ന്യൂദല്‍ഹി: സേനാമേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ ഭീഷണിക്കു മുന്നില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക് ഭരണകൂടവും മുട്ടുകുത്തി. ഐഎസ്‌ഐ മേധാവിയായി ലഫ്. ജനറല്‍ നദീം അന്‍ജും നവംബര്‍ 20ന് ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ഫായിസ് ഹമീദിന് പകരമാണിത്. ഫായിസ് ഹമീദ് കോര്‍ കമാന്‍ഡിലേക്ക് മാറും.
പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അഭിപ്രായം പരിഗണിക്കാതെ ഐഎസ്‌ഐ മേധാവിയെ നിയമിച്ച സേനാ മേധാവി ബജ്‌വയുടെ തീരുമാനം സൈന്യവും ഭരണകൂടവും തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചിരുന്നു. തീരുമാനം നടപ്പാകില്ലെന്നായിരുന്നു ഇമ്രാന്റെ വാദം. ഐഎസ്‌ഐ മേധാവിയെ നിയമിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കാണെന്ന് ചൂണ്ടിക്കാട്ടി പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവച്ചുകൊടുക്കാന്‍ ബജ്‌വ തയ്യാറായില്ല. ഭരണകൂടത്തിന്റെ എതിര്‍പ്പിനിടെ സേനാമേധാവി ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.
മൂന്ന് സൈനിക അട്ടിമറികള്‍ നടന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഓര്‍മ്മിപ്പിച്ചാണ് ഭരണകൂടത്തെ ബജ്‌വ അടക്കിനിര്‍ത്തിയെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ സൈനികവൃത്തങ്ങള്‍ നിഷേധിച്ചു. ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്‍ജുമിനെ ഡയറക്ടര്‍ ജനറലായ നിയമിക്കുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് പാക് പിഎംഒയും അറിയിച്ചു.
പ്രതിരോധ മന്ത്രാലയം അയച്ച പുതിയ ചാര മേധാവിയുടെ പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി അഭിമുഖം നടത്തുന്നത് ഇതാദ്യമാണെന്ന് പാകിസ്ഥാന്‍ പത്രമായ ‘ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ വാദം ലോകത്തിന് മുന്നില്‍ ഇമ്രാന്റെ മുഖം വികൃതമാകാതിരിക്കാനുള്ളതെന്നാണ് വിലയിരുത്തല്‍.
മുന്‍ ഐഎസ്‌ഐ മേധാവി ലഫ്. ജനറല്‍ ഫായിസ് ഹമീദിനെ പെഷവാര്‍ കോര്‍ കമാന്‍ഡറായി നിയമിച്ച് ഒക്ടോബര്‍ ആറിനാണ് സൈന്യം ഉത്തരവിട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് അംഗീകാരം നല്‍കിയില്ല. ഇമ്രാന്റെ അടുപ്പക്കാരനായ ഫായിസ് ഹമീദാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായുള്ള സംഭാഷണത്തിന് ചുക്കാന്‍ പിടിച്ചത്. താലിബാന്‍ അനുകൂല നിലപാടുകളുകളുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ അപലപിക്കപ്പെട്ടപ്പോള്‍ ഹമീദ് കാബൂള്‍ സന്ദര്‍ശിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കിയിരുന്നു.
Discussion about this post