പത്തനംതിട്ട: കേരളത്തിന്റെ വികസനത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന സ്ഥിരം പരാതി കേരളം വര്‍ഷങ്ങളായി വിവിധ സര്‍ക്കാരുകളില്‍ നിന്ന് കേള്‍ക്കുന്നതാണ്. എന്നാല്‍ കേന്ദ്രം ലഭ്യമാക്കുന്ന ഫണ്ടുകള്‍ സ്വീകരിക്കാതെ സംസ്ഥാനം ലാപ്‌സാക്കി കളയുന്നത് കോടികളാണ്. ദേശീയ നദി സംരക്ഷണ പദ്ധതയില്‍പ്പെടുത്തി 2002ല്‍ കേന്ദ്രം പമ്പാനദിയുടെ പൂര്‍ണ സംരക്ഷണത്തിനും ശുചീകരണത്തിനും 3000 കോടി അനുവദിച്ചിരുന്നു. ഇതിനായി രൂപം നല്‍കിയതാണ് പമ്പ ആക്ഷന്‍ പ്വാന്‍. പമ്പ ആക്ഷന്‍ പ്ലാനിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. കേന്ദ്രസഹായം തടസപ്പെട്ടതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നിലച്ചു. 70 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും പദ്ധതിക്കായി ചിലവഴിക്കുമെന്നായിരുന്നു പമ്പ ആക്ഷന്‍ പ്ലാനിന്റെ പ്രത്യേകത. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മൂവായിരം കോടി രൂപ നല്‍കിയിട്ടും പമ്പയുടെ ശുചീകരണത്തിന് പദ്ധതിയില്ല. 2002ലെ പമ്പ ആക്ഷന്‍ പ്ലാന്‍ ഫണ്ട് നഷ്ടപ്പെടുത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞതാണ്. പക്ഷെ കൃത്യനിര്‍വഹണം നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ 3000 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചിരുന്നു. പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയും അനുവദിച്ചു. കൊല്ലം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് ചുമതലയും നല്‍കി. എന്നാല്‍ ഒരുവര്‍ഷമായിട്ടും രൂപരേഖ തയ്യാറായിട്ടില്ല. മുമ്പ് പമ്പ ആക്ഷന്‍ പ്ലാനിനായി 2002ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ 380 കോടി രൂപയുടെ പദ്ധതി രൂപരേഖ സമര്‍പ്പിച്ചിരുന്നു എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കിലും കാര്യമായി ഒന്നുംചെയ്യാതെ കേരളം പണം നഷ്ടപ്പെടുത്തി. അന്ന് 18.45 കോടി രൂപ മാത്രമാണ് ആകെ ചിലവഴിച്ചത്. മൂന്നു ചെറിയ തടയണകളും രണ്ട് കുളിക്കടവും പിന്നെ കുടിവെള്ള പദ്ധതിയുമാണ് അന്നത്തെ പമ്പ ആക്ഷന്‍ പ്ലാനില്‍ വിരിഞ്ഞത്. പക്ഷേ ചിലവഴിച്ച തുകയുടെ കണക്കുപോലും കൃത്യസമയത്തു നല്‍കിയിരുന്നില്ല. ഇതിന്റെ ഫലമായി 7.75 കോടി രൂപമാത്രമാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. പമ്പയുടെ ഉദ്ഭവം മുതല്‍ 176 കിലോമീറ്റര്‍ മാലിന്യമുക്തമാക്കുന്നതോടപ്പം ഇരുകരകളിലുമുള്ള 36 പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും ശുദ്ധീകരണ പദ്ധതികള്‍ തയ്യാറാക്കുക എന്നതായിരുന്നു ആക്ഷന്‍ പ്ലാനിന്റെ പ്രധാന ലക്ഷ്യം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന 22 ശുദ്ധജല പദ്ധതികള്‍ മലിനജല ഭീഷണിയിലാണ് ഇപ്പോഴും. നദിയിലെ മത്സ്യങ്ങള്‍ വംശനാശ ഭീഷണിയിലാണ്. പമ്പയുടെ 157 കൈവഴികളിലും അറവ്, കക്കൂസ് മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന രീതിയാണ് കേരളത്തിന്റേത്. എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറഞ്ഞു കൈകഴുകുമ്പോള്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ പലതും കടലാസിലുറങ്ങുന്നവയായി മാറുകയാണ്.
Discussion about this post