ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി കുറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം എന്തും നേരിടാന്‍ സജ്ജമാണെന്നും കരസേന മേധാവി ജനറല്‍ എം എം നരവാനെ. തര്‍ക്കം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ നിന്ന് ഇരു സൈന്യവും പരസ്പരധാരണയോടെ പിന്മാറി. എന്നിരുന്നാലും വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്‍മി ദിവസത്തോട് മുന്നോടിയായുള്ള വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പടിഞ്ഞാറ് ഭാഗത്ത് വിവിധ ലോഞ്ച് പാഡുകളില്‍ തീവ്രവാദികളുടെ കേന്ദ്രീകരണം വര്‍ധിച്ചിട്ടുണ്ടെന്നും നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്നതായും ജനറല്‍ നരവാനെ പറഞ്ഞു. ആ ഭാഗത്തെ നമ്മുടെ അയല്‍രാജ്യത്തിന്റെ നീചമായ പ്രവര്‍ത്തനങ്ങളെയാണ് ഈ നീക്കങ്ങള്‍ തുറന്ന് കാണിക്കുന്നത്.ഭീകരതയ്ക്കതിരെ വീട്ടുവീഴ്ച്ചയില്ലാത്ത നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യ ചൈനയുമായുള്ള പതിനാലാമത് കമാന്‍ഡര്‍ തല ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. ഹോട്ട് സ്പ്രിംഗ്, ദെപ്സാങ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റമാകും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തെക്കുറിച്ചും കരസേന മേധാവി സംസാരിച്ചു. പുതിയ നിയമം അംഗീകരിക്കില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതായി ജനറല്‍ നരവാനെ ചൂണ്ടിക്കാട്ടി. വളരെ സൂക്ഷ്മതയോടെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സൈന്യം വേണ്ടത്ര സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post