പരമ്പരാഗത വസ്ത്രമായ സാരിയോട് ഏറെ പ്രിയമുള്ളവരുണ്ട്. കാണാൻ ഭംഗിയാണെങ്കിലും പലർക്കും സാരിയുടുത്തുള്ള നടപ്പും മറ്റും അത്ര സുഖകരമായിരിക്കില്ല. എന്നാൽ സാരിയുടുത്ത് ഒരു മാരത്തണിൽ പങ്കെടുത്ത യുവതിയുടെ വാർത്തയാണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്. യു.കെ.യിൽ നടന്ന മാരത്തണിലാണ് ഒഡീഷ സ്വദേശിയായ മധുസ്മിത ജെന സാരിയുടുത്ത് ഓടിയത്.
ഞായറാഴ്ചയാണ് മാഞ്ചസ്റ്ററിൽ നടന്ന മാരത്തണിൽ ഒഡീഷയുടെ തനതു വസ്ത്രമായ സംബൽപുരി കൈത്തറി സാരിയുടുത്ത് നാൽപത്തിയൊന്നുകാരിയായ മധുസ്മിത ഓടിയത്. നാലുമണിക്കൂറും അമ്പതു മിനിറ്റുമെടുത്താണ് മധുസ്മിത മാരത്തൺ പൂർത്തിയാക്കിയത്.
മാഞ്ചസ്റ്ററിൽ ജീവിക്കുന്ന ഒഡീഷക്കാരിയായ യുവതി യു.കെ.യിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മാരത്തണിൽ സാംബൽപുരി സാരിയുടുത്ത് പങ്കെടുത്തു എന്ന ക്യാപ്ഷനോടെയാണ് മധുസ്മിതയുടെ ചിത്രങ്ങൾ ട്വിറ്ററിൽ നിറഞ്ഞത്. ചുവന്ന നിറത്തിലുള്ള കൈത്തറി സാരിയും ഓറഞ്ച് സ്നീക്കേഴ്സും ധരിച്ചാണ് മധുസ്മിത മാരത്തണിൽ പങ്കെടുത്തത്.
ഇന്ത്യൻ പൈതൃകത്തെ ചേർത്തുപിടിക്കുന്ന മധുസ്മിത എന്ന ക്യാപ്ഷനോടെ മാരത്തണിൽ നിന്നുള്ള വീഡിയോകളും വൈറലാകുന്നുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മധുസ്മിതയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
ആഗോളതലത്തിൽ തന്നെ നിരവധി മാരത്തണുകളിൽ പങ്കെടുത്തിട്ടുള്ളയാളാണ് മധുസ്മിത. സാംബൽപുരി സാരിയുടുത്ത് മാരത്തണിൽ പങ്കെടുത്തതിലൂടെ ഒഡീഷയുടെ സമ്പന്നമായ പൈതൃകത്തെയാണ് മധുസ്മിത ഉയർത്തിപ്പിടിക്കുന്നത് എന്നാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്തത്.
42 കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കുക എന്നതുതന്നെ ശ്രമകരമാണെന്നിരിക്കെ സാരിയിൽ അതിന് പങ്കെടുത്ത മധുസ്മിതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പറയുന്നവരുമുണ്ട്.
Discussion about this post