ലുധിയാന :പഞ്ചാബ് കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത ഭീകര സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിലെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ജര്‍മനിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ജസ്വീന്ദര്‍ സിങ് മുള്‍ട്ടാനിയെ എന് പേരുള്ള ഇയാള്‍ തിങ്കളാഴ്ച അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.
ജര്‍മനിയിലെ എര്‍ഫര്‍ട്ടില്‍ നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മന്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മുള്‍ട്ടാനിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പഞ്ചാബ് കോടതിയിലെ സ്‌ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാനിലും, ജര്‍മ്മനിയിലും താമസിച്ചുവരുന്ന നിരോധിത സിഖ് സംഘടനകളുടെ നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണ സമയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മനിയില്‍ വെച്ച് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, ഗ്രനേഡുകള്‍ എന്നിവ പാക്കിസ്ഥാന്റേയും കള്ളക്കടത്തുകാരുടേയും സഹായത്തോടെ അതിര്‍ത്തി വഴി രാജ്യത്ത് എത്തിക്കുന്നതായാണ് സൂചന.
Discussion about this post