ഭാരതീയ ജനസംഘം സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ജമ്മു കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയുടെ തടങ്കലില്‍ കൊല ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് 67 വര്‍ഷം തികയുകയാണ്. അദ്ദേഹം ഹൃദയസംബന്ധമായ രോഗം മൂലമാണ് മരണപ്പെട്ടതെന്ന് ഷെയ്ഖ് അബ്ദുള്ളയും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവും പുറംലോകത്തെ അറിയിച്ചെങ്കിലും ആസൂത്രിത കൊലപാതകമാണെന്ന രാജ്യത്തിന്റെ നിരീക്ഷം തെറ്റാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ജമ്മു കശ്മീര്‍ ഭരണാധികാരിയായിരിക്കെ ഷെയ്ഖ് അബ്ദുള്ള മൃഗീയ വാശിയാണ് നടത്തിയിരുന്നത്. ജമ്മു കശ്മീരില്‍ ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്തുന്നതുപോലും രാജ്യദ്രോഹമായിട്ടാണ് കണക്കാക്കിയിരുന്നത്. ജനങ്ങളെയും ജനനേതാക്കളെയും ജയിലലയയ്ക്കുകയും മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നത് നിത്യസംഭവമായിത്തന്നെ മാറി. അതിനെ ചോദ്യം ചെയ്യാനുള്ള അധികാരമോ ധൈര്യമോ അന്നത്തെ ഭാരത സര്‍ക്കാരിന് ഉണ്ടായിരുന്നില്ല.
കശ്മീരിനെ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി ഭാരതത്തില്‍ നിന്നും അകറ്റി മാറ്റുന്നതിനായി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരുന്ന ഭരണകാലമായിരുന്നു അന്ന്.
1901 ജൂലൈ ആറിന് അശുതോഷ് മുഖര്‍ജിയുടെയും യോഗമായ ദേവിയുടെയും മകനായി ജനിച്ച ശ്യാമപ്രസാദ് മുഖര്‍ജി വിദ്യാഭ്യാസ രംഗത്തും സാമൂഹ്യരംഗത്തും വിപ്ലവകരമായ പരിവര്‍ത്തനം നടത്തിയ നേതാവായിരുന്നു. കൊല്‍ക്കൊത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കൊല്‍ക്കൊത്ത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അശുതോഷ് മുഖര്‍ജി. അന്നത്തെ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പ്രതികരിക്കാന്‍ അശുതോഷ് മുഖര്‍ജി ശ്രമിച്ചിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സമ്പ്രദായങ്ങളുടെയും അനുകര്‍ത്താക്കളായി സ്വദേശത്തിന്റെയും സ്വന്തം പാരമ്പര്യങ്ങളുടെയും നേരെ നിന്ദാപൂര്‍വമായ സമീപനം സ്വീകരിക്കാന്‍ ബുദ്ധിശാലികളെന്നവകാശപ്പെടുന്ന ചിലരെങ്കിലും പെരുമാറുമ്പോള്‍ അതിനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയതിന്റെ സ്വാധീനം ചെറുപ്പം മുതല്‍ത്തന്നെ ശ്യാമപ്രസാദ് മുഖര്‍ജിയിലും ഉണ്ടായി.
കൊല്‍ക്കൊത്തയിലെ മിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായശേഷം 20ാം വയസില്‍ പ്രസിഡന്‍സി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബിഎ പാസായി. രണ്ടുവര്‍ഷം കഴിഞ്ഞ് കൊല്‍ക്കൊത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ എംഎ ബിരുദം നേടി. അതേ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിഎല്‍ ബിരുദവും സമ്പാദിച്ചു. പിന്നീട് ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്കു പോയി. 1927ല്‍ ബാരിസ്റ്ററായി. 1933ല്‍ കൊല്‍ക്കൊത്ത സര്‍വകലാശാല ഡി ലിറ്റും ബനാറസ് സര്‍വകലാശാല എല്‍എല്‍ഡി ബിരുദവും നല്‍കി അനുമോദിച്ചു.
ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനും ബുദ്ധിശാലിയും ദേശഭക്തനുമായ രാഷ്ട്രീയ നേതാവായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, 33ാം വയസില്‍ കൊല്‍ക്കൊത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ മുഖര്‍ജി, ബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ മത്സരിച്ചതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് നെഹ്റു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി നിയോഗിക്കപ്പെട്ടു. ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാനന്ത്രിയുടെ കള്ളക്കളിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് പുറത്തിറങ്ങി. തുടര്‍ന്നാണ് 1951 ഒക്ടോബര്‍ 21ന് ഭാരതീയ ജനസംഘത്തിന് രൂപം നല്‍കിയത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പില്‍ ജനസംഘത്തിന് ഒരു വയസ് പോലും തികയും മുമ്പ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിച്ചു. അതിനുശേഷമാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്നും തന്റെ രാജിക്ക് കാരണമായ 370ാം വകുപ്പിനെതിരായുള്ള പ്രക്ഷോഭം ആരംഭിക്കുന്നത്. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടമാണെന്ന് പാര്‍ലമെന്റിനകത്തും പുറത്തും പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴും അവിടെ വേറിട്ട ഭരണമായിരുന്നു. ആ സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് പകരം പ്രധാനമന്ത്രി! പ്രത്യേക പതാക, പ്രത്യേക ഭരണഘടന. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് 1953 ജൂണ്‍ 11നാണ് തുടക്കം കുറിച്ചത്. ജമ്മു പ്രജാപരിഷത് എന്ന് പ്രാദേശിക പാര്‍ട്ടി മുഖര്‍ജിയുടെ സമരത്തിന് ഒപ്പം ചേര്‍ന്നു. ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ പ്രവേശിക്കാന്‍ അന്ന് പാസ് ആവശ്യമായിരുന്നു. പാസില്ലാതെ സമരം നയിച്ച് മുന്നേറിയ മുഖര്‍ജിയേയും രണ്ട് സഹപ്രവര്‍ത്തകരേയും ഷെയ്ഖ് അബ്ദുള്ളയുടെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.
ആദ്യം ശ്രീനഗറിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ നഗരത്തിന് പുറത്തുള്ള ഒരു കളപ്പുരയിലേയ്ക്കു മാറ്റി. ജൂണ്‍ 19നും 20നും ഇടയ്ക്കുള്ള ദിവസം രാത്രിയില്‍ മുഖര്‍ജിയുടെ ആരോഗ്യം ക്ഷയിച്ചു. നടുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന്റെ ശരീര താപനില ഉയരുകയും ചെയ്തു. 1937ലും 1944ലും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്ന ശ്വാസകോശാവരണ വരള്‍ച്ചയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് പുറം ലോകത്തെ അറിയിച്ചത്. ഡോക്ടര്‍ അലി മുഹമ്മദ് അദ്ദേഹത്തിന് സ്ട്രെപ്റ്റോമൈസിന്‍ കുത്തിവയ്പ്പും പൊടിമരുന്നുകളും നിര്‍ദേശിച്ചുവെങ്കിലും സ്ട്രെപ്‌റ്റോമൈസിന്‍ തന്റെ ശരീരവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന് കുടുംബ വൈദ്യന്‍ പറഞ്ഞതായി മുഖര്‍ജി ഡോ. അലിമുഹമ്മദിനെ അറിയിച്ചു. അതേസമയം, മരുന്നിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും പറയപ്പെടുന്നു. ജൂണ്‍ 22ന്, അദ്ദേഹത്തിന് ഹൃദയവേദന അനുഭവപ്പെട്ടു, വിയര്‍ക്കാന്‍ തുടങ്ങുകയും തളര്‍ന്നുപോകുന്നതായി അനുഭവപ്പെടുകയും ചെയ്തു. പിന്നീട് ഒരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഹൃദയാഘാതം കണ്ടെത്തി. പിറ്റേന്ന് മരണമടഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂണ്‍ 23ന് പുലര്‍ച്ചെ 3:40ന് അദ്ദേഹം മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ കസ്റ്റഡിയിലെ ആദ്യ ബലിദാനിയായി ഡോ. മുഖര്‍ജി മാറുകയായിരുന്നു.
