റോയി വര്‍ഗീസ് ഇലവുങ്കല്‍
ഇന്ന് ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരെ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കാനും കരുതലും അവസരങ്ങളും ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാം. പിഡബ്ല്യുഡി ആക്ട് പ്രകാരം കാഴ്ച പരിമിതര്‍, ശ്രവണ സംസാര പരിമിതര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, സെറിബല്‍ പാഴ്‌സി, പഠന വൈകല്യമുള്ളവര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ ഇങ്ങനെ…….
ഭിന്നശേഷിക്കാര്‍ 21 വിഭാഗങ്ങള്‍. ഇവര്‍ എല്ലാം വ്യത്യസ്ത ശേഷികള്‍ക്കും കഴിവുകള്‍ക്കും ഉടമകളാണ്. ഭിന്നശേഷിക്കാരിലെ ശേഷികളും കഴിവുകളും പരമാവധി പരിപോഷിപ്പിച്ച് ജീവിതത്തിന് പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്തം നമ്മില്‍ നിക്ഷിപ്തമായിരിക്കുന്നു, സമ സൃഷ്ടികളെ ചേര്‍ത്തു പിടിക്കാനും കരുത്തേകാനും അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുവാനും ഈ അവസരത്തില്‍ നമുക്ക് കഴിയണം.ഭിന്നശേഷിക്കാര്‍ നിരവധി കഴിവുകളുടെ ഉടമകളാണ്.
ഇവരുടെ ജന്മസിദ്ധ കഴിവുകള്‍ പരമാവധി പരിപോഷിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് നയിക്കുന്ന ബൃഹത്തായ ചുമതല ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണം.ഇവരുടെ കഴിവുകള്‍ വ്യത്യസ്തമാണ്. ഭിന്നശേഷിക്കാരിലെ കഴിവുകള്‍ കണ്ടെത്തി ജീവിത വിജയം നേടാന്‍ പ്രാപ്തരാക്കണം. ഭിന്നശേഷിക്കാരിലെ വ്യത്യസ്ത കഴിവുകള്‍ കണ്ടെത്തി അഭിരുചിക്കനുസൃതമായി പ്രോത്സാഹനവും പരിശീലനവും നല്‍കി സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാവണം ലക്ഷ്യം. കായികവും കര വിരുതലും കലാപരമായും കഴിവുകള്‍ ഉള്ളവരെ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കണം.
സ്‌കൂള്‍തലത്തിലും അതിനുശേഷം ഇവര്‍ കലാകായിക രംഗത്തും കര വിരുതിലും അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച് ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പ്രകടനങ്ങളാണ് പലപ്പോഴും കാഴ്ചവയ്‌ക്കുന്നത്. കലാകായികരംഗത്തും കര വിരുതിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുംഉന്നത വിജയങ്ങള്‍ നേടാന്‍ ഇവര്‍ക്ക് കഴിയും. ഭിന്നശേഷിക്കാരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി മതിയായ പരിശീലനം ലഭ്യമാക്കിയാല്‍ മതിയാകും നിരവധി കുട്ടികളാണ് കലാ കായികമേളകളിലും കരവിരുത് തെളിയിക്കുന്ന മത്സരങ്ങളിലും മികവ് തെളിയിക്കുന്നത്. വാര്‍ഷിക പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കും മെഡലുകളും നേടുന്നതിനപ്പുറം ഇവരുടെ മികവ് ജീവിത വിജയത്തിന് ഉതകം വിധം പ്രയോജനപ്പെടുത്താന്‍ ആകണം. അത്തരത്തിലുള്ള പരിശീലനവും ഭൗതിക സാഹചര്യങ്ങളും അവസരങ്ങളും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം . ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളും സാമുദായിക സാമൂഹിക സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അപ്പുറം ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ തൊഴില്‍ അഭ്യസനത്തിനും പഠനത്തിനനുസൃതമായ തൊഴില്‍ ലഭ്യതയും ഉറപ്പാക്കാന്‍ സാമൂഹിക ക്ഷേമ വകുപ്പിനും സാമുദായിക സാമൂഹ്യ സംഘടനകള്‍ക്കും കടപ്പാടും ഉത്തരവാദിത്വവും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. സര്‍ക്കാര്‍ നിയമനങ്ങളില്‍ നാല് ശതമാനം സംവരണം ലഭ്യമാക്കുന്നത് ഏറെ സ്വാഗതാര്‍ഹമാണ്. അതിനപ്പുറം വിദ്യാഭ്യാസത്തിനനുസൃതമായ തൊഴില്‍ ലഭ്യത ഉറപ്പാക്കേണ്ടിയിരിക്കുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഭിന്നശേഷിക്കാരില്‍ പലരും ജീവിത സന്താരണത്തിനു വേണ്ടി ഏറെ അലയുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്.
തൊഴില്‍ പരിശീലനം നേടിയവര്‍ക്കായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതിലൂടെ ജീവിത സന്താരണത്തിന് ആവശ്യമായ പണം സമ്പാദിക്കാനുള്ള സൗകര്യം ഉണ്ടാവണം. കൂടാതെ മതിയായ മൂല്യ ബോധനവും സന്മാര്‍ഗ ചിന്തകളും ഉണര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ സാമുദായിക സാമൂഹിക സന്നദ്ധ സംഘടനകളും ആരംഭിക്കണം. എല്ലാ ആരാധനാലയങ്ങളിലും ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. ചില ക്രൈസ്തവ സഭകള്‍ ഇവര്‍ക്കായി ചില സംരംഭങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നത് ഏറെ ശ്ലാഘനീയമാണ്. ഇത്തരം കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സഭകളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
ഭിന്നശേഷിക്കാരായ ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഭവനത്തിനും സമൂഹത്തിനും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല .ഇവരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും സമൂഹത്തില്‍ ഉത്തമ പൗരന്മാരാക്കുന്നതിനും ജീവിത സന്താരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ ഭിന്നശേഷി ദിനത്തില്‍ നമുക്ക് ഒരുമയോടെ പ്രവര്‍ത്തിക്കാം.













Discussion about this post