മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ടു സന്യാസി ശ്രേഷ്ഠരെയും ഒരു യുവാവിനെയും ചില സാമൂഹ്യദ്രോഹികള്‍ അടിച്ചു കൊലപ്പെടുത്തിയ സംഭവം ഭാരതത്തെ ഒന്നാകെ ഞെട്ടിക്കുകയും സങ്കടത്തിലാഴ്ത്തുകയും ചെയ്തു. ഈ ദാരുണ സംഭവം പരമാവധി മൂടിവയ്ക്കാന്‍ ശ്രമിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പൊളിക്കുകയായിരുന്നു. ഹൈന്ദവശാക്തീകരണത്തിന് മുന്നിട്ടിറങ്ങിയ ബാല്‍താക്കറെയുടെ മകന്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഈ ദാരുണകൃത്യം നടന്നതിനേക്കാള്‍ ഈ സംഭവം മൂടിവയ്ക്കാന്‍ നടത്തിയ നീക്കങ്ങളാണ് ഇന്ത്യക്കാരെ കൂടുതല്‍ വേദനിപ്പിച്ചത്. ഈ സംഭവവുമായി കമ്മ്യൂണിസ്റ്റ് ഭീകരപ്രസ്ഥാനങ്ങള്‍ക്കടക്കമുള്ള ബന്ധം അന്വേഷണ വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആദ്യം മുതല്‍ വിവധ തലങ്ങളില്‍ നിന്ന് സമ്മര്‍ദം ശക്തമായിരിക്കുകയാണ്. കേരളത്തിന് പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുറച്ച് സ്വാധീനമുള്ള സ്ഥലങ്ങളിലൊന്നാണ് പാല്‍ഘര്‍. മഹാരാഷ്ട്ര- ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന താനെ ജില്ലയിലെ പാല്‍ഘര്‍ താലൂക്കില്‍ നടന്ന അരുകൊലയിലുള്ള തങ്ങളുടെ പങ്കിന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈകഴുകി മാറാന്‍ കഴിയില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറസ്റ്റിലായ കൊലപാതകികളെ ജാമ്യത്തിലിറക്കാനും അവര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുമായി മുന്നില്‍ നില്‍ക്കുന്ന പ്രദീപ് പ്രഭു എന്ന പേരില്‍ അറിയപ്പെടുന്ന പീറ്റര്‍ ദെമല്ലോയുടെ സാന്നിധ്യം കൊലപാതകത്തിന്റെ ഗൂഢാലോചനയിലേക്കും ആസൂത്രണത്തിലുക്കുമൊക്കെയാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
പാല്‍ഘര്‍ പ്രധാനമായും ഒരു വനവാസി മേഖലയാണെന്നുതന്നെ പറയാം. ഈ പ്രദേശത്ത് വാര്‍ലി സമുദായത്തിലുള്ള വനവാസികളാണ് കൂടുതലായുള്ളത്. കൂടുതലും അക്ഷരാഭ്യാസമില്ലാത്തവര്‍. കാര്‍ഷികവൃത്തിയലൂടെ അതിജീവനം നടത്തുന്ന ഇവരില്‍ വര്‍ഷങ്ങളായി പീറ്റര്‍ ദെമല്ലോ ഉണ്ടാക്കിയ സ്വാധീനവും പ്രതികളെ രക്ഷിച്ചെടുക്കാന്‍ ഇയാള്‍ ഇറങ്ങിത്തിരിച്ചതുമാണ് സംശയങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്. 1960കളുടെ അവസാനം തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉടലെടുത്ത വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചാരകനായിരുന്നു പീറ്റര്‍ ദെമല്ലോ. 1976ല്‍ താനെയിലെ തലസരി മിഷനില്‍ ജ്യൂട്ട് പാതിരിയായ പീറ്റര്‍ ദെമല്ലോ എത്തി. തന്റെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുപരി വര്‍ഗീയ ധ്രുവീകരണം നടത്തി ഹൈന്ദവരുടെ സര്‍വനാശത്തിന് എല്ലാ അര്‍ഥത്തിലും പരിശ്രമം ആരംഭിക്കുകയാണ് പീറ്റര്‍ ചെയ്തത്. മറ്റുപല പ്രത്യക്ഷലക്ഷ്യങ്ങളുടെ മറവില്‍ ധ്രുവീകരണം സാധ്യമാക്കാനും ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ കൂട്ടാനുമായി പീറ്റര്‍ ദെമല്ലോയും നിക്കോളാസ് കോര്‍ദാസോ, സുശീല ഡിസൂസ എന്നിവര്‍ ചേര്‍ന്നു ദാനു വനവാസി മേഖലയില്‍ തുടങ്ങിയ സംഘടനയാണ് കഷ്ടകാരി. വനവാസി യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി പീറ്റര്‍. വനവാസി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായി നടത്തിയ പതിനാറോളം യുവജനോത്സവങ്ങളിലൂടെ ഈ സമൂഹത്തെ പീറ്റര്‍ കൈയിലെടുക്കുകയായിരുന്നു.
