ശ്രീനഗര്‍: കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്റെ വിധവയെ പെങ്ങളെപ്പോലെ സ്വീകരിച്ച് ഇന്ത്യന്‍ സൈനികര്‍. കഴിഞ്ഞയാഴ്ച പാകിസ്ഥാനില്‍ നിന്ന് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയ റസിയ ബാഗത്തിനാണ് ഈ പുത്തന്‍ അനുഭവം. പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ കശ്മീരിലെ യുവാക്കളെ ഇസ്ലാമിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയും കുടുംബങ്ങളെയും കുട്ടികളെയും ഇരുട്ടിലേക്ക് തള്ളിവിടുകയുമാണെന്ന് അവര്‍ പറഞ്ഞു.
ജമ്മു കാശ്മീരിലെ ബന്ദിപ്പോരയില്‍ കുട്ടിക്കാലത്തേ പാകിസ്ഥാനിലേക്ക് കുടിയേറിയ റസിയ അവിടെ വച്ചാണ് വിവാഹം കഴിച്ചത്. 2018 ല്‍ ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. റസിയ അടുത്തിടെയാണ് കുട്ടികളുമൊത്ത് കശ്മീരിലേക്ക് മടങ്ങിയത്. രാജ്യത്തേക്ക് മടങ്ങുന്നത് താന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.
”ഇന്ത്യയിലേക്ക് മടങ്ങാനുള്ള ധീരമായ തീരുമാനമാണ് ഞാന്‍ എടുത്തത്. നിരാശയില്‍ കഴിയുന്ന നിരവധി യുവതികളും കുട്ടികളും പാക്കിസ്ഥാനിലുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണമോ വസ്ത്രമോ മരുന്നോ ഇല്ല. ഭീകരവാദി നേതാക്കള്‍ സുഖമായി കഴിയുകയും അവര്‍ റിക്രൂട്ട് ചെയ്ത ചെറുപ്പക്കാരെ മരിക്കാന്‍ അയയ്ക്കുകയുമാണ്. കുടുംബങ്ങളെയും കുട്ടികളെയും ഒരറ്റത്ത് ഉപേക്ഷിക്കുന്നു. എനിക്ക് മനുഷ്യത്വമാണ് ഏറ്റവും വലുത്. കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം കഴിയുന്നതാണ് യഥാര്‍ത്ഥ ജിഹാദ്’ റസിയ ബീബി പറഞ്ഞു.
പാകിസ്ഥാനില്‍ പട്ടിണിയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ പാസ്പോര്‍ട്ട് നേടി നേപ്പാള്‍ അതിര്‍ത്തികളിലൂടെയാണ് ഇന്ത്യയിലെത്തിയത്. ശ്രീനഗറില്‍ എത്തിയപ്പോള്‍ ഞാന്‍ എന്റെ അച്ഛനെ വിളിച്ചു. ചോദ്യം ചെയ്യലിനായി കശ്മീരിലെ പോലീസ് സ്റ്റേഷനില്‍ നാല് ദിവസം തങ്ങേണ്ടി വന്നതായി റസിയ ബീബി പറഞ്ഞു.
‘തുടക്കത്തില്‍, ഞാന്‍ വളരെ ഭയപ്പെട്ടു, പക്ഷേ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നെയും എന്റെ കുട്ടികളെയും പരിപാലിച്ചു. ഞങ്ങള്‍ ഒരു പോലീസ് സ്റ്റേഷനിലാണെന്ന തോന്നലേ ഉണ്ടായില്ല. ഇന്ത്യന്‍ സൈനികരുടെ പെരുമാറ്റം ഒരു സഹോദരിയോടെന്ന വണ്ണമായിരുന്നു. മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ട്,’ അവര്‍ പറഞ്ഞു.
Discussion about this post