ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങൾ അടിച്ചു തകർത്ത സംഭലത്തിൽ ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കദിം മയ്ജതിയിലെ കാളി മന്ദിർ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
22 കാരനായ മുനാവർ റഷീദ്, ഡോക്ടറായ കാഫിൽ ഉദ്ദിൻ, 15 ഉം, 16 ഉം വയസ്സുള്ള ആൺകുട്ടികൾ എന്നിവരാണ് അറസ്റ്റിലായത്. സംഭവശേഷം പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ആക്രമികളെ തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇമാം ആയ റഷീദിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ ക്ഷേത്രം അധികാരി ബീരേന്ദ്ര ചന്ദ്ര ബൊർമോൺ നൽകിയ പരാതിയിലാണ് അറസ്റ്റ്. 43 പേർക്കെതിരെയാണ് ബൊർമോൺ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെയോടെയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. ദുർഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ക്ഷേത്രത്തിലേക്ക് അതിക്രമിച്ചു കടന്ന അക്രമി സംഘം വിഗ്രഹങ്ങൾ അടിച്ചു തകർക്കുകയും പന്തൽ തകർക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച വിശ്വാസികളെയും ഇവർ മർദ്ദിച്ചു.
Discussion about this post