വനവാസികളുടെ തനതായ കലകളേയും ആചാരങ്ങളേയും സംരക്ഷിക്കാനും പുറത്തു നിന്നുള്ളവരുടെ ചൂഷണങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനും വനഭൂമികളില്‍ അവരുടെ അവകാശം ഉറപ്പിക്കാനും ഒരുമിച്ച് നില്‍ക്കേണ്ടതിന്റെയും അധികാരികള്‍ക്കും സര്‍ക്കാരിനും എതിരെ പോരാടേണ്ടതിന്റെയും ആവശ്യകത അവരുടെ മനസുകളില്‍ ഉറപ്പിക്കുന്നതില്‍ പീറ്റര്‍ വിജയിച്ചു. ഒടുവില്‍ 1978 ഡിസംബര്‍ 23ന് കഷ്ടകാരി സംഘടന ഔപചാരികമായി പിറവിയെടുത്തു. അതേവര്‍ഷം തന്നെ പീറ്റര്‍ ദെമെല്ലോ തന്റെ പേര് മാറ്റി പ്രദീപ് പ്രഭു എന്നാക്കി. അടുത്ത വര്‍ഷം പ്രദീപും നിക്കോളാസും മിഷണറി പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു വന്നു. താനേ ജില്ലയിലെ ആദിവാസികളുടെ സ്വയംഭരണം, പങ്കാളിത്ത വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, അവകാശ പോരാട്ടങ്ങള്‍, സാക്ഷരത പ്രവര്‍ത്തനം, വ്യവസായികളുടേയും, ഭൂവുടമകളുടേയും, പോലീസിന്റെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ചൂഷണങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പ്, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. പുറമേ എത്രയും മനുഷ്യത്വപരവും ആരുടേയും അനുഭാവം പിടിച്ചു പറ്റുന്നതുമായ ഉദ്ദേശലക്ഷ്യങ്ങള്‍ ആയിരുന്നുവെങ്കിലും, സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംഘാടകരുടെ യഥാര്‍ഥ ലക്ഷ്യം മറ്റു പലതുമാണെന്ന് തെളിയിച്ചു. ഒരു ഇടതുപക്ഷ പ്രസ്ഥാനം ആയി സ്വയം അവതരിച്ച സംഘടന, വനവാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങളിലേക്ക് കടന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും രാഷ്ട്രീയക്കാരുമെല്ലാം ഭൂവുടമകളുടേയും പണക്കാരുടെയും വ്യവസായികളുടേയും പിണിയാളുകള്‍ ആണെന്ന ശക്തമായ പ്രചരണം നടത്തിക്കൊണ്ട് വനവാസികളെ സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സജ്ജരാക്കി. രാത്രികാലങ്ങളില്‍ സംഘടിപ്പിച്ചിരുന്ന പരിശീലന വേളകളില്‍ പ്രത്യയശാസ്ത്ര ക്ലാസുകള്‍ എടുത്തിരുന്നു. അത്തരം ക്ലാസുകളില്‍ പീറ്ററെ പോലുള്ള സംഘടന നേതാക്കള്‍ ഊന്നി പറഞ്ഞിരുന്ന ഒരു ആശയം സാംസ്‌കാരികവും മതപരവും വംശീയവും ആയ പ്രത്യേക അസ്തിത്വം ഉള്ളവരാണ് ആദിവാസികള്‍ എന്നതാണ്. അതുകൊണ്ട് ഹൈന്ദവസംഘടനകള്‍ പറയുന്നതു പോലെ തങ്ങള്‍ ഹിന്ദുക്കള്‍ അല്ലെന്നും പ്രത്യേക വിഭാഗമാണെന്നും അവരെ നിരന്തരമായി ഉദ്ബോധിപ്പിച്ചു.
ഗോത്രവര്‍ഗക്കാര്‍ക്കു പുറമേ, ഇഷ്ടിക കളങ്ങള്‍, ഉപ്പുപാടങ്ങള്‍, കെട്ടിടനിര്‍മാണ മേഖല എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയിലും കഷ്ടകാരി സംഘടന പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലം താമസിയാതെ കാണാന്‍ തുടങ്ങി. വനവാസികളെ തങ്ങളുടെ പൂര്‍വികരുടെ സ്വത്തായിരുന്ന വനം കൈയേറാനും, ഒഴിപ്പിക്കാന്‍ വരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ ശക്തി ഉപയോഗിച്ച് നേരിടാനും പീറ്റര്‍ പഠിപ്പിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാല്‍ എല്ലായ്പ്പോഴും കൂട്ടം കൂടി പോകാനും, പോലീസിനെ വര്‍ഗശത്രുക്കളെ പോലെ കാണാനും സംഘടന നേതാക്കള്‍ ആദിവാസികള്‍ക്ക് കൊടുത്ത ഉപദേശം ആ പ്രദേശത്ത് തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടു. താമസിയാതെ ജനകീയ കോടതികളും കുറ്റക്കാര്‍ എന്നു സംശയിക്കുന്നവര്‍ക്കു നേരെ ജനകീയ വിചാരണകളും സംഘടിപ്പിക്കപ്പെട്ടു. ഇതെല്ലാം വനവാസികളുടെ ഇടയില്‍ പീറ്റര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വീരപരിവേഷവും സംഘടനയ്ക്ക് വേരോട്ടവും ഉണ്ടാക്കിക്കൊടുത്തു. ദാനു ജൗഹര്‍ പ്രദേശം 1945 മുതല്‍ തന്നെ കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള മേഖലയാണ്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശംറാവു പരുലേക്കറിന്റെയും അദ്ദേഹത്തിന്റെ കാലശേഷം പത്നി ഗോദാവരി പരുലേക്കരിന്റെയും പ്രവര്‍ത്തന ഫലമായിരുന്നു അത്. പാവപ്പെട്ടവരും നിരക്ഷരരുമായിരുന്ന ആദിവാസികളെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അവരോടൊപ്പം ജീവിച്ചുകൊണ്ട് ഈ ദമ്പതികള്‍ നടത്തിയ പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ ജനസമ്മതി നേടിക്കൊടുത്തിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ശംറാവുവും അനുയായികളും സിപിഎമ്മിന്റെ പക്ഷത്ത് നില്‍ക്കുകയും അന്നു മുതല്‍ ഈ പ്രദേശം സിപിഎം കോട്ടയായി തുടരുകയുമായിരുന്നു.
