കൊച്ചി: ആയുര്‍വ്വേദ ശാസ്ത്രത്തിന്റെ മഹിമ ലോകത്തെ അറിയിച്ച മഹാത്മാവായിരുന്നു ഡോ. പി.കെ. വാരിയരെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. ആയുര്‍വ്വേദ ശാസ്ത്രത്തേയും ആയുര്‍വ്വേദ ചികിത്സാ രീതിയേയും അതിന്റെ തനിമ നഷ്ടപ്പെടാതെ ആധുനിക കാലത്തിന് അനുയോജ്യമായ രീതിയില്‍ വികസിപ്പിച്ചെടുത്ത കോട്ടക്കല്‍ ആര്യവൈദ്യശാല ആരോഗ്യ രംഗത്ത് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ആരോഗ്യ ശാസ്ത്രരംഗവും, ആരോഗ്യ മേഖലയും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ആയുര്‍വ്വേദത്തിന് നിസ്തുലമായ പങ്കാണ് വഹിക്കാനുള്ളത്. ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയില്‍ വരുമാനത്തിന്റെ നിശ്ചിത പങ്ക് സൗജന്യ ചികിത്സയ്ക്കും മറ്റു സേവാ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാതൃക സ്വകാര്യ സംരംഭങ്ങള്‍ക്ക് അനുകരണീയമാണ്. നൂറ് വര്‍ഷം ആരോഗ്യത്തോടെ ജീവിക്കുകയും അമ്പത് വര്‍ഷത്തോളം കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയെ നയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് മാതൃകയാണ്. ആയുര്‍വ്വേദം ഒരു ചികിത്സാരീതിയെന്നതിനപ്പുറം ഒരു ജീവിതരീതിയാണെന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പ്രചരിപ്പിച്ചത്.അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നു.
Discussion about this post