തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയല്ല, കേരള സര്‍ക്കാര്‍ പിന്തുടരുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് ഗസറ്റ് വിജ്ഞാപനമിറക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചാണ് മുഖ്യമന്ത്രി ഭരണഘടന തത്വങ്ങളെ ഇകഴ്ത്തിക്കാട്ടിയത്. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയത് മതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമമാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു എന്ന ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിര്‍ണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രത്യേക നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാമൂല്യം തകര്‍ന്നാല്‍ രാഷ്ട്രം ശിഥിലമാകുമെന്നും പിണറായി വിജയന്‍ ആശങ്കപ്പെട്ടു. അര്‍ബന്‍ നക്‌സലുകളുടെ ഇഷ്ടസങ്കേതമായ കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും പൗരത്വ ഭേദഗതി നിയമത്തെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നത് തികച്ചും തെറ്റിദ്ധാരണപരത്തിയാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പൗരത്വം നഷ്ടമാകുമെന്നും ഇന്ത്യ പിന്തുടരുന്ന സെക്യുലരിസം നശിക്കുമെന്നുമൊക്കെയാണ് നിയമത്തെക്കുറിച്ച് അവര്‍ പറയുന്നത്. 2019ലെ പൗരത്വഭേദഗതി നിയമം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് 2014 ഡിസംബര്‍ 31നു മുന്‍പ് കുടിയേറിപ്പാര്‍ത്ത ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതും മുസ്ലീങ്ങളെ അതില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന ഒന്നാണ്. മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കേണ്ടതില്ലെന്ന പൊതുവായ വികാരം ഉള്‍ക്കൊണ്ടു തയാറാക്കിയ നിയമത്തെ വിഘടനവാദം പ്രോത്സാഹിപ്പിക്കാനായി ഇടതും വലതും ഒരുമിച്ചെതിര്‍ക്കുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കണക്കില്ലാതെ വരുന്ന വിദേശഫണ്ടുകള്‍ നിലച്ചുപോയതും നിര്‍ഭയമായി പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രവിരുദ്ധരുടെ ഗ്രൂപ്പുകള്‍ ഒന്നൊന്നായി തകര്‍ന്നതുമെല്ലാം അര്‍ബന്‍ നക്‌സലുകള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമായിട്ടുണ്ട്. ഇതിനിടെ വന്ന നിരുപദ്രവകരമായ ബില്ലിനെ ഒന്നിച്ചെതിര്‍ക്കുന്നതും അര്‍ബന്‍ നക്‌സലിസത്തിന്റെ വികൃത മുഖത്തെയാണ് മുന്നിലേക്കെത്തിക്കുന്നത്. ഈ പ്രമേയത്തെ നിയമസഭയില്‍ എതിര്‍ത്തു സംസാരിച്ചത് ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാല്‍ എംഎല്‍എ മാത്രമാണ്.
Discussion about this post