അദ്ദേഹത്തിന്റെ കസ്റ്റഡി മരണം രാജ്യത്തുടനീളം വലിയ സംശയം ജനിപ്പിച്ചു. അദ്ദേഹത്തിന്റെ മാതാവ് യോഗമായ ദേവി നെഹ്‌റുവിനോട് മരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. വസ്തുതകളെക്കുറിച്ച് രഹസ്യസ്വഭാവമുള്ള നിരവധി ആളുകളോട് താന്‍ അന്വേഷിച്ചതായും മുഖര്‍ജിയുടെ മരണത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യോഗമായ ദേവി നെഹ്‌റുവിന്റെ ഈ മറുപടി നിരാകരിക്കുകയും നിഷ്പക്ഷവും സമഗ്രവുമായ ഒരു അന്വേഷണം അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ കത്ത് അവഗണിച്ച നെഹ്‌റു അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ല. അതിനാല്‍ മുഖര്‍ജിയുടെ മരണം ഇപ്പോഴം സംശയമുയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ജമ്മു കശ്മീരില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തത് നെഹ്‌റു ഉള്‍പ്പെട്ട ഒരു ഗൂഢാലോചനയായിരുന്നുവെന്ന് 2004ല്‍ അടല്‍ ബിഹാരി വാജ്‌പേയി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370നെ ദേശീയ ഐക്യത്തിന് ഒരു ഭീഷണിയായി കണക്കാക്കിയ ശ്യാമപ്രസാദ് മുഖര്‍ജി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ത്തിരുന്നു. ഭാരതീയ ജനസംഘത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക എന്നത്. 1952 ജൂണ്‍ 26ന് ലോക്‌സഭ പ്രസംഗത്തില്‍ അദ്ദേഹം ഈ വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തി. ആര്‍ട്ടിക്കിള്‍ 370ന് കീഴിലുള്ള ക്രമീകരണങ്ങളെ ഷെയ്ഖ് അബ്ദുള്ളയുടെ ത്രിരാഷ്ട്ര സിദ്ധാന്തം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഒരു പ്രധാനമന്ത്രി പദവിയ്ക്കൊപ്പം സംസ്ഥാനത്തിന് സ്വന്തം പതാക അനുവദിക്കപ്പെടുകയും സംസ്ഥാനത്ത് പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്നു വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു. ഷെയ്ഖ് അബ്ദുള്ളയ്ക്ക് ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്തത് നെഹ്റുവാണ്. ഇതിനെ എതിര്‍ത്തുകൊണ്ട് മുഖര്‍ജി ഒരിക്കല്‍ പറഞ്ഞു, ‘ഏക് ദേശ് മേന്‍ ദോ വിധാന്‍, ദോ പ്രധാന്‍ ഔര്‍ ദോ നിഷാന്‍ നഹി ചലേംഗേ’ (ഒരു രാജ്യത്തിന് രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ദേശീയ ചിഹ്നങ്ങളും ഉണ്ടാകരുത്).
മുഖര്‍ജിയുടെ സഹപ്രവര്‍ത്തകന്‍ അടല്‍ജി ജനസംഘത്തിന്റെ പിന്‍തുടര്‍ച്ചയായ ബിജെപിയുടെ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രിയായി. തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ മുഖര്‍ജിയുടെ മുദ്രാവാക്യം സഫലമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നരേന്ദ്രമോദി നയിക്കുന്ന രണ്ടാം സര്‍ക്കാര്‍ നല്ല ഭൂരിപക്ഷത്തോടെ അധികാരമേറ്റ് മൂന്ന് മാസം തികയും മുമ്പ് തന്നെ മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തിന് അര്‍ഥമുണ്ടാകുംവിധം 370ാം വകുപ്പ് റദ്ദാക്കി കശ്മീര്‍ പുനഃസംഘടന ബില്‍ അമിത് ഷാ അവതരിപ്പിച്ചു ബിഎസ്പി, ബിജെഡി, ആം ആദ്മി, ടിഡിപി പിന്തുണച്ചു. കോണ്‍ഗ്രസില്‍ ഒരു വിഭാഗവും പിന്തുണച്ചു. ഭരണഘടന കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍ ഉള്ളിലിരുപ്പ് വ്യക്തമാക്കി. ഭരണഘടനയിലെ പ്രത്യേക വകുപ്പായ 35 എയും ഇല്ലാതായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച റദ്ദാക്കല്‍ പ്രമേയം പാര്‍ലമെന്റ് പാസാക്കിയതോടെ വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. കശ്മീരിന് സ്വന്തം പതാകയും ഭരണഘടനയുമില്ല. അത്യന്താപേക്ഷിതമായ തീരുമാനം രാജ്യസ്നേഹികള്‍ക്കാകമാനം അത്യാഹ്ലാദമാണ് നല്‍കിയത്.
Discussion about this post