തിരുവനന്തപുരം: രാഷ്ട്രം ശക്തമാകണമെങ്കില്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ നീക്കണമെന്ന് സീമാജാഗരണ്‍ മഞ്ച് രക്ഷാധികാരി എ.ഗോപാലകൃഷ്ണന്‍. മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടന്നുവന്ന ആര്‍എസ്എസ് ദക്ഷിണകേരള സംഘശിക്ഷാവര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ അനുസ്മരണത്തില്‍ പൊതുസമൂഹം എഴുതിയ ബാനറില്‍ കാശ്മീരില്‍ പാകിസ്ഥാന്‍ തീവ്രവാദികളുടെ വെടിയേറ്റുകൊല്ലപ്പെട്ട രാമചന്ദ്രന് ആദരം എന്നായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് കൊച്ചി കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാക്കിസ്ഥാന്‍ എന്നവാക്ക് ഒഴിവാക്കി. പാകിസ്ഥാനെന്ന് പറഞ്ഞാല്‍ മുട്ടിടിക്കുന്നതും ചിലരുടെ മതവികാരം വ്രണപ്പെടുമെന്ന തെറ്റായ ധാരണയും അതിനനുസരിച്ച് ദേശീയ പ്രവര്‍ത്തനങ്ങളില്‍ വെള്ളംചേര്‍ക്കുകയും ചെയ്യുന്ന ഈ രോഗം 1904 മുതല്‍ ഇവിടെയുണ്ട്. ഈ മുട്ടുമടക്കലും മതപ്രീണനവുമാണ് ഒടുവില്‍ ഭാരതത്തെ വിഭജനത്തിലേക്ക് നയിച്ചത്.
മതത്തിന്റെ പേരില്‍ രാഷ്ട്രസത്തയെ നശിപ്പിക്കുന്നവരോട് ഒത്തുതീര്‍പ്പില്ലാത്ത, ഉള്‍ക്കരുത്തും ദേശീയ ബോധവുമുള്ള ഒരു ജനസമൂഹത്തെ നൂറുവര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ആര്‍എസ്എസിന് സൃഷ്ടിക്കാനായി. അര്‍ത്ഥമില്ലാത്ത ചരിത്രബോധവും ആശയമില്ലാത്ത നിലപാടുകളും പുലര്‍ത്തുന്ന കേരളത്തില്‍ ഡോ.ഹെഡ്‌ഗേവാറിന്റെ ദേശസ്‌നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേവലം ഉപരിപ്ലവമായ പ്രക്ഷോഭത്തിനപ്പുറം അച്ചടക്കമുള്ള ഒരു ജനസമൂഹത്തെ വാര്‍ത്തെടുത്ത് രാഷ്ട്രത്തെ ശക്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. വിവിധ ജാതികളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരുന്ന ഹിന്ദുസമൂഹത്തെ സംഘടിപ്പിച്ച് രാഷ്ട്രത്തെ പുരോഗതിയിലേക്ക് കൊണ്ടുവന്നു. സമാജത്തില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ രാഷ്ട്രത്തിന് പുരോഗമിക്കാന്‍ കഴിയില്ല. ലക്ഷ്യബോധവും സംഘടിതവുമല്ലാത്ത സമൂഹത്തിന് വളര്‍ച്ചയുണ്ടാകില്ല. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ദേശസ്‌നേഹത്തിന്റെ അഗ്നിപടര്‍ത്തുന്ന ദേശഭക്തരെ വളര്‍ത്താന്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. സംഘടിതരും ലക്ഷ്യബോധമുള്ളവരും ക്രിയാത്മകമായി കൂട്ടായി പ്രവര്‍ത്തിക്കുന്നവരുമായി ഹിന്ദുജനതയെ മാറ്റുന്നതില്‍ സംഘം വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഡിജിപി ആര്‍.ശ്രീലേഖ അധ്യക്ഷയായി. വര്‍ഗ് കാര്യവാഹ് അഡ്വ.എന്‍.ശങ്കര്‍റാം സ്വാഗതം പറഞ്ഞു. വര്‍ഗ് സര്‍വാധികാരി റിട്ട. ലഫ്റ്റന്റ് ജനറല്‍ ഡോ. അജിത് നീലകണ്ഠന്‍(പരംവിശിഷ്ട സേവാമെഡല്‍) പങ്കെടുത്തു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണകേരള പ്രാന്തത്തിലെ 563 ശിക്ഷാര്‍ത്ഥികളാണ് സംഘശിക്ഷാവര്‍ഗ് പരിശീലനം പൂര്‍ത്തിയാക്കിയത്. സംഘശിക്ഷാവര്‍ഗ് സമാപനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 3.30ന് പാളയം മുതല്‍ പുത്തരിക്കണ്ടംവരെ പഥസഞ്ചലവും സംഘടിപ്പിച്ചു.
ആര്‍എസ്എസിനെക്കുറിച്ച് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കണം: ആര്‍.ശ്രീലേഖ
തിരുവനന്തപുരം: നൂറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെക്കുറിച്ച് കേരളത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നത് ആര്‍എസ്എസിന്റെ സദ്ഗുണങ്ങളെക്കുറിച്ച് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താത്തതിനാലാണെന്ന് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. സംഘശിക്ഷാവര്‍ഗ് സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആര്‍.ശ്രീലേഖ. ആര്‍എസ്എസിന്റെ ദേശസേവനം ശരിയായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ആര്‍എസ്എസ് പരിശീലനം കാണുമ്പോള്‍ ഔദ്യോഗികകാലത്തെ പരിശീലനം ഓര്‍മ്മവരുന്നു. കരുത്തുള്ള ശരീരത്തിലെ കരുത്തുള്ള മനസുണ്ടാകു എന്നാണ് അന്ന് ഞങ്ങളെ പരിശീലിപ്പിച്ചിരുന്നവര്‍ പറഞ്ഞുതന്നത്. ഇവിടെ പങ്കെടുത്ത് പരിശീലനം നേടിയ നിങ്ങള്‍ക്ക് കരുത്തുള്ള മനസിന് ഉടമകളായി എന്നതില്‍ അഭിമാനിക്കാം. നമ്മുടെ പരിശീലനം പ്രതിരോധത്തിനുള്ളതാണ്. നമ്മുടെ നാടിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തകര്‍ക്കാനാകണം. ആര്‍എസ്എസ് പരിശീലനത്തിന്റെ മഹത്വം മറ്റുള്ളവരോട് പറഞ്ഞ് അവരെക്കൂടി ഈ മാര്‍ഗത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നും ആര്‍.ശ്രീലേഖ പറഞ്ഞു.
ക്യാപ്ഷന്‍: ദക്ഷിണകേരളം സംഘശിക്ഷാവര്‍ഗിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പഥസഞ്ചലനം
Discussion about this post