കേസരി വാരികയുടെ മുന്‍ മുഖ്യപത്രാധിപരും, മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനുമായ ആര്‍. വേണുഗോപാല്‍ (96) കൊച്ചിയിലെ മാധവനിവാസില്‍ അന്തരിച്ചു. ബി.എം.എസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ്ങ് പ്രസിഡന്റ് ആയിരുന്നു. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐ.എല്‍.ഒ കോണ്‍ഫറന്‍സുകളില്‍ തുടര്‍ച്ചയായി 10 വര്‍ഷം ഇന്ത്യയുടെ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ചത് വേണുവേട്ടനായിരുന്നു.
പ്രസിദ്ധമായ നിലമ്പൂര്‍ രാജ കോവിലകത്ത് കൊച്ചുണ്ണി തമ്പാന്റെയും പാലക്കാട് കൊല്ലങ്കോടത്ത് രാവുണ്യാരത്ത് തറവാട്ടിലെ നാണിക്കുട്ടി അമ്മയുടെയും മകനായി 1925ല്‍ ജനിച്ച ഇദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം എന്തു ചെയ്യണമെന്ന കാര്യത്തില്‍ വേണുവേട്ടന് സംശയമുണ്ടായിരുന്നില്ല. ആര്‍എസ്എസ് പ്രചാരകനാവുക എന്നതല്ലാതെ മറ്റൊരു ചിന്തയും മനസ്സിലില്ലായിരുന്നു. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം കേരളത്തില്‍ എത്തിക്കാനായി നിയോഗിക്കപ്പെട്ട ദത്തോപാന്ത് ഠേംഗ്ഡിജിയുമായുള്ള സഹവാസവും സമ്പര്‍ക്കവും വേണുവേട്ടനെ ആര്‍എസ്എസ്സിന്റെ ഭാഗമാക്കിമാറ്റി.
പാലക്കാട്ടാണ് ആദ്യം പ്രചാരകനായെത്തിയത്. 1950 കളുടെ തുടക്കത്തില്‍ കോട്ടയത്ത് പ്രചാരകനായി. കണ്ണൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പ്രചാരകനായ വേണുവേട്ടന് ഇടയ്ക്ക് കുറച്ചു കാലം അസുഖബാധിതനായി വിശ്രമിക്കേണ്ടി വന്നു. പിന്നീട് ‘കേസരി’ വാരികയുടെ പത്രാധിപരായി.
ആര്‍എസ്എസ്സില്‍നിന്ന് ഭാരതീയ ജനസംഘത്തിലെത്തിയ വേണുവേട്ടന്‍ രണ്ട് വര്‍ഷം മാത്രമാണ് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചത്. 1966-67 കാലഘട്ടത്തിലായിരുന്നു ഇത്. സംഘപ്രചാരകനായിരിക്കെ ബിഎംഎസ് സ്ഥാപിച്ച ദത്തോപാന്ത് ഠേംഗ്ഡിയും കുറച്ചുകാലം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയുണ്ടായല്ലോ. ഈ വഴിയേ സഞ്ചരിച്ച വേണുവേട്ടനും ബിഎംഎസ്സിലേക്ക് നിയോഗിക്കപ്പെട്ടു.
1967 മുതല്‍ മൂന്ന് പതിറ്റാണ്ട് കാലമാണ് വേണുവേട്ടന്‍ ബി.എം.എസ്സിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഇക്കാലയളവില്‍ രാജ്യത്ത് അംഗസംഖ്യയില്‍ ഒന്നാമത്തെ തൊഴിലാളി സംഘടനയായി ബിഎംഎസ് വളര്‍ന്നു. ഒപ്പം വേണുവേട്ടനും. 2003 ല്‍ ഔദ്യോഗികസ്ഥാനമൊഴിയുമ്പോള്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു. ഇതിനിടെയാണ് ഐഎല്‍ഒയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പലതവണ പങ്കെടുത്തത്. ഒരു വര്‍ഷം ഐഎല്‍ഒ കോണ്‍ഫറന്‍സില്‍ ബിഎംഎസ്സിന്റെ തൊഴിലാളി സങ്കല്‍പം അവതരിപ്പിച്ച് തിരിച്ചെത്തിയപ്പോള്‍ ‘യു ഹാവ് ഡണ്‍ എ ഗ്രേറ്റ് ജോബ്’ എന്നാണ് വേണുവേട്ടനെ ഠേംഗ്ഡിജി പ്രശംസിച്ചത്.
എഴുപത്തിയെട്ടാമത്തെ വയസ്സിലാണ് വേണുവേട്ടന്‍ ബിഎംഎസ്സിന്റെ ഔദ്യോഗിക ചുമതലകള്‍ ഒഴിയുന്നത്. കേരളത്തില്‍ തിരിച്ചെത്തി എറണാകുളത്തെ ആര്‍എസ്എസ് ആസ്ഥാനമായ ‘മാധവനിവാസി’ല്‍ താമസമാക്കി. അവിടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രാന്തകാര്യാലയത്തില്‍ പൊതു ദര്‍ശനത്തിനു വെയ്ക്കും.
Discussion about this post