കൂറ്റനാട്: മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. ന്യൂമോണിയ ബാധിച്ച അക്കിത്തം തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെ 8.10ന് അന്തരിച്ചത്. 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. കീഴായൂര്‍ ആലമ്പിള്ളി മനയ്ക്കല്‍ ശ്രീദേവി അന്തര്‍ജനമാണ് ഭാര്യ. ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവന്‍ ചിത്രകാരനാണ്. ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അക്കിത്തം.
വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍ പങ്കാളിയായ വ്യക്തിയാണ് അക്കിത്തം. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2008ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ് (അന്തിമഹാകാലം) എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. ഒപ്പം ജ്ഞാനപീഠവും പത്മശ്രീയും. ഭാരതീയതിയില്‍ അടിസ്ഥാനമാക്കി നിരുപാധികം സ്നേഹം വരച്ചു കാട്ടിയ കവിയാണ് 93ാം വയസില്‍ യാത്രയാകുന്നത്.

1930കളില്‍ പുരോഗമനപരമായി ചിന്തിച്ച മറ്റേതൊരു നമ്പൂതിരി യുവാവിനെയും പോലെ സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെയാണ് അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് വി.ടി. ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ആ പ്രക്ഷോഭത്തില്‍ പഴകിയ ആചാരങ്ങളുടെ പായല്‍ പിടിച്ച തറവാട്ടകങ്ങളില്‍ നിന്ന് പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ഇറങ്ങി നടന്നു അദ്ദേഹമുള്‍പ്പടെയുള്ള തലമുറ. സംസ്‌കൃതവും വേദവുമല്ലാതെ, മലയാളവും ഇംഗ്ലീഷും പഠിച്ചു. ഇടേശരിയുടെ നേതൃത്വത്തില്‍ പൊന്നാനിയിലുരുവം കൊണ്ട ഒരു സാംസ്‌കാരികപരിസരം അക്കിത്തത്തിലെ കവിയെ വളര്‍ത്തി. ഇടശേരിയുടെ കവിത പാമ്പര്യവുമായി അക്കിത്തം ഭാരതീയ ദര്‍ശനത്തിലൂടെ സ്നേഹത്തെ വിവരിച്ചു.
‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’എന്ന് കാലങ്ങള്‍ക്കു മുമ്പേ, എഴുതി. 1948-49 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്ത്വത്തില്‍ നിന്നുമാണ് ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം എന്ന കവിത അക്കിത്തം എഴുതുന്നത്. ആ കവിത പുറത്തുവന്നതോടെ ഇഎംഎസ്് തുടങ്ങിയ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്മ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു. ഭാരതീയ പാരമ്പര്യത്തില്‍ അഭിരമിക്കുന്ന സാഹിത്യകാരന്മാരുടെ സംഘടനയായ തപസ്യയുടെ അധ്യക്ഷനായും അക്കിത്തം പ്രവര്‍ത്തിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം മാറിയത് സാഹിത്യ സൃഷ്ടികളിലൂടെയാണ്. മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയായി. ഇരുപത്തിയാറാം വയസിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയത്. ഹിംസാത്മകമായ സമരങ്ങളെ, ഇടതുപക്ഷമുന്നേറ്റം നടന്ന കാലഘട്ടത്തില്‍ എതിര്‍ത്തതോടെ അക്കിത്തത്തെ ഇടതുപക്ഷവിരുദ്ധനായി മുദ്രകുത്തി.
കമ്മ്യൂണിസത്തിനെതിരായിരുന്നില്ല, ആ കവിത ഹിംസയ്ക്ക് എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറഞ്ഞിട്ടുണ്ട്. യുദ്ധവും നഗരവത്കരണം സൃഷ്ടിച്ച അരക്ഷിതത്വവും സ്നേഹശൂന്യമായ കാലത്തിന്റെ സങ്കടകഥകളും കവിതകളില്‍ നിറച്ചു. ഗാന്ധിയന്‍ ആത്മീയതയും അതിന്റെ മുഖമുദ്രയായ മാനവികതയും അക്കിത്തത്തിന്റെ കവിതകളുടെ അന്തര്‍ധാരയാണ്. ‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’ എന്നെഴുതിയ കവിയുടെ രചനകളുടെയും ജീവിതത്തിന്റെയും അന്തഃസത്തയായിത്തന്നെ നില്‍ക്കുന്നു ആ വരികള്‍. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു. എട്ട് വയസുമുതല്‍ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താല്‍പര്യം കാട്ടിയിരുന്നു. കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി.
വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നു, ഗാന്ധിജി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവര്‍ത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തിരഞ്ഞെടുത്ത കവിതകള്‍, കവിതകള്‍ സമ്പൂര്‍ണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍, മനസാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം, അനശ്വരന്റെ ഗാനം, സഞ്ചാരികള്‍, കരതലാമലകം, ദേശസേവിക, സാഗരസംഗീതം (സി.ആര്‍. ദാസിന്റെ ഖണ്ഡകാവ്യ വിവര്‍ത്തനം) എന്നിവയാണ് മറ്റ് കവിതാസമാഹാരങ്ങള്‍. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിക്കൊട്ടില്‍ എന്നീ ബാലസാഹിത്യകൃതികളും കടമ്പിന്‍പൂക്കള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥകളും ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. അക്കിത്തം കവിതകള്‍ നിരവധി ഭാരതീയ, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post