ന്യൂഡല്‍ഹി: നാഗാലന്‍ഡില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ ഡല്‍ഹിയിലും നാഗാലന്‍ഡിലും എന്‍ഐഎയുടെ വ്യാപകമായ റെയ്ഡ്. നാഗാലന്‍ഡിലെ എന്‍എസ്സിഎന്‍ എന്ന സംഘടനയുടെ ഡല്‍ഹി, ദിമാപൂര്‍ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. രണ്ടിടത്തു നിന്നുമായി നിരവധി തോക്കുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചു. എന്‍എസ്സിഎന്‍ എന്ന സംഘടനയുടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജാമെസ് ജാമീര്‍, ഭാര്യ അലേംലാ ജാമിര്‍, അവരുടെ ബന്ധുവായ എന്‍എസ്സിഎന്‍ ജനറല്‍ സെക്രട്ടറി മൂയീവാ എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഡിസംബര്‍ 20ന് യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്താണ് അന്വേഷണം നടക്കുന്നത്. അലേംലായെ കണക്കില്‍പെടാത്ത 72 ലക്ഷം രൂപയുമായി ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയിലും ദീമാപൂരിലും നടന്ന റെയ്ഡില്‍ 28 തോക്കുകള്‍ കണ്ടെത്തി. ഇതുകൂടാതെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വിദേശ മദ്യങ്ങള്‍, നാഗ ആര്‍മിയുടെ ഔദ്യോഗിക യൂണിഫോം, വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍, ഡയറികള്‍, ചൈനീസ് നിര്‍മിതമായ അത്യാധുനിക മൊബൈല്‍ ഫോണുകള്‍, വീഡിയോ ക്യാമറകള്‍, ലാപ്ടോപ് എന്നിവയും അത്യാധുനിക സാധനങ്ങളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.
Discussion about this post