തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവല്‍, ചെറുകഥാ രചനാ രംഗത്ത് പി. വത്സല നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാനവികതയുടെ അപചയങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരി നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികള്‍ക്ക് രചനകളില്‍ ഇടം നല്‍കി. യാഥാസ്ഥിതികത്വത്തില്‍ നിന്നുമുളള വിമോചനം സ്വപ്നം കണ്ട എഴുത്തുകാരിയാണ് പി വത്സലയെന്നും മന്ത്രി പറഞ്ഞു.
അടിയാള ജീവിതത്തിനെ എഴുത്തില്‍ ആവാഹിച്ച പി വത്സല പ്രാദേശികവും സ്വത്വപരവുമായ കേരള പാരമ്പര്യങ്ങളെ രചനകളില്‍ അതിമനോഹരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ചെയര്‍മാനായ പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. ഡോ.ബി. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.
നെല്ല് ആണ് പി വത്സലയുടെ ആദ്യനോവല്‍. എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്‍, മരച്ചോട്ടിലെ വെയില്‍ചീളുകള്‍, മലയാളത്തിന്റെ സുവര്‍ണകഥകള്‍, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.
Discussion about this post