശത്തിലൂന്നി ഓരോ വര്‍ഷവും വിപുലമായ പരിപാടികളോടെ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലയിലെ സക്ഷമ ജില്ലാ സമിതിയുടെ പ്രവര്‍ത്തന ഫലമായി 100 വ്യക്തികള്‍ക്കാണ് കാഴ്ച ലഭ്യമായത്, ‘മിഴിനൂറ്’ എന്ന പേരില്‍ സക്ഷമ ഔപചാരികമായി അതിന്റെ പ്രഖ്യാപനവും നടത്തി.
ഭവനരഹിതരായ ദിവ്യാംഗ സഹോദരങ്ങള്‍ക്ക് വാസഗൃഹം നല്‍കുക, കാലപ്പഴക്കത്തിലും പ്രകൃതി ദുരന്തത്താലും കേടുപാടുകള്‍ സംഭവിച്ച ദിവ്യാംഗരുടെ ഭവനങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തുക, ആവശ്യമായ പഠനോപകരണങ്ങള്‍, സഹായക ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ലഭ്യമാക്കുന്നത് സക്ഷമയുടെ ജില്ലാ സമിതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളാണ്.
ക്ഷേമ പെന്‍ഷന്‍ ആശ്രയിച്ചു കഴിയുന്ന നിരവധി ഭിന്നശേഷിക്കാരുള്ള സംസ്ഥാനത്ത് പലപ്പോഴായി ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും, പൂര്‍ണമായും ലഭ്യമാകാത്ത ക്ഷേമ പെന്‍ഷനും കാരണം ജീവിതം വഴിമുട്ടിയ താഴെക്കിടയിലുള്ള ദിവ്യാംഗ സഹോദരങ്ങള്‍ക്കായി സക്ഷമ സമാന്തര ക്ഷേമ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിവരുന്നു.
സാമ്പത്തികവും കായികവും ബൗദ്ധികവുമായ സേവന സന്നദ്ധരായ സമൂഹത്തിന്റെ സഹായമാണ് ഇതിനെല്ലാം സക്ഷമയുടെ ഇന്ധനം. സാമ്പത്തിക ശേഖരണത്തിന് സംഭാവനകള്‍ക്കും സാമൂഹിക ഉത്തരവാദിത്വ ഫണ്ടിനും പുറമെ ദിവ്യാംഗ മിത്രം എന്ന പദ്ധതിയെയാണ് സക്ഷമ ആശ്രയിക്കുന്നത്. ഓരോ വര്‍ഷവും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നടന്നുവരുന്ന ദിവ്യാംഗ മിത്രം പദ്ധതിയില്‍ ഓരോ സക്ഷമ പ്രവര്‍ത്തകരും കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്തും, പൊതുസമൂഹവുമായി ചര്‍ച്ച നടത്തിയും സക്ഷമയുടെ സന്ദേശവാഹകരാകുന്നു. ഈ കൂടിക്കാഴ്ചയില്‍ സക്ഷമയുടെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സക്ഷമയുടെ ഭാഗമാകാം. ഒരു വര്‍ഷം 500 രൂപയാണ് ദിവ്യാംഗ മിത്രം ആകുന്നതിനായി സക്ഷമ സ്വീകരിക്കുന്നത്. ഈ തുകയുപയോഗിച്ചാണ് സക്ഷമ വിഭാവനം ചെയ്യുന്ന ഓരോ പദ്ധതികളും നടത്തിവരുന്നത്.
”ന ത്വഹം കാമയേ രാജ്യം ന സ്വര്‍ഗം നാപുനര്‍ഭവം കാമയേ ദുഃഖതപ്താനാം പ്രാണിനാം ആര്‍ത്തിനാശനം” എന്ന മന്ത്രം േപ്രരണയാക്കി ഭാരതത്തിലെ കോടാനുകോടി ദിവ്യാംഗരുടെ ശോഭന ഭാവിയെ ജീവിത വ്രതമാക്കി പ്രവര്‍ത്തിക്കുന്ന സക്ഷമ മാനവ സേവയുടെ മഹനീയ മാതൃകയാവുകയാണ്; നന്മയുടെ ഉറവ വറ്റാത്ത മനസ്സുകളിലേക്ക് ദിവ്യാംഗ ക്ഷേമ രാഷ്‌ട്രത്തിന്റെ സന്ദേശമെത്തിച്ച് പ്രതിഫലേച്ഛയില്ലാത്ത പ്രയാണം സക്ഷമ തുടരുന്നു….
തുല്യതയുടെ, ദിവ്യാംഗ സൗഹൃദത്തിന്റെ, സമദൃഷ്ടിയുടെ, പരം വൈഭവത്തിന്റെ നാളെയിലേക്ക്.
Discussion about this post