ന്യൂദല്‍ഹി: സുരക്ഷാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉന്നതതല ഉച്ചകോടി ഇന്ന് തലസ്ഥാനത്ത് നടക്കും. അഫ്ഗാന്‍ സാഹചര്യങ്ങളെ വിലയിരുത്തുകയാവും ഇക്കുറി യോഗത്തിന്‍റെ പ്രധാന ഉന്നം. വിവിധരാജ്യങ്ങളുടെ സുരക്ഷാകൗണ്‍സില്‍ മേധാവിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിക്കും.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നിര്‍ണായക യോഗത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പി. പത്രുഷേവ്, ഇറാന്‍റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി റിയര്‍ അഡ്മിറല്‍ അലി ഷംഖാനി, കസാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി ചെയര്‍മാന്‍ കരിം മാസിമോവ്, കിര്‍ഗിസ്ഥാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മറാട്ട് മുകനോവിച്ച് ഇമാന്‍കുലോവ്, താജിക്കിസ്ഥാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നസ്രുല്ലോ റഹ്മത്ജോണ്‍ മഹ്മൂദ്സോദ, ഡെപ്യൂട്ടി ചെയര്‍മാന്‍ ചാരിമിരത് കകലിയേവിച്ച് അമവോവ് എന്നിവരും പങ്കെടുക്കും.
2018ലും 2019ലും ഇറാനാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചിരുന്നത്. താലിബാന്‍ ആധിപത്യത്തിന് ശേഷം അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാസ്ഥിതിഗതികള്‍ ചര്‍ച്ചയില്‍ അവലോകനം ചെയ്യും. ‘സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ചാണ് യോഗം പ്രധാനമായും ആലോചിക്കുന്നത്. അതേസമയം പാകിസ്ഥാന്‍ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുന്നില്ല.
താലിബാന്‍ ഭരണകൂടത്തിന്റെ രക്ഷാധികാരിയായി സ്വയം പ്രഖ്യാപിച്ച പാകിസ്ഥാന്‍റെ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. 2018 ലും 2019 ലും പാകിസ്ഥാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Discussion about this post