ബംഗളൂരു: ബിനീഷ് കോടിയേരി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് പുതിയ തലങ്ങളിലേക്ക്. അര്‍ബന്‍ നക്‌സലുകളും തീവ്രവാദികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലേക്കാണ് കേസിന്റെ പുരോഗതി വിരല്‍ചൂണ്ടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ചില മലയാള സിനിമക്കാര്‍ ബംഗളൂരുവിലെ നിശാപാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മലയാളി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതോടെ ആഭ്യന്തര സുരക്ഷ വിഭാഗം ബിനീഷിനെ ചോദ്യം ചെയ്യുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ബിനീഷ് കോടിയേരിയുമായി നല്ല ബന്ധമാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ ആഭ്യന്തര സുരക്ഷ വിഭാഗം ശേഖരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരുവില്‍ നടന്ന സിഎഎ പ്രക്ഷോഭങ്ങളിലുള്ള മലയാളി സാന്നിധ്യം പല മാധ്യമങ്ങളും തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ കേസിലെ മയക്കുമരുന്ന് ലോബിക്ക് ലഭിച്ച പണം വിനിയോഗിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ആഭ്യന്തര സുരക്ഷ വിഭാഗത്തിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കാണ് എത്തിനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ട് എഫ്‌ഐആറുകളാല്‍ ആഭ്യന്തര സുരക്ഷവിഭാഗം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റു ചെയ്ത മലയാളികളായ അനൂപ് മുഹമ്മദ്, റജീഷ് രവീന്ദ്രന്‍, സിസിബി അറസ്റ്റു ചെയ്ത നിയാസ് മുഹമ്മദ്, തിരുവനന്തപുരം സ്വദേശികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ ഇപ്പോള്‍ കര്‍ണാടകയില്‍ റിമാന്‍ഡിലാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ് സംബന്ധിച്ചാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിലായ അനൂപ് മുഹമ്മദ് നടത്തിയിരുന്ന ഹോട്ടലിന്റെ ഉടമ ബിനീഷാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിലെ ഹോട്ടലില്‍ അനൂപിനെ മറയാക്കി ബിനീഷ് പണം മുടക്കുകയായിരുന്നു. മയക്കുമരുന്ന് ബിസിനസിനായാണ് അനൂപ് ഇത് ഏറ്റെടുത്തതെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. അനൂപിന്റേയും സംഘത്തിന്റെയും ലഹരി മരുന്ന് ഇടപാടുകള്‍ നിരീക്ഷച്ചതിനുശേഷമാണ് എന്‍സിബി ഇവരെ പിടികൂടുന്നത്. 25 ലക്ഷം മുന്‍കൂര്‍ നല്‍കി പ്രതിമാസം മൂന്നര ലക്ഷം രൂപ വാടകയ്ക്കാണ് അനൂപ് മുഹമ്മദ് കല്യാണ്‍ നഗറിലെ റോയല്‍സ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരാണ്. ബംഗളൂരു മയക്കുമരുന്നു കേസിനു തീവ്രവാദബന്ധവുമുണ്ടെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ കര്‍ണാടകയില്‍ നടന്ന സമരങ്ങളില്‍ ഈ ലഹരിമാഫിയ സംഘം സജീവമായിരുന്നുവെന്നും അക്രമങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നുമാണ് അന്വേഷകര്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.
Discussion about this post