ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരച്ചിൽ ശക്തമാക്കി സൈന്യം. ഹന്ദ്വാരയിലെ ചിനാർ പാർക്കിൽ നിന്നും രണ്ട് ലഷ്കർ ഭീകരരെ സുരക്ഷാസേന പിടികൂടി. ഇവർ ദക്ഷിണ കശ്മീരിലെ ഭീകരർക്ക് ആയുധവും പണവും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നവരാണെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
രജൗറിയിൽ നടത്തിയ പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ വനമേഖലയിലെ ഒളിത്താവളത്തിൽ നിന്നും ഓട്ടോമാറ്റിക് എകെ-47 തോക്കുകൾ, ബുള്ളറ്റുകൾ, ചൈനീസ് പിസ്റ്റളുകൾ, ഡിറ്റണേറ്ററുകൾ, മാഗസീനുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മഞ്ചക്കോട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി രജൗറി പൊലീസ് സൂപ്രണ്ട് ചന്ദൻ കോഹ്ലി പറഞ്ഞു. അതേസമയം ബിജെപി പ്രവർത്തകരുടെ ബലിദാനം വെറുതെയാകില്ലെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദ്ര റെയ്ന വ്യക്തമാക്കി.
Discussion about this post