തൃശ്ശൂര്‍: പനമ്പ് കൊണ്ട് മറച്ച കുടിലിന് മുന്നില്‍ ദേശീയപതാകയ്ക്ക് സല്യൂട്ട് നല്കിയ മുത്തശ്ശിയുടെയും കൊച്ചുമക്കളുടെയും ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കുടുംബത്തിന് സാന്ത്വനത്തിന്റെ കരങ്ങള്‍ നീട്ടുകയാണ് സമൂഹം. ചേര്‍പ്പ് ചെറുചേനം വെള്ളുന്നപറമ്പില്‍ വിജയന്റെ ഭാര്യ അമ്മിണിയും പേരക്കുട്ടികളും ചേര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ കുടിലിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തുന്നത് കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ഇവരുടെ ഹൃദയംകൊണ്ടുള്ള സല്യൂട്ട് സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തു.
ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ വീട് പുതുക്കിപ്പണിയുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്തു.
അമ്മിണിയും കൊച്ചുമക്കളായ വിസ്മയ, വിവേക്, വൈഗ, ശ്രീലക്ഷമി, ശ്രീനന്ദ്, ശിവഹരി, ശിവാത്മിക എന്നിവര്‍ ചേര്‍ന്നാണ് മുറ്റത്ത് ഉറപ്പിച്ച മുളവടി കൊടിമരമാക്കി ദേശീയ പതാക ഉയര്‍ത്തിയത്. വിജയന്റെ മൂത്ത മകളും സിഎന്‍എന്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുമായ വിസ്മയയാണ് പതാക ഉയര്‍ത്തുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ രണ്ടാമത്തെ മകന്‍ വിവേകിന്റെ ക്ലാസ് ടീച്ചര്‍ സുഷമയുടെ നിദ്ദേശപ്രകാരമാണ് ചടങ്ങ് ഒരുക്കിയതും വീഡിയോ ഫോണില്‍ പകര്‍ത്തിയതും. പ്രധാനാധ്യാപകന്‍ എ.ആര്‍. പ്രവീണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ ഇത് ഷെയര്‍ ചെയ്തതോടെ നിരവധി ആളുകള്‍ പിന്തുണയുമായി എത്തി.
ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ അടച്ചുറപ്പില്ലാത്ത വീടിനുമുന്നില്‍ ദേശീയപതാക ഉയര്‍ത്തി ഭാരത് മാതാ കി ജയ് വിളിച്ച് ദേശാഭിമാനത്തിന്റെ പ്രഭ ചൊരിഞ്ഞ അമ്മിണിയമ്മയെയും കുടുംബത്തേയും ആസാദി കാ അമൃത് മഹോത്സവ സമിതി പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അമ്മിണിയമ്മയെ പൊന്നാടയണിയിച്ചു. വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍, ഇരിങ്ങാലക്കുട ജില്ലാ സംഘചാലക് ഇ. ബാലഗോപാല്‍, സമിതി പൊതുകാര്യദര്‍ശി കെ.എസ്. ജയചന്ദ്രന്‍, ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് രാജീവ് മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Discussion about this post