തങ്ങളുടെ ചെങ്കോട്ടയിലേക്ക് കടന്നുവന്ന കഷ്ടകാരി സംഘടനയുടെ ഇടതുപക്ഷ അവകാശവാദം സിപിഎം ആദ്യമൊന്നും ഗൗരവത്തിലെടുത്തിരുന്നില്ല. സംഘടന നേതാക്കളുടെ മിഷണറി പശ്ചാത്തലമായിരുന്നു അതിനു കാരണം.
ആദിവാസികളുടെ ഇടയിലുള്ള തങ്ങളുടെ സ്വാധീനം ഇല്ലാതാക്കാന്‍ സിഐഎ വളര്‍ത്തിയെടുത്ത ഒരു പ്രസ്ഥാനമാണെന്നും ആദിവാസികളുടെ മതപരിവര്‍ത്തനം ആണ് അവരുടെ ആത്യന്തിക ലക്ഷ്യം എന്നും സിപിഎം വിശ്വസിച്ചിരുന്നു. എന്നാല്‍ ആദിവാസികളുടെ വിവിധ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള കഷ്ടകാരി സംഘടനയുടെ ശക്തമായ പ്രചരണത്തിന്റെയും മറ്റും ഫലമായി കുറേയേറെ സിപിഎം അനുയായികള്‍ മറുകണ്ടം ചാടിയത് പാര്‍ട്ടിയുടെ കണ്ണു തുറപ്പിച്ചു. അക്രമത്തില്‍ വിശ്വസിച്ചിരുന്ന രണ്ടു ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഈ വടംവലി പിന്നീട് തുടര്‍ച്ചയായ സംഘര്‍ഷങ്ങളിലേക്ക് നയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി 1980 മെയ് മാസത്തിലെ പാര്‍ലമെന്ററി തിരെഞ്ഞെടുപ്പില്‍ കഷ്ടകാരി സംഘടന സിപിഎമ്മിനെ പിന്തുണയ്ക്കുകയും അത് സിപിഎം സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ പര്യവസാനിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും 1989 വരെ അവ നീണ്ടുനില്‍ക്കുകയും ചെയ്തു. തുടക്കത്തില്‍ കഷ്ടകാരി സംഘടനയെ പിന്തുണയ്ക്കാന്‍ മുന്നോട്ടു വന്നിരുന്നത് പ്രധാനമായും ക്രിസ്തുമതത്തിലേക്ക് മാറ്റപ്പെട്ട ആദിവാസികള്‍ ആയിരുന്നു. വനവാസി സമൂഹത്തില്‍ നിന്നുള്ള സംഘടനയുടെ നേതാക്കളും ക്രിസ്ത്യാനികള്‍ ആയിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ ഹിന്ദു വനവാസികളെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ക്കുന്നതില്‍ പ്രഭുവും കൂട്ടരും വിജയിച്ചു. സംഘടനയുടെ നേതാക്കള്‍ മതം മാറ്റ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കാണപ്പെട്ടില്ലെങ്കിലും, പ്രഭുവിന്റെ ഹിന്ദു വിരുദ്ധത അയാളുടെ ക്ലാസുകളില്‍ വ്യക്തമായിരുന്നു. ആദിവാസികള്‍ ഒരിയ്ക്കലും ഹിന്ദുസമൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്നും അവര്‍ക്ക് ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായ തനതായ സംസ്‌കാരവും മതവും ഉണ്ടെന്നും അയാള്‍ പഠിപ്പിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ ആദിവാസികളെ അസുരന്മാരുടെ പിന്തലമുറ ആയിട്ടാണ് പരിഗണിക്കുന്നതെന്നും, അവര്‍ വനവാസികളുടെയും ദലിതുകളുടെയും ഭൂമി തട്ടിയെടുക്കുകയും കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി അടിമകളാക്കി നിലനിര്‍ത്തുകയുമായിരുന്നു എന്നും പീറ്റര്‍ അവരെ ധരിപ്പിച്ചിരുന്നു. ഇത്തരം മസ്തിഷ്‌ക്ക പ്രക്ഷാളനം ശക്തമായ ഹിന്ദുവിരുദ്ധത വളര്‍ത്തിയെടുക്കാനായിരുന്നു എന്ന് വ്യക്തം.
