സ്വാതന്ത്ര്യത്തിന് മുമ്പ് ത്രിപുര ബംഗാളിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനം കൊമില്ലയും ആയിരുന്നു. കളക്ടര്‍ സ്റ്റീവന്‍സിന്റെ മര്ദ്ദകഭരണമായിരുന്നു അവിടെ. സ്റ്റീവന്സിനെതിരെ വിപ്ലവകാരികള്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു. കര്‍ക്കശമായ സുരക്ഷയുണ്ടായിരുന്നതിനാല് ദൗത്യം എളുപ്പമായിരുന്നില്ല. ഒട്ടുമിക്ക ഓഫീസ് ജോലികളും വീട്ടിലിരുന്നാണ് അദ്ദേഹം ചെയ്തിരുന്നത്.
കോമില്ലയിലെ ഫൈസന്നൂസ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു കല്യാണിദേവി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗുരു വേണിമാധവ് ദാസിന്റെ മകളായിരുന്നു അവര്‍. അദ്ദേഹത്തിന്റെ ഇളയ സഹോദരി വീണാ ദാസ് ബംഗാള്‍ ഗവര്‍ണറായിരുന്ന സ്റ്റാന്‍ലി ജാക്സനെ കൊലപ്പെടുത്തിയ കേസില്‍ പതിമൂന്ന് വര്‍ഷം തടവ് അനുഭവിക്കുകയായിരുന്നു. തീ പടര്‍ത്തിയ ബാല്യവും കുടുംബവുമായിരുന്നു കല്യാണിദേവിയുടേത്. സ്വാഭാവികമായും അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികളിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അഗ്നി ജ്വലിച്ചിരുന്നു.
ഒരു ദിവസം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ശാന്തി ഘോഷിനെയും സുനിതി ചൗധരിയെയും കല്യാണി ദേവി തന്റെ അടുത്തേക്ക് വിളിച്ചു. ഇരുവരും വളരെ ധീരരും ബുദ്ധിശാലികളുമായിരുന്നു. ഇവര്‍ മൂവരും ചേര്‍ന്ന് സ്റ്റീവന്‍സിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി. 1931 ഡിസംബര്‍ 14ന് ശാന്തിയും സുനിതിയും സ്കൂള്‍ യൂണിഫോമില്‍ സ്റ്റീവന്‍സിന്റെ വീട്ടിലെത്തി. ഇരുവരും നിറച്ച പിസ്റ്റള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നു. ‘ഞങ്ങളുടെ സ്കൂളില്‍ മൂന്ന് മൈല്‍ നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നുണ്ടെന്നും അതില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ സഹകരണം വേണമെന്നും അതിനായാണ് എത്തിയതെന്നും കവാടത്തിലെ സെക്യൂരിറ്റിക്കാരനോട് അവര്‍ പറഞ്ഞു.
കാവല്ക്കാരന് അവരെ അവിടെ നിര്‍ത്തി അകത്തേക്ക് പോയി കത്ത് സ്റ്റീവന്‍സിന് നല്കി. സ്റ്റീവന്‍സ് കൂടിക്കാഴ്ച അനുവദിച്ചു. ബാഗുകള്‍ അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ശാന്തിയെയും സുനിതിയെയും അകത്തേക്ക് കടത്തിവിട്ടത്.
അകത്തേക്ക് കയറിയ ഇരുവരും കളക്ടറോട് കുശലം പറഞ്ഞു, നീന്തല്‍ മത്സരത്തിനിടെ വള്ളം, സ്റ്റീമര്‍, മോട്ടോര്‍ ബോട്ട് തുടങ്ങിയവ നദിയില്‍ നിന്ന് ഇറങ്ങരുതെന്നും അങ്ങനെ മത്സരം കൃത്യമായി പൂര്‍ത്തിയാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.
”അപേക്ഷയില്‍ നിങ്ങളുടെ സ്കൂളിലെ പ്രിന്‍സിപ്പലിന്റെ ഒപ്പ് ഇല്ലല്ലോ. ആദ്യം അത് ശരിയാക്കൂ. എന്നിട്ട് ഞാന്‍ അനുവാദം തരാം.” സ്റ്റീവന്‍സ് പറഞ്ഞു.
ദയവുചെയ്ത് അക്കാര്യം അതില്‍ എഴുതിത്തരൂ എന്ന് കുട്ടികള്‍ കളക്ടറോട് അഭ്യര്‍ത്ഥിച്ചു. സ്റ്റീവന്‍സ് പേന എടുത്ത് എഴുതാന്‍ തുടങ്ങി. അതേസമയം ഇരുവരും വസ്ത്രത്തില്‍ ഒളിപ്പിച്ച പിസ്റ്റള്‍ എടുത്ത് സ്റ്റീവന്‍സിന് നേരെ വെടിയുതിര്‍ത്തു. ബുള്ളറ്റിന്റെ ശബ്ദം കേട്ട് പുറത്ത് നിന്നിരുന്ന കാവല്‍ക്കാരും ഓഫീസില്‍ ഇരിക്കുന്ന ഗുമസ്തരും അകത്തേക്ക് ഓടിയെങ്കിലും അപ്പോഴേക്കും സ്റ്റീവന്‍സിന്റെ കഥ കഴിഞ്ഞിരുന്നു.
പെണ്‍കുട്ടികളെ പിടികൂടി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. അന്ന് ശാന്തിക്ക് പതിനാലും സുനിതിക്ക് പതിനാലര വയസ്സും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തൂക്കിലേറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍, ജീവപര്യന്തം കാലാപാനിക്ക് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാനിലേക്ക് അയച്ചു.
വിപ്ലവകാരികള്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തിന് തങ്ങളുടെ യൗവന സ്വപ്നങ്ങള്‍ ബലിയര്‍പ്പിച്ചാണ് ധീരരായ പെണ്‍കുട്ടികള്‍ പ്രതികാരം ചെയ്തത്.
Discussion about this post