ലഖ്നൗ: രാഷ്ട്രത്തിന്റെ പരമവൈഭവത്തിനായുള്ള സാധനയാണ് ആര്‍എസ്എസ് ശാഖയെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നൂറ് വര്‍ഷമായി ഈ പ്രവര്‍ത്തനത്തിലൂടെ സംഘം ഹിന്ദു സമാജത്തെ ഉണര്‍ത്തുന്നു. സൗഹൃദത്തിന്റെയും സമരസതയുടെയും പാതയിലേക്ക് സമാജത്തെ നയിക്കുകയാണ് സംഘം ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു. ആശിയാന സ്മൃതി ഉപവനില്‍ ആര്‍എസ്എസ് ലഖ്‌നൗ വിഭാഗ് ശാഖാ കാര്യകര്‍ത്തൃ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകരെ നല്ല നിലവാരമുള്ള വ്യക്തികളായി വാര്‍ത്തെടുക്കലാണ് ശാഖകള്‍ ചെയ്യുന്നത്. ഈ രാഷ്ട്രത്തെ ശ്രേഷ്ഠമായ പദവിയിലെത്തിക്കാന്‍ നമ്മള്‍ സദാ പ്രവര്‍ത്തിക്കും. ഈശ്വരന്മാര്‍ പോലും ജനിക്കാന്‍ കൊതിച്ച മണ്ണാണിത്. ഇവിടെ പിറക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ ഈ രാഷ്ട്രത്തോട് കടമയുള്ളവരായിരിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭാരതത്തെ മനോഹരമാക്കുന്നതിനായി ഇന്നാട്ടിലെ കലാസാഹിത്യപ്രതിഭകളും ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ പ്രയത്‌നിച്ചു. കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നമുക്കും കര്‍ത്തവ്യമുണ്ട്. പേരും പെരുമയും കരുതാതെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ മഹത്തുക്കളോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. രാജ്യം നമുക്കെല്ലാം തന്നു, നമ്മുടേതായ എല്ലാം രാജ്യത്തിനും നല്കണം എന്നതാണ് ഓരോ സ്വയംസേവകന്റെയും സ്വപ്നം, സര്‍കാര്യവാഹ് പറഞ്ഞു.
നമ്മുടെ ദേശീയതയുടെ പേരാണ് ഹിന്ദുത്വം എന്നത്. അത് ഓരോ പൗരനിലും എപ്പോഴും ഉണര്‍ന്നിരിക്കണം. മഹാ കുംഭമേള അതിനുള്ള അവസരമായിരുന്നു. ഹിന്ദു ഉണര്‍വിനെ സ്ഥിരമായി നിലനിര്‍ത്താനാണ് സംഘം പരിശ്രമിക്കുന്നത്. ഓരോ തവണയും ആലസ്യത്തിലാണ്ടുപോകുന്ന സ്വഭാവം നമുക്കുണ്ട്. അത് എക്കാലത്തേക്കും ഇല്ലാതാകണം. പഞ്ചപരിവര്‍ത്തനം ജീവിതത്തില്‍ പകര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ സമാജത്തിലുടനീളം മാറ്റം കൊണ്ടുവരാന്‍ നമുക്കെല്ലാവര്‍ക്കും പ്രവര്‍ത്തിക്കണം. അതിനായി കൂടുതല്‍ സമയം നല്‍കണം, അച്ചടക്കം പാലിക്കണം. സംഘ പ്രവര്‍ത്തനം ഒരര്‍ത്ഥത്തില്‍ ഒരു ആത്മീയ പരിശീലനമാണെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. ഭാരതം ശക്തവും സമൃദ്ധവുമാകുന്നത് ആരെയും അടിമകളാക്കാനല്ല, ലോകത്തിന് ഐശ്വര്യം കൊണ്ടുവരാനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍, ഇതിഹാസ സങ്കലന്‍ യോജന ദേശീയ സഹസംഘടനാ സെക്രട്ടറി സഞ്ജയ് ജി തുടങ്ങിയവരും പങ്കെടുത്തു,
Discussion about this post