‘മഹാനുഭാവ് പന്ഥ്’ എന്നത് ഗുജറാത്തില്‍ ഉത്ഭവിച്ച ഒരു വൈഷ്ണവ സമൂഹമാണ്. ദാനു താലൂക്കിലെ ഗ്രാമങ്ങളില്‍ കഴിയുന്ന ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം വനവാസി കുടുംബങ്ങള്‍ ഈ സമ്പ്രദായം പിന്തുടരുന്നവരാണ്. ഈ വിഭാഗത്തെ മല്‍ക്കാരികള്‍ എന്നും വിളിക്കാറുണ്ട്. അവരുടെ കണ്ഠങ്ങളില്‍ അണിയാറുള്ള തുളസീ മണികള്‍ കാരണമാണ് അവര്‍ക്കീ പേര് ലഭിച്ചത്. അവര്‍ ശുദ്ധ സസ്യഭുക്കുകളും മദ്യം കഴിക്കാത്തവരുമാണ്. മാംസഭുക്കുകളുടെ വീടുകളില്‍ നിന്നും ഭക്ഷണമോ വെള്ളമോ പോലും അവര്‍ സ്വീകരിക്കില്ല. മല്‍ക്കാരികളുടെ നേര്‍ക്ക് 1998 മുതല്‍ പീറ്ററിന്റെ അനുയായികളില്‍ നിന്നും നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പീറ്ററിന്റെ അഭിപ്രായത്തില്‍ വനവാസികളുടെ പുരാതന ദൈവങ്ങളേയും സാംസ്‌കാരിക പാരമ്പര്യത്തെയും വെടിഞ്ഞ് പുതിയ ദൈവങ്ങളും ആരാധനാരീതിയും മതാചാരങ്ങളും സ്വീകരിച്ചവരാണവര്‍. കൂടാതെ മല്‍ക്കാരികള്‍ വനവാസി സമൂഹത്തില്‍ തൊട്ടുക്കൂടായ്മയും, ജാതി വ്യവസ്ഥയും കൊണ്ടു വരികയും ചെയ്തു. അതൊക്കെയാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമായി പീറ്റര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മല്‍ക്കാരികളുടെ നേര്‍ക്കുള്ള പീറ്ററിന്റെ ശത്രുതയുടെ യഥാര്‍ഥ കാരണം മറ്റൊന്നാണ്. അവര്‍ വൈഷ്ണവരുടെ കൂട്ടത്തിലെ വളരെ യാഥാസ്ഥിതികരായ സമൂഹമാണ്. അതുകൊണ്ടു തന്നെ അന്തിമലക്ഷ്യമായ മതം മാറ്റത്തിലേക്ക് അവരെ കൊണ്ടെത്തിക്കാന്‍ വളരെ പ്രയാസമാണ് എന്നതാണ്. ‘കാലിഫോര്‍ണിയ പാരെന്റ്സ് ഫോര്‍ ഈക്വലൈസേഷന്‍ ഓഫ് എജ്യൂക്കേഷണല്‍ മെറ്റീരിയല്‍സ്’ പോലുള്ള ഹിന്ദു സംഘടനകള്‍ അമേരിക്കയിലെ ആറാം ഗ്രേഡില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങളിലെ ചില വസ്തുതാവിരുദ്ധമായ ഭാഗങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യൂക്കേഷനെ സമീപിച്ചിരുന്നു.
വനവാസികളെ ഇന്ത്യയിലെ നാട്ടുകാരും മറ്റു ഹിന്ദുക്കളെ പുറമേ നിന്നു വന്ന ആര്യന്‍ കൈയേറ്റക്കാരുമായിട്ടാണ് ആ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ പാഠഭാഗം തിരുത്താന്‍ പാടില്ല എന്നാവശ്യപ്പെട്ടു കൊണ്ട് പീറ്റര്‍ കരിക്കുലം കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് ആഡംസിന് കത്തെഴുതുകയുണ്ടായി. നാഷണല്‍ ഫ്രണ്ട് ഫോര്‍ ട്രൈബല്‍ സെല്‍ഫ് റൂള്‍ എന്ന സ്ഥാപനത്തിന്റെ കണ്‍വീനര്‍ എന്ന നിലയ്ക്കാണ് ഈ കത്തെഴുതിയത്. ഇത്തരത്തില്‍ പാഠഭാഗം തിരുത്തിയാല്‍ അത് ആര്യന്മാരുടെ അടിച്ചമര്‍ത്തലിനും വിവേചനത്തിനും വിധേയമായ ഇന്ത്യയിലെ ആദിവാസികളുടെ അവകാശങ്ങളെ ഹനിയ്ക്കലാവും അതെന്നായിരുന്നു പീറ്ററിന്റെ വാദം. ഹിന്ദു സംഘടനകള്‍ ആദിവാസികളുടെ സംസ്‌കാരത്തെ ഞെരിച്ചമര്‍ത്തുകയാണെന്നും അവരെ വംശീയമായി ഇല്ലായ്മ ചെയ്യുകയാണെന്നും പീറ്റര്‍ ആരോപിച്ചു. ആദിവാസികള്‍ ഹിന്ദുക്കളല്ലെന്നും മുഖ്യധാരാഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായ സംസ്‌കാരവും മതവുമാണ് അവരുടേത് എന്നും പീറ്റര്‍ ആ കത്തില്‍ എടുത്തു പറയുന്നു. ധൂലെയിലെ ശ്രമിക്ക് സംഘടന, പാല്‍ഘറിലെ ഭൂമി സേന, വിദ്രോഹി സാന്‍സ്‌കൃതിക് കാല്‍വല്‍, ശ്രമിക്ക് മുക്തി ദള്‍ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിയ്ക്ക നക്സല്‍ ഗ്രൂപ്പുകളുമായി പ്രദീപ് പ്രഭു ബന്ധം സ്ഥാപിച്ചിരുന്നു. പീറ്റര്‍ സ്ഥാപിച്ച സംഘടനകള്‍ക്കും അവയോട് സഹകരിച്ച് പ്രോജക്ടുകള്‍ ചെയ്യുന്ന പല എന്‍ജിഒകള്‍ക്കും സ്വദേശത്തു നിന്നും വിദേശത്തു നിന്നും വലിയ തോതില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നു.
