ശബരിമല: സന്നിധാനത്തെ പ്രതിഷേധം നിരോധിച്ച പിണറായിയുടെ പടയാളികള്‍ തന്നെ പ്രതിഷേധവുമായി സോപാനത്ത് അണിനിരക്കുമ്പോള്‍ തെളിയുന്നത് ദേവസ്വം ജീവനക്കാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം. സോപാനത്തടക്കം പോലീസിന്റെ സര്‍വാധിപത്യമാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. ഒരുകൂട്ടം തീര്‍ഥാടകരും പോലീസിനെതിരെ ജീവനക്കാരോടൊപ്പം അണിനിരന്നു. കഴിഞ്ഞവര്‍ഷം രഹ്ന ഫാത്തിമയടക്കമുള്ള ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്കു വന്നപ്പോള്‍ ആചാരസംരക്ഷണത്തിനായി പതിനെട്ടാം പടിക്കുതാഴെ അണിനിരന്ന ശാന്തിക്കാരടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ദേവസ്വം കമ്മീഷണറായിരുന്ന അഡ്വ. വാസു ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റപ്പോഴാണ് ജീവനക്കാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. എന്നാല്‍ പ്രതിഷേധിച്ചവരെ താക്കീത് ചെയ്യാന്‍ പോലും പ്രസിഡന്റ് മുതിര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്. ക്രിമിനലുകളെ യാതൊരു മാനദണ്ഡവുമില്ലാതെ താത്കാലിക ജീവനക്കാരെന്ന പേരില്‍ സന്നിധാനത്ത് അഭയം നല്‍കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ സോപാനത്ത് കുപ്രസിദ്ധ ക്രിമിനല്‍ പുത്തന്‍പാലം രാജേഷിന്റെ കൂട്ടുപ്രതിയായ ആനയറ അജീഷ് ദേവസ്വം സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്നു. ഇയാളെ മോഷണക്കേസില്‍ പോലീസ് പിടികൂടി. അന്നുമുതല്‍ തന്നെ പോലീസും ദേവസ്വം ജീവനക്കാരും തമ്മില്‍ പ്രശ്നം തുടങ്ങി. ഇതാണ് സന്നിധാനത്ത് പ്രതിഷേധമായി അണപൊട്ടിയത്. ഇന്നലെത്തെ പ്രതിഷേധത്തിന് പിന്നിലെ ചാലക ശക്തി ആനയറ അജീഷാണെന്ന് പോലീസിന് മനസിലായിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം പോലീസ് മുന്നോട്ട് വച്ചതാണ് ദേവസ്വം ജീവനക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതാണ് ശബരിമലയിലെ അസാധാരണ പ്രതിഷേധത്തിന് കാരണമായതും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അനുമതിയോടെയാണ് പ്രതിഷേധമെന്നും സൂചനയുണ്ട്. ശബരിമലയില്‍ യാതൊരു വിധ പ്രതിഷേധവും പാടില്ലെന്നാണ് പൊതുവേയുള്ള ധാരണ. വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാതെ സുഗമമായ തീര്‍ഥാടനത്തിന് വേണ്ടിയുള്ള തീരുമാനമാണ് ഇത്. ജീവനക്കാരുടെ പ്രതിഷേധം സ്വന്താക്കാരെ പതിനെട്ടാംപടി വേഗത്തില്‍ ചവിട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. വലിയ നടപ്പന്തലിലടക്കം തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ സ്പെഷ്യല്‍ പാസുമായി എത്തുന്നവര്‍ക്ക് പതിനെട്ടാം പടിയിലേക്കെത്താനായി വാവര്‍ നടയ്ക്ക് സമീപത്ത് പ്രത്യേക കവാടമൊരുക്കിയിട്ടുണ്ട്. പോലീസുകാര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും ഒപ്പമെത്തുന്ന തീര്‍ഥാടകര്‍ ഈ വഴിയാണ് പോകാറുള്ളത്. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ദേവസ്വം ജീവനക്കാര്‍ക്കൊപ്പമെത്തിയവരെ കവാടം കടക്കാന്‍ പോലീസ് അനുവദിക്കാതിരുന്നതാണ് പ്രതിഷേധത്തിന് വഴിതെളിച്ചത്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നിര്‍ബാധം കടത്തിവിട്ട പോലീസിന്റെ പക്ഷപാത നടപടിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ചില ദേവസ്വം ജീവനക്കാര്‍ പ്രതിഷേധത്തിന് എത്തിയത്. ഇതേത്തുടര്‍ന്ന് പ്രവേശന കവാടത്തിന് മുമ്പില്‍ ദേവസ്വം ജീവനക്കാര്‍ തടിച്ചു കൂടി. തീര്‍ഥാടകര്‍ കവാടത്തിന് മുന്നില്‍ കുത്തിയിരുന്നു. രംഗം രൂക്ഷമായതോടെ കവാടം പോലീസ് പൂര്‍ണമായും അടച്ചു. സമരക്കാര്‍ കൂടുതലും പോലീസ് നോട്ടമിട്ട വിവാദ നായകരാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പിനൊടുവില്‍ 11 മണിയോടെ കവാടം തുറന്നു. അയ്യനെ ഒരു നോക്ക് കാണാനായി കഠിന വ്രതമെടുത്ത് മല ചവിട്ടിയെത്തുന്ന തീര്‍ഥാടകര്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തു നിന്ന് വലയുമ്പോഴാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത്. സോപാനത്തുനിന്ന് പോലീസ് കണ്ടെത്തിയ ക്രിമിനല്‍ കേസ് പ്രതിയായ അജീഷിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ തന്റെ പേഴ്സണല്‍ സെക്യൂരിറ്റിക്കാരനായി നിയമിച്ചിരുന്നു. ഇതോടെ ഇയാള്‍ക്ക് സ്വാധീനം കൂടി. ഇതാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് പോലീസ് വിലയിരുത്തല്‍.
Discussion about this post