ബലൂചിസ്ഥാന്‍: ബലൂച് വിദ്യാര്‍ത്ഥികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോയതിനെതിരെ പ്രക്ഷോഭം കനക്കുന്നു. ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങിയത്. ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ താമസിക്കുന്ന ലാല്‍ മുഹമ്മദ്, സൊഹൈല്‍ അഹമ്മദ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ബലൂച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
അതേസമയം ബലൂചിസ്ഥാനില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാക് അധിനിവേശത്തിന് ശേഷം ആയിരക്കണക്കിന് ബലൂചികളെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അവരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ‘കൊന്നു വലിച്ചെറിയുക’ എന്ന പാക് നയത്തിന്റെ ഇരകളാണിവരെന്ന് ബലൂചിസ്ഥാന്‍ പോസ്റ്റ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മനുഷ്യാവകാശ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്കുള്ളതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ നേരത്തെ പുറം ലോകം കാണാതിരുന്നത്. ജനങ്ങളെ നിശബ്ദരാക്കാനാണ് വിദ്യാര്‍ത്ഥികളടക്കമുള്ള ബലൂചികളെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്നത്. ഇങ്ങനെ കാണാതായവരില്‍ ഏറിയ കൂറും കൊല്ലപ്പെട്ടു. ശേഷിക്കുന്നവര്‍ പാക് സൈന്യത്തിന്റെ രഹസ്യ സെല്ലുകളില്‍ കൊടിയ പീഡനം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട് .
Discussion about this post