ഇസ്ലാമാബാദ്: ഐഎസ്‌ഐ ഡയറക്ടര്‍ ജനറലിന്റെ നിയമനം സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടെ പാക്ക് സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചു. ഒക്‌ടോബര്‍ 6 നാണ് നിലവിലുള്ള ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഫയസ് ഹമീദിനെ മാറ്റി പകരം നദീം അഹമ്മദ് അന്‍ജുമിനെ നിയമിക്കാന്‍ സൈന്യം തീരുമാനിച്ചത്. എന്നാല്‍ സൈന്യത്തിന്റെ ഈ ഉത്തരവ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിഷേധിക്കുകയാരിന്നു. വിഷയത്തില്‍ സര്‍ക്കാരും സേനയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് ജാവേദ് ബജ്‌വ ഇന്നലെ ഐഎസ്‌ഐ ആസ്ഥാനത്തെത്തിയത്.
ബജ്‌വയെ ഐഎസ്‌ഐ മേധാവി ഫയസ് ഹമീദ് സ്വീകരിച്ചു. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം പാകിസ്ഥാനില്‍ നടന്നിട്ടുള്ള ആഭ്യന്തരപ്രശ്‌നങ്ങള്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായെന്ന് സേനാവൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം ഒക്‌ടോബര്‍ ആറിന്റെ സൈനിക ഉത്തരവുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണ് സേനാമേധാവിയുടെ സന്ദര്‍ശനമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആറ് നിയമനങ്ങളാണ് ഉത്തരവിലൂടെ സൈന്യം നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതില്‍ ഗുജ്‌റന്‍വാല സേനാ കമാന്‍ഡറായി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ആമിര്‍ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ഫയസ് ഹമീദിനെ സേനാമേധാവി കണ്ടത്. ഹമീദിനെ പെഷവാര്‍ കമാന്‍ഡറായാണ് മാറ്റിയതെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ല.
Discussion about this post