കൊച്ചി: പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവം ആസൂത്രിതമെന്നും ഇതിനു പിന്നില്‍ മൂന്നു പ്രബലസംഘടനകള്‍ പ്രവര്‍ത്തിച്ചതായും അന്വേഷണ സംഘം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതായാണ് സൂചന. പെരുമ്പാവൂരിലടക്കം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ കാരണം ഈ സംഘടനകളുടെ പിന്‍ബലമാണത്രെ. കോവിഡ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് സംഘടിച്ചത്. ഇവര്‍ മണിക്കൂറുകളോളം റോഡില്‍ കുത്തിയിരിക്കുകയും കേരളം വിട്ടുപോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ സംഘടന നേതാക്കളെന്നു കരുതുന്ന രണ്ടു പേരുടെ മൊെബെല്‍ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അതിഥി തൊഴിലാളികളില്‍ ചിലര്‍ മലയാളി യുവതികളെ വിവാഹം കഴിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്തുള്ള സമഗ്രമായ അന്വേഷണവുമായി സംഘം മുന്നോട്ടുപോകും. ഇതിനിടെ സംസ്ഥാനത്ത് കലാപങ്ങള്‍ക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ കോപ്പുകൂട്ടുന്നതായും റിപ്പോര്‍ട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്തെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ മറയാക്കി കേരളത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ഒരു വിഭാഗം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ബംഗ്ലാദേശികളാണ് പ്രശ്‌നക്കാരെന്നാണ് രഹസ്യാന്വേഷണ നിരീക്ഷണം. കൃത്യമായി ഭക്ഷണം ലഭിക്കാത്തതിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധങ്ങളെ ചിലര്‍ കലാപ സാഹചര്യത്തിലേക്ക് എത്തിക്കുകയാണെന്നാണ് നിരീക്ഷണം. ലോക്ക് ഡൗണ്‍ ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പശ്ചിമ ബംഗാള്‍ സ്വദേശികളായ മുഹമ്മദ് റിഞ്ചു, അന്‍വര്‍ അലി എന്നിവര്‍ക്ക് വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇതില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചാല്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടും. ബംഗ്ലാദേശി ഭീകര സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് കേരളത്തില്‍ വേരുറപ്പിക്കുന്നതിനെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് നിരന്തരം സംസ്ഥാനത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍. കേരളത്തില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന മതഭീകരവാദാനുകൂല സംഘടനകളുടെ പ്രവര്‍ത്തനവും പ്രചാരണവും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടക്കുന്നുണ്ട്.
Discussion about this post