കോട്ടയം: ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷബ് ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു.
ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികൾ വലവിരിച്ചുവെന്ന് തിരിച്ചറിയണം. നാം ഒരുപാട് വൈകിപ്പോയി. ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട്. ഹലാൽ വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.
Discussion about this post