ന്യൂദല്‍ഹി: മതംമാറ്റം നടത്തുന്ന പുരോഹിതരുടെയും മിഷനറിമാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗി കമ്മീഷന്‍ പോലെ രാജ്യവ്യാപകമായി ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ ക്രൈസ്തവസഭകള്‍ പാപങ്ങള്‍ ഏറ്റുപറയുകയാണ്. തെറ്റെന്ന് ബോധ്യമായവ തിരുത്താന്‍ ഭാരതത്തിലും സഭ തയ്യാറാകണമെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന്റെ ശാപത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുന്നതിന് കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണ്. ഫ്രാന്‍സില്‍ മാത്രം 330,000 കുട്ടികള്‍ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായി എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഫ്രാന്‍സിലെ പുരോഹിതരുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്ന കമ്മീഷന്‍ രണ്ടര വര്‍ഷത്തെ പഠനത്തിന് ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ചര്‍ച്ച് ഓഫ് ഫ്രാന്‍സ് മുമ്പ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പക്ഷേ, ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ബിഷപ്പിന് മാപ്പ് പറയേണ്ടി വന്നു.
ആത്മപരിശോധനയ്ക്കും പരിഷ്‌കരണത്തിനുമുള്ള സമയമാണിതെന്ന് ക്രൈസ്തവസഭകള്‍ തിരിച്ചറിയണമെന്ന് സുരേന്ദ്രജെയിന്‍ പറഞ്ഞു. ഭാരതത്തിലടക്കം മതപരിവര്‍ത്തന ഗൂഢാലോചന അവസാനിപ്പിക്കുകയും സ്വയം പരിഷ്‌കരിക്കാന്‍ പുരോഹിതരെ പ്രേരിപ്പിക്കുകയും വേണം.
ഇന്ത്യയില്‍ സഭയുടെ ചരിത്രവും വര്‍ത്തമാനവും ലജ്ജാകരമായ സംഭവങ്ങള്‍ നിറഞ്ഞതാണ്. ഗോവയിലെ പീഡനകാലം മുതല്‍ സ്വാമി ലക്ഷ്മണാനന്ദയുടെയും പാല്‍ഘര്‍ സ്വാമിമാരുടെയും കൊലപാതകം വരെ അവരുടെ ചരിത്രം രക്തരൂക്ഷിതമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നക്സലൈറ്റുകളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടമാണ്. ഈ പാപങ്ങള്‍ വെളിപ്പെടുമ്പോള്‍, ക്ഷമ ചോദിക്കുന്നതിനുപകരം, കുറ്റവാളികളെ സഭ മഹത്വവല്‍ക്കരിക്കുന്നത് അപലപനീയമാണെന്ന് സുരേന്ദ്രജെയിന്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ നിന്ന് വിട്ടയച്ചതിന് ശേഷമാണ് സ്വീകരണങ്ങള്‍ നടന്നതെന്ന് ഓര്‍ക്കണം. മതംമാറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ കര്‍ശന നിയമം കൊണ്ടുവരണം. പാപങ്ങള്‍ ഏറ്റുപറഞ്ഞ് മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സഭ തയ്യാറാകണമെന്ന് വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു.
Discussion about this post