ചവറ :പന്മന സനാതനധർമത്തിന് സാധനാബലം നൽകിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി.പന്മന ആശ്രമത്തിൽ നടന്ന നൂറ്റിയൊന്നാമത് മഹാഗുരുസമാധി വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുടുംബ സദസ്സുകൾക്ക് ധർമോപദേശം നൽകിയ മഹാഗുരുവിൻ്റെ സ്വാധീനത്തിലാണ് നിരവധി ജന നേതാക്കൾ പിന്നീട് ഉയർന്നുവന്നത്. ഇക്കാലത്ത് ധർമ വിചാരത്തിന് സംഭവിച്ച മൂല്യച്യുതിയാണ് യുവതലമുറയെ വിനാശകരമായി ബാധിക്കുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ സാധ്യതകളെ വികസിപ്പിക്കുന്ന ഭാരതീയ ജ്ഞാന ശാസ്ത്രത്തിന് പ്രാധാന്യം നൽകിയ ആചാര്യന്മാരെ അനുസ്മരിക്കുവാൻ പുതുതലമുറയ്ക്ക് കഴിയണം. ചട്ടമ്പിസ്വാമികൾ രൂപപ്പെടുത്തിയ ഗവേഷണ രീതിശാസ്ത്രവും സംവാദ പദ്ധതിയുമാണ് കേരളത്തിൻ്റെ നവോത്ഥാനത്തിന് അടിത്തറയായിത്തീർന്നതെന്നും സ്വാമി ആനന്ദവനം പറഞ്ഞു. തീർത്ഥപാദ പരമ്പരയുടെ പരമാചാര്യൻ
ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീർത്ഥപാദർ അധ്യക്ഷത വഹിച്ചു. പന്മന ആശ്രമം മഠാധിപതി ശ്രീമദ് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ വിദ്യാധിരാജ സന്ദേശം നൽകി. പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ, പെരുമൺ സംബോധാരണ്യം ഫൗണ്ടേഷൻ മഠാധിപതി ശ്രീമദ് അദ്ധ്യാത്‌മാനന്ദ സരസ്വതി സ്വാമികൾ,
മാർഗദർശക മണ്ഡലം സെക്രട്ടറി ശ്രീമദ് സത്സ്വരൂപാനന്ദസരസ്വതി സ്വാമികൾ,വയനാട് അമൃതാനന്ദമയി മഠം മഠാധിപതി ശ്രീമദ് വേദാമൃതാനന്ദപുരി സ്വാമികൾ, അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി ശ്രീമദ് സ്വാമി അയ്യപ്പദാസ് മഹാരാജ്, കേരളപുരം ആനന്ദധാമാശ്രമം മഠാധിപതി ശ്രീമദ് ബോധേന്ദ്ര തീർത്ഥ സ്വാമികൾ,നെടുമ്പന ജ്ഞാന വിജയാനന്ദാശ്രമത്തിലെ മഠാധിപതി ശ്രീമദ് ജ്ഞാനവിജയാനന്ദ സരസ്വതി ദേവി സ്വാമിനികൾ, പന്മന ആശ്രമം ജനറൽ സെക്രട്ടറി എ. ആർ.ഗിരീഷ് കുമാർ, ആശ്രമം കോർഡിനേറ്റർ ജി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. രാവിലെ തീർത്ഥപാദ പരമ്പരയുടെ പരമാചാര്യൻ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീർത്ഥപാദരുടെ ഭദ്രദീപപ്രോജ്വലനത്തോടു കൂടി 101-ാം സമാധി വാർഷിക ദിനത്തിനു തുടക്കം കുറിച്ചു. തുടർന്ന്, ശ്രീ.അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം നടന്നു. രാത്രിയിൽ പന്മന ശ്രീ വനദുർഗയുടെ മേജർ സെറ്റ് കഥകളിയും നടന്നു.
Discussion about this post