പലപ്പോഴും ദളിത് വനവാസി ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരിലുള്ളവയായിരിക്കും പ്രോജക്ടുകള്‍. ഉദാഹരണത്തിന് സെന്റര്‍ ഫോര്‍ എന്‍ക്വയറി ഇന്‍ടു ഹെല്‍ത്ത് ആന്റ് അലൈഡ് തീംസ് (സിഇഎച്ച്എടി) എന്നത് താനെയിലുള്ള ഒരു റിസര്‍ച്ച് സ്ഥാപനമാണ്. അവരോട് ചേര്‍ന്ന് ‘ആരോഗ്യ സാഥി’ എന്ന ഹെല്‍ത്ത് പ്രോഗ്രാം ചെയ്യുന്നതില്‍ മുഖ്യ പങ്കാളിത്തം വഹിക്കുന്നത് കഷ്ടകാരി സംഘടനയാണ്. ആരോഗ്യ സാഥി പ്രോജക്ടിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോഗ്യ, വനവാസി വകുപ്പുകളുടെ സാമ്പത്തിക പിന്തുണയുണ്ട്. കഷ്ടകാരി സംഘടനയുടെ സാന്നിധ്യം ഉള്ള പ്രദേശങ്ങളില്‍ മാത്രം നടപ്പാക്കിയ ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം കൊടുക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാരാണ്. ഈ പ്രോജക്ട് നടപ്പാക്കുന്നതിന് കഷ്ടകാരി സംഘടനയ്ക്ക് വിദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്.
മുത്തങ്ങ ആദിവാസി സമരത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ മുതലെടുത്തു കൊണ്ട് കേരളത്തിലെ നക്സല്‍ അനുകൂല സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് കോഴിക്കോട് പ്രഖ്യാപനം എന്നപേരില്‍ പ്രസിദ്ധമായ പ്രമേയം പാസാക്കിയതിനു പിന്നിലും പീറ്ററിന്റെ കൈകളുണ്ടായിരുന്നു. അന്ന് ആ സമ്മേളനം സംഘടിപ്പിച്ചത് പീറ്ററിന്റെ അടുത്ത സുഹൃത്തായ ഡോ. ബി.ഡി. ശര്‍മ ആയിരുന്നു. 1980ല്‍ കേരളത്തില്‍ ആരംഭിച്ച വിമോചന ദൈവശാസ്ത്ര പ്രസ്ഥാനമായിരുന്നു സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയന്‍. ഒരു കത്തോലിക്കാ പുരോഹിതനായ ഫാദര്‍ തോമസ് കോച്ചേരി ആയിരുന്നു അതിന്റെ ഉപജ്ഞാതാവ്. അഞ്ചുതെങ്ങില്‍ യന്ത്രവത്കൃത മത്സ്യബന്ധനത്തിനെതിരെ ഇവര്‍ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ ഫാ. കോച്ചേരിയോടൊപ്പം മുന്‍നിരയില്‍ പ്രദീപ് പ്രഭുവും സന്നിഹിതനായിരുന്നു. പിന്നീട് ഇവര്‍ രണ്ടു പേരും ഇന്ത്യയുടെ പലഭാഗങ്ങളിലും നടന്ന സമാനമായ പ്രക്ഷോഭങ്ങളില്‍ ഒരുമിച്ച് നേതൃത്വം കൊടുക്കുകയുണ്ടായി. പ്രദീപ് പ്രഭുവിന്റെ പ്രവര്‍ത്തക വലയത്തില്‍ ഉള്ള മറ്റൊരു പ്രധാന വ്യക്തിയാണ് സേവിയര്‍ ദാസ്. ഇയാള്‍ അറിയപ്പെടുന്നത് ഝാര്‍ഖണ്ഡ്, മേഘാലയ എന്നീ സംസ്ഥനങ്ങളിലെ ഖനന വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിലാണ്. 1987ല്‍ മഹാരാഷ്ട്രയിലെ ജൗഹരില്‍ നടന്ന ഒരു പോലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര സര്‍ക്കാരിന് കത്തെഴുതാന്‍ പീറ്റര്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പലഭാഗത്തും നിന്നായി സേവിയര്‍ ദാസിനെ പോലെ നാല്‍പതോളം പ്രമുഖ പ്രക്ഷോഭകാരികളാണ് അന്ന് മഹാരാഷ്ട്ര സര്‍ക്കാരിലേക്ക് പ്രതിഷേധ കത്തുകള്‍ എഴുതിയത്. എണ്‍പതുകളില്‍ പോലും അതായിരുന്നു പീറ്ററിന്റെ സ്വാധീനവും സുഹൃദ് വലയത്തിന്റെ വ്യാപ്തിയും. പത്തോളം സംഘടനകളുടെ സ്ഥാപകനോ സഹ സ്ഥാപകനോ ആണ് പീറ്റര്‍ ദെമെല്ലോ. ഒപ്പം ഇരുപത്തഞ്ചോളം മനുഷ്യാവകാശ സംഘടനകളോട് അടുത്ത ബന്ധം പുലത്തുന്ന, അഥവാ അവയുടെ ഉന്നത സമിതികളില്‍ അംഗവുമായ വ്യക്തിയാണ് പീറ്റര്‍.
ഇന്ത്യയിലെ ഏതാണ്ടെല്ലാ നക്സല്‍ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ് പീറ്ററിനെ പോലുള്ള വിമോചന ദൈവശാസ്ത്ര നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. നക്സല്‍ ഗ്രൂപ്പുകള്‍ ആവട്ടെ, വിമോചന ദൈവശാസ്ത്രത്തെ ആഗോള മാര്‍ക്സിസത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കിടയിലും ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ജഡ്ജിമാര്‍ വരെയുള്ള നീതി ന്യായ സംവിധാനത്തില്‍ പോലും പീറ്ററിന് ഉള്ള സ്വാധീനം അമ്പരപ്പിക്കുന്നതാണ്. 1984ല്‍ അനുയായികളായ ആദിവാസികള്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളെയും അക്കാര്യത്തിലെ പോലീസിന്റെ അനാസ്ഥയെയും ചൂണ്ടിക്കാണിച്ചു കൊണ്ട് പീറ്റര്‍ സുപ്രീം കോടതിയിലേക്ക് പരാതി അയയ്ക്കുകയുണ്ടായി. അതേത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അന്വേഷണം നടത്താന്‍ താനെ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഉത്തരവ് നല്‍കുകയും അതിനനുസരിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുകയുമുണ്ടായി. ഐഎഎസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഗസ്റ്റ് ലക്ചറര്‍ എന്ന നിലയ്ക്ക് ക്ലാസുകള്‍ നയിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്ന വ്യക്തിയാണ് പീറ്റര്‍. ആ ഒരൊറ്റ ബന്ധത്തിലൂടെ ഇന്ത്യയിലെ അധികാര ശ്രേണിയുടെ തലപ്പത്ത് എത്തിച്ചേര്‍ന്നിരുന്ന മുഴുവന്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ബ്യൂറോക്രാറ്റുകളുമായും, ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എല്ലാ ഡയറക്ടര്‍മാരുമായും പീറ്റര്‍ ബന്ധം സ്ഥാപിച്ചെടുത്തിരുന്നു. 1987 മുതല്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ അടുത്തറിയുന്നതിന് വേണ്ടി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പരിശീലന പരിപാടി നടത്തുന്നുണ്ട്. ഈ പരിശീലനം കൊടുക്കുന്ന പ്രസ്ഥാനങ്ങളില്‍ ഒന്നാണ് കഷ്ടകാരി സംഘടന.
ദാനു ജൗഹര്‍ മേഖലകളില്‍ മാത്രം ഏതാണ്ട് മുന്നൂറോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള നക്സല്‍ തീവ്രവാദ സംഘടനയാണ് കഷ്ടകാരി സംഘടന എന്നതും ഇതോട് ചേര്‍ത്ത് വായിക്കണം. പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരോടുള്ള കര്‍ക്കശവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റത്തിന്റെ പേരില്‍ കുപ്രസിദ്ധനായിരുന്നു പ്രദീപ് പ്രഭു. എന്നിട്ടും ഇത്തരമൊരു വ്യക്തി നയിക്കുന്ന സംഘടനയെ ഐഎഎസ്, ഐഎഫ്എസുകാരുടെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് പല സീനിയര്‍ സര്‍ക്കാര്‍ ഉഗ്യോഗസ്ഥരുടേയും ജില്ല കലക്ടറുടെ പോലും നീരസത്തിന് കാരണമായിട്ടുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ക്കും ഈ പരിപാടിയിലെ പീറ്ററിന്റെ പങ്കാളിത്തത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിരുന്നില്ല. കാരണം അത്ര വലുതായിരുന്നു പ്രദീപിന്റെ ഡല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍ ഉണ്ടായിരുന്ന സ്വാധീനം. പിന്നീട് അതിന് മാറ്റം വന്നത് 2005ലാണ്. ഈയൊരു പരിശീലന പരിപാടി കൊണ്ടുവന്നതു തന്നെ പീറ്ററിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു എന്നതാണ് വസ്തുത. പുറമേ എന്തു പറഞ്ഞാലും ഇന്ത്യയിലെ ഉന്നത ഉദ്യോഗതലത്തില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും കാര്യങ്ങളെ തന്റെ വഴിക്ക് സ്വാധീനിക്കാനും ഉള്ള പീറ്ററിന്റെ ഉദ്ദേശമായിരുന്നു യഥാര്‍ഥത്തില്‍ അതിനു പിന്നില്‍. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സുപ്രസിദ്ധമായ സ്ഥാപനത്തില്‍ വളരെ വര്‍ഷങ്ങളോളം ഗസ്റ്റ് ലക്ചററായും പിന്നീട് ഡയറക്ടറായും പീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതേ സമയത്തു തന്നെ തമിഴ്നാട് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിരവധി അന്തര്‍ദേശീയ സംഘടനകളുടേയും ഉപദേശകനായും പരിശീലകനായും പ്രവര്‍ത്തിച്ചു. പരിസ്ഥിതിയുടെ പേരു പറഞ്ഞ് സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്കെതിരെ പ്രദേശവാസികളെ സംഘടിപ്പിക്കുകയായിരുന്നു പീറ്ററിന്റെ ഒരു പ്രധാന പ്രവര്‍ത്തന മേഖല.
കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അനുമതികളും കിട്ടിയശേഷവും, ദാനുവില്‍ സ്ഥാപിക്കാനുദ്ദേശിച്ച 500 മെഗാവാട്ട് ശേഷിയുള്ള തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പീറ്ററും കൂട്ടരും ചേര്‍ന്ന് പ്രക്ഷോഭം നടത്തി തടഞ്ഞു. അതുപോലെ തടയിട്ട മറ്റൊരു വന്‍കിട പ്രോജക്ടയിരുന്നു മഹാരാഷ്ട്ര സര്‍ക്കാരും ഓസ്ട്രേലിയന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട വദ്വാന്‍ ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്. പൂര്‍ത്തിയായിരുന്നെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി മാറുമായിരുന്നു അത്. പീറ്റര്‍ നേതൃത്വം കൊടുത്ത ഈ സമരത്തിന് ബ്രിട്ടനില്‍ നിന്നുപോലും വലിയ പിന്തുണ കിട്ടി. വദ്വാന്‍ പോര്‍ട്ടിനെതിരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ ബ്രിട്ടീഷ് എംപിമാരുടെ പ്രകടനം പോലും സംഘടിപ്പിക്കുകയുണ്ടായി. ഏറ്റവും അമ്പരപ്പിക്കുന്ന വസ്തുത ഈ പ്രക്ഷോഭത്തിന് പിന്തുണയുമായി കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ച സാംസ്‌കാരിക സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് പോലും ഉണ്ടായിരുന്നു എന്നതാണ്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ്, വനം- പരിസ്ഥിതി വകുപ്പ്, വിനോദസഞ്ചാര വകുപ്പ് തുടങ്ങിയവയുടെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയ്ക്ക്് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം കൊടുത്ത ഒരു മെഗാ പ്രോജക്ടിനെതിരെ എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഇന്നും കടംകഥയായി അവശേഷിക്കുന്നു. ഇതായിരുന്നു പീറ്ററിനും കൂട്ടര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഉണ്ടായിരുന്ന സ്വാധീന ശക്തി. വദ്വാന്‍ പോര്‍ട്ടിന് 65545 കോടിയുടെ ഭരണാനുമതി ഈ വര്‍ഷം നല്‍കിയിരിക്കുകയാണ്. ഇതേ വിധി തന്നെയായിരുന്നു ഗുജറാത്തിലെ മരോലി ഗ്രാമത്തില്‍ പണിയാന്‍ 1200 കോടി രൂപയുടെ കരാറുറപ്പിച്ച തുറമുഖത്തിനും നേരിട്ടത്. പരിസ്ഥിതിവാദികളേയും മത്സ്യതൊഴിലാളികളെയും ഗ്രാമവാസികളേയും അക്രമാസക്തമായ പ്രക്ഷോഭത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ലോക്കല്‍ എന്‍ജിഒകള്‍ക്ക് കഴിഞ്ഞു. ഇടയ്ക്ക് പ്രക്ഷോഭത്തിന്റെ നേതാക്കളില്‍ ഒരാളായ പ്രതാപ് സാവേ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചതിനെയും പോലീസിനെതിരെയുള്ള പ്രചാരണത്തിനായി ദുരുപയോഗപ്പെടുത്തി. അതോടെ പ്രോജക്ടില്‍ പങ്കാളികളായിരുന്ന അമേരിക്കന്‍ കമ്പനി പിന്‍വാങ്ങി. പലപേരുകളില്‍ ഇവിടങ്ങളിലെല്ലാം സമര രംഗത്തുണ്ടായിരുന്ന എന്‍ജിഒകള്‍ക്കും പരിസ്ഥിതി സംഘടനകള്‍ക്കും നക്സല്‍ പ്രസ്ഥാനങ്ങള്‍ക്കും പീറ്ററിന്റെ കഷ്ടകാരി സംഘടനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ പീറ്റര്‍ ആയിരുന്നു ഈ സമരങ്ങളുടെയെല്ലാം പിന്നിലുള്ള ബുദ്ധികേന്ദ്രവും ആസൂത്രകനും. എന്നാല്‍ ഈ പ്രക്ഷോഭങ്ങളെ പറ്റിയുള്ള ഒരൊറ്റ റിപ്പോര്‍ട്ടുകളിലും പുസ്തകങ്ങളിലും പീറ്ററിന്റെ പേര് കാണാന്‍ കഴിയുകയുമില്ല. അവയുടെയെല്ലാം ക്രെഡിറ്റ് ലോക്കല്‍ എന്‍ജിഒ നേതാക്കളുടെ പേരുകളോട് ചേര്‍ത്തുകൊണ്ട് പീറ്റര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതും വളരെ വിചിത്രവും ദുരൂഹവുമായ ഒന്നായി അവശേഷിക്കുന്നു.
പൊതുസമൂഹത്തിന്റെ അനുഭാവം ഉണര്‍ത്തുന്ന മനുഷ്യാവകാശം, പരിസ്ഥിതി, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയവ പല മറകളാണ് ഇക്കാലത്തെ ഇന്ത്യ വിരുദ്ധശക്തികള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവരില്‍ പലരുടേയും അജണ്ട, സാമൂഹ്യമായ അട്ടിമറിയാണ് എന്നത് പല അനുഭവങ്ങളിലൂടെ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഗവേഷകനും, ചിന്തകനുമായ രാജീവ് മല്‍ഹോത്ര ഈ വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് വിശദമായി എഴുതിയ പുസ്തകമാണ് ‘ബ്രേക്കിങ്ങ് ഇന്ത്യ’. ഭാരതത്തെ പോലുള്ള പ്രാചീന സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സംഘര്‍ഷ സാധ്യതകള്‍ കണ്ടെത്തി അവിടെ എരിതീയില്‍ എണ്ണയൊഴിച്ചു കൊടുക്കുന്ന പ്രവര്‍ത്തനമാണ് ഇത്തരം എന്‍ജിഒകള്‍ ചെയ്യുന്നത്. പീറ്ററിന്റെ പ്രബോധനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആര്യന്‍ അധിനിവേശവും ആദിവാസികളുടെ പ്രത്യേകമായ സാമൂഹ്യ അസ്തിത്വവും ആണെന്നത് യാദൃച്ഛികമല്ല. എന്നാല്‍ തനതായ സാംസ്‌കാരവും, ദൈവങ്ങളും, ആരാധനാ രീതികളും കാരണം ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് തങ്ങള്‍ എന്ന് ആദിവാസികളെ പഠിപ്പിക്കുന്ന കഷ്ടകാരി സംഘടന, അവര്‍ക്കിടയില്‍ വ്യാപകമായി നടക്കുന്ന മിഷണറി പ്രവര്‍ത്തനത്തെ കുറിച്ച് ഒന്നും പറയുന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്. യഥാര്‍ഥത്തില്‍ മറ്റു ദൈവങ്ങളേയോ ആചാരങ്ങളേയോ തീര്‍ത്തും അംഗീകരിക്കാത്തവര്‍ സെമിറ്റിക് മതങ്ങളാണ്. ഹൈന്ദവ സംസ്‌കൃതിയുടെ ചിഹ്നങ്ങളുടെ നേരെ വിരോധവും സംശയവും വളര്‍ത്തിയെടുക്കുന്നത് പിന്നാലേ വരുന്ന മതംമാറ്റ സംഘങ്ങള്‍ക്ക് നിലമൊരുക്കാനാണ് എന്നത് വ്യക്തമാണ്. പല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകം പെട്ടെന്നുള്ള തെറ്റിദ്ധാരണയുടെയോ ആള്‍ക്കൂട്ട മന:ശാസ്ത്രത്തിന്റെയോ പേരില്‍ ഉണ്ടായതല്ല എന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. നിരക്ഷരരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ ഛിദ്രശക്തികള്‍ കാലങ്ങളായി വളര്‍ത്തിയെടുത്ത ഹിന്ദു വിരോധത്തിന്റെയും നക്സലുകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള മിഷണറി കള്ളക്കളികളുടെയും അനിവാര്യമായ അനന്തര ഫലമാണത്. കാഷായ വസ്ത്രധാരികളുടെ നേരെ അക്രമം അഴിച്ചു വിടുന്നത് ഇന്നും ഭാരതത്തിലെ ഗ്രാമീണര്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത പാപകര്‍മ്മമാണ്. അതുകൊണ്ടു തന്നെ ഈ ഗൂഡാലോചനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടത് നാമോരുരുത്തരുടെയും ആവശ്യമാണ്. കോണ്‍ഗ്രസ് ഇളകിയാല്‍ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന ഭീതിയില്‍ ഭരിക്കുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ തന്റെ പോലീസ് സേനയിലെ പ്രഗത്ഭരെ അണിനിരത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമോ എന്ന കാര്യത്തില്‍ ശക്തമായ സംശയമാണ് ഓരോരുത്തര്‍ക്കുമുള്ളത്.
Discussion about this post