കൊച്ചി: കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിലെ ലോക്ക് ഡൗണ്‍ ലംഘനത്തിന് ആളെക്കൂട്ടുന്നത് ഇതര സംസ്ഥാന തൊഴിലാളികളും അവര്‍ക്കു പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ചില ആളുകളുമാണ്. പായിപ്പാട്ടും പെരുമ്പാവൂരും പിന്നെ പട്ടാമ്പിയിലുമാണ് ഈ ഒത്തുകൂടല്‍ നടന്നത്. പായിപ്പാട്ടെ ഒത്തുകൂടലിന് പിന്നില്‍ ബാഹ്യഇടപെടലുണ്ടെന്ന് പോലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നിലമ്പൂരില്‍ ബംഗാളിലേക്ക് സ്‌പെഷല്‍ ട്രെയിനുണ്ടെന്നു പറഞ്ഞ് ആളുകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സുരക്ഷിതരല്ല കേരളത്തില്‍ എന്നുവരുത്തിത്തീര്‍ക്കാനുള്ള ചിലരുടെ സ്ഥാപിത താത്പര്യം ഇതിനു പിന്നിലുണ്ടെന്ന് പറയാതെ വയ്യ. കേരളം ഇസ്ലാമിക തീവ്രവാദികളുടെ ഒളിത്താവളമാണെന്ന് ദേശീയ ഏജന്‍സികള്‍ നിരന്തരം കേരള സര്‍ക്കാരിനെ വിവരമറിയിക്കുകയും ചെയ്യുന്നുണ്ട്. ബംഗാളികളുടെ മറവില്‍ ബംഗ്ലാദേശില്‍ നിന്ന് ക്രിമിനലുകള്‍ കേരളത്തിലെത്തുന്നത് കേരള പോലീസും ചില കേസുകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുള്ള കേരളത്തില്‍ ബംഗ്ലാദേശികളെയും രോഹിങ്ക്യകളെയും കണ്ടുപിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യം കേരളം ഭരിക്കുന്നവര്‍ ചെവിക്കൊള്ളുന്നില്ല. ചില ബംഗ്ലാദേശി ഇസ്ലാം ഭീകരരെ പലപ്പോഴായി കേരളത്തില്‍ നിന്ന് പിടികൂടിയിട്ടും ഇവരുടെ കാര്യത്തില്‍ കേരള പോലീസിന്റെ ഭാഗത്തുനിന്നുള്ള ശ്രദ്ധ വേണ്ടവിധത്തില്‍ പതിയാന്‍ കാരണമായിട്ടില്ല. കളിയക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐയെ വധിച്ച ഭീകരര്‍ക്ക് ഒളിക്കാനിടവും രക്ഷപ്പെടാന്‍ അവസരവും ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് കേരള- തമിഴ്‌നാട് പോലീസ് സംയുക്ത സംഘം കണ്ടെത്തിയതാണ്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിലും അഫ്ഗാനിസ്ഥാനില്‍ നടന്ന ഗുരുദ്വാര ആക്രമണത്തിലും കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളുടെ പങ്ക് പകല്‍പോലെ വ്യക്തവുമാണ്. സിഎഎ വിരുദ്ധ കലാപത്തിനായി രാജ്യം മുഴുവന്‍ ഫണ്ട് വിതരണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നിന്ന് ഇതിനായി പിരിച്ചെടുത്തത് കോടികളാണെന്ന് തെളിവുസഹിതം എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ടതാണ്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്കു ലഭിക്കേണ്ട നാല് വോട്ടിനുവേണ്ടി കുറച്ചെങ്കിലും പരിഗണിക്കാന്‍ കേരളം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ തയാറായിട്ടില്ല. ഇത്തരത്തില്‍ നിരവധി തെളിവുകള്‍ മുന്നിലുണ്ടായിട്ടും കേരള സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ കേരളത്തിലെത്തിച്ചേരുന്ന കൊടുംക്രിമിനലുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. അതിന്റെ കൂടി പ്രത്യാഘാതമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ ലംഘനത്തിനായി ഇതര സംസ്ഥാനക്കാര്‍ മുന്നിട്ടിറങ്ങിയതിനു കാരണം.
പായിപ്പാട്ടെ സംഘാടനത്തിന് മുന്നില്‍ നിന്നത് മുഹമ്മദ് റിഞ്ചുവെന്ന ബംഗാളി തൊഴിലാളിയാണ്. ഇയാള്‍ ബംഗാളിയാണോ ബംഗ്ലാദേശിയാണോ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ പോലീസ് കണ്ടെത്തി. ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ കേരളത്തില്‍ ജോലി തേടിയെത്തിയിട്ടുള്ളവരുടെ പ്രത്യേക വാട്ട്‌സാപ്പ് ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെയാവണം വ്യാജ സ്‌ന്ദേശങ്ങളയച്ച് തൊഴിലാളികളെ കൂട്ടിയതെന്നാണ് പോലീസ് കരുതുന്നത്. ഇതിനായി വിവധ ഭാഷ കൈകാര്യം ചെയ്യുന്നവരുടെ നേതൃത്വത്തില്‍ വിശദമായി ഫോണ്‍ പരിശോധിക്കുകയാണ്. കൂടാതെ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും തീവ്ര സ്വഭാവമുള്ള ഒരു സംഘടനയുടെ വിവരം ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പായിപ്പാട്ടെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തേക്ക് മീഡിയ വണ്‍ ചാനല്‍ സംഘം എത്തി ഇവരുടെ പ്രതികരണം എടുത്തതായി നാട്ടുകാര്‍ പറയുന്നു.
മീഡിയ വണ്‍ ചാനല്‍ സംഘം എത്തിയതിനുശേഷമായിരുന്നു തൊഴിലാളികള്‍ സംഘടിച്ച് റോഡ് ഉപരോധിക്കാന്‍ തുടങ്ങിയത്. കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഉപരോധത്തിനെത്തിയത് എന്ന് സംഭവസ്ഥലത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കാര്യം സിപിഎം ഏരിയ കമ്മിറ്റി അംഗം തന്നെ വെളിപ്പെടുത്തിയിട്ടും ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ ഒരക്ഷരം ഉരിയാടാന്‍ തയാറായിട്ടില്ല. കേരളത്തിന് പുറത്ത് ഒരു ചെറിയ സംഭവം ഉണ്ടായാല്‍ അതിനെ പര്‍വതീകരിക്കുന്ന മുഖ്യമന്ത്രി ലോക്ക് ഡൗണ്‍ ലംഘനത്തിനു പിന്നില്‍ മീഡിയ വണ്‍ ചാനലാണെന്നറിഞ്ഞിട്ടും ഒന്നും പറയാത്തത് സിപിഎമ്മും ജിഹാദികളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരിക്കുന്നതിനാണെന്ന് ആരോപണമുണ്ട്. പട്ടാമ്പിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചത് സിഐടിയു നേതാവായ സക്കീര്‍ ഹുസൈനാണ്. ഭരണകക്ഷിയുടെ നേതാവായതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ പോലീസ് മടികാണിച്ചിട്ടുണ്ട്, പക്ഷേ കേസെടുത്തു.
നിലമ്പൂരില്‍ സംഘാടനത്തിന് മുന്നില്‍ നിന്നത് രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂരില്‍ ഇവരെ സംഘടിപ്പിച്ചതാരെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. കേരളത്തിലങ്ങോളമിങ്ങോളം ദേശവിരുദ്ധത മുന്നില്‍ നിര്‍ത്തി സംഘാടനം നടത്തി പരിചയമുള്ളവര്‍ തന്നെയാവണം ഇതിനു പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സിപിഎം നേതൃത്വത്തില്‍ ജിഹാദികളും അര്‍ബന്‍ നക്‌സലുകളും പിടിമുറക്കുന്നുവെന്ന് പല സിപിഎം നേതാക്കളും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സിഎഎ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി മുസ്ലീം വോട്ടുകള്‍ കൂടി തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ ദേശവിരുദ്ധപരമായ കാര്യങ്ങള്‍ ചെയ്യുന്നതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
Discussion about this post