തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലെ അറിയപ്പെടുന്ന പാടശേഖരമാണ് കീഴാറ്റൂർ (കൂവോട്, കിഴാറ്റൂർ, പടാംകുളം, കൈരളം, പടിയിൽ എന്നിവ) കിഴാറ്റൂർ കൂവോട് ഭാഗത്ത് പതിനായിരത്തോളം ജനങ്ങൾ വസിക്കുന്നു. ഉദ്ദേശ്യം 225 ഹെക്ടർ പരന്നു കിടക്കുന്ന പാടശേഖരത്തിന്റെ ചുറ്റുമായി ചെന്നിയാൻ കുന്ന്,ഇടിഞ്ഞ കുന്ന്, കോടേശ്വരം കുന്ന്, പാലേരിപ്പറമ്പ് കുന്ന്, കുറുട്ട് കുന്ന്, കണിക്കുന്ന്, തുരുത്തി വെള്ളപ്പാച്ചിൽമൊട്ട എന്നിവ സ്ഥിതി ചെയ്യുന്നു.
വെറും 3-4 മീറ്റർ ആഴത്തിൽ കനത്ത വേനലിൽ പോലും ജലം ലഭിക്കുന്ന പ്രദേശമാണിത്.14 കൈതോടുകളും 2 പ്രധാന തോടുകളും ഈ പ്രദേശത്തുണ്ട്. അറിയപ്പെടുന്ന 13 കുളങ്ങൾ ഉണ്ട്. (ചേന്നിയാൻ,തറമ്മൽകുളം, പുതിയേടത്ത് കുളം തിടിയൻ കുളം , ചേന്നിയൻ തറമ്മൽ വലിയ കുളം , ചുള്ളിയോട് പൂരം കുളി കുളം , മുച്ചിലോട്ട് ഭഗവതി കുളം, മയിലാട്ടു കുളം, പൂത്തുരുത്തി കുളം , വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൊളപ്രശ്ശേരി ഭഗവതി കുളം,). ഇപ്പോൾ 40 വീടുകളിൽ മാത്രമാണ് പൊതു ജല വിതരണ പൈപ്പുകൾ ഉപയോഗിക്കുന്നത്. പ്രതിദിനം ആയിരത്തിലധികം ജനങ്ങൾ കുളത്തിൽ കുളിക്കാറുണ്ട്.
കീഴാറ്റൂരിലെ പ്രധാന കൃഷികൾ നെല്ല്, പച്ചക്കറി, പയർവർഗ്ഗങ്ങൾ, ഉഴുന്ന്, മധുരക്കിഴങ്ങ്, കപ്പ, തെങ്ങ്,കവുങ്ങ്, എന്നിവയാണ്. തളിപ്പറമ്പിന്റെ പാരമ്പര്യ കാലംമുതൽ ഈ പ്രദേശത്ത് കൃഷിനടത്തിവരുന്നു ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റിയാലെ ബൈപാസ് റോഡ് സാധ്യമാകൂ. ഈ പ്രദേശത്ത് 250 ലധികം കർഷകർ നെല്ലൊഴിച്ച് മറ്റു കൃഷികളിൽ വ്യാപൃതരാണ്.
ഇവിടെ 5 സ്കൂളുകളും 5 അംഗൻവാടികളും ഉണ്ട്. മൂന്ന് നെല്ല് കുത്ത് കമ്പനികളും (മില്ലുകൾ) