അഭയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ കോടതി. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കുമാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. കേസില്‍ വിചാരണ നേരിട്ട രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു.
കൊലക്കുറ്റം തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ശിക്ഷാ വിധി.
ഇരുപത്തിയെട്ടു വര്‍ഷം നീണ്ട അന്വേഷണ പരീക്ഷണങ്ങളും അട്ടിമറി നാടകങ്ങളും കടന്ന് ഇന്നലെയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ പ്രതികളെ കോടതിയില്‍ എത്തിച്ചിരുന്നു. പ്രതികളെ ആശ്വസിപ്പിക്കാന്‍ ഇന്നലെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നെങ്കിലും ഇന്ന് അവരാരും എത്തിയിരുന്നില്ല. നിയമവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ വിധികേള്‍ക്കാന്‍ എത്തിയവരെക്കൊണ്ട് കോടതിമുറി തിങ്ങിനിറഞ്ഞിരുന്നു. കണ്ണടച്ചുനിന്നാണ് സെഫി വാദങ്ങളും ശിക്ഷാവിധിയും കേട്ടത്
അപൂര്‍വങ്ങളില്‍ അപൂര്‍വകേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂര്‍ അര്‍ബുദരോഗിയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നുമായിരുന്നു സെഫി ആവശ്യപ്പെട്ടത്.
സഭയുടെ തിരുവസ്ത്രമണിഞ്ഞവര്‍ തന്നെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ കൈക്കോടാലി കൊണ്ട് തലയ്ക്കടിച്ച്, കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അഭയയ്ക്കും മകളുടെ ദുരൂഹമരണത്തിന്റെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ മരണമടഞ്ഞ പിതാവ് ഐക്കരക്കുന്നേല്‍ തോമസിനും മാതാവ് ലീലാമ്മയ്ക്കും മൂന്നു പതിറ്റാണ്ടോളം വൈകിക്കിട്ടുന്ന നീതി, കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വാദ്ധ്യായം കൂടിയാണ്.
രണ്ടു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി സി.ബി.ഐ ജഡ്ജി കെ.സനില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്. തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതി ഫാ തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു.
Discussion about this post