തിരുവനന്തപുരം: കാലാവസ്ഥാമാറ്റം കേരളത്തെ രൂക്ഷമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് ശാസ്ത്രജ്ഞന്‍ ഡോ.ബിജുകുമാര്‍. കാലാവസ്ഥാവ്യതിയാനവും കേരളവും എന്ന വിഷയത്തില്‍ സ്വദേശി ജാഗരണ്‍മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധ്രുവമേഖലകളില്‍ മഴ പെയ്യുന്നതും ശൈത്യമേഖലയില്‍ ചൂട് കൂടുന്നതും കാലാവസ്ഥാമാറ്റത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. കാട് മുതല്‍ കടല് വരെയുള്ളതായാണ് കേരളത്തിന്റെ പരിസ്ഥിതിയുടെ സമഗ്രത. പ്രളയത്തിന് ശേഷം കേരളം എങ്ങനെ മാറി എന്നത് വിലയിരുത്തണം. പശ്ചിമഘട്ടമേഖലയെയും തീരദേശത്തെയും അതെങ്ങനെ ബാധിച്ചു എന്ന് ചര്‍ച്ച ചെയ്യണം. പുഴയ്ക്ക് പുഴയുടെ വഴി വേണം. കേരളത്തിന് കൃത്യമായ ഭൂനയമില്ല. ജൈവവൈവിധ്യമാനേജ്‌മെന്റ് കടലാസില്‍ മാത്രം മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനമര്‍ദ്ദം മൂലമുണ്ടാകുന്ന മഴ കാലം തെറ്റി വരുന്നതാണ്. മതിയായ മഴ കിട്ടിയെന്നത് ആശ്വസിക്കാനുള്ള വക നല്‍കുന്നില്ല. കാലവര്‍ഷത്തെ ആധാരമാക്കിയ ഭാരതീയകൃഷിരീതിക്ക് ഈ മാറ്റം തടസ്സമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാം ലോകരാജ്യങ്ങളെയാണ് കാലാവസ്ഥാവ്യതിയാനം കൂടുതലായി ബാധിക്കും. സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിന് കൃഷി, മത്സ്യബന്ധനം, വനം എന്നീ മേഖലകളെ ആശ്രയിക്കുന്ന ഭാരതമടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതസന്ധിയെ നേരിടേണ്ടി വരും. സമുദ്രജലനിരപ്പ് ഉയരുന്നത് കൊച്ചിയടക്കമുള്ള തീരദേശനഗരങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലെന്ന് ഡോ. ബിജുകുമാര്‍ പറഞ്ഞു. പരിപാടിയില്‍ ഡോ. ശ്രീധര്‍ രാധാകൃഷ്ണന്‍, രഞ്ജിത് കാര്‍ത്തികേയന്‍, സി.ജി. കമലാകാന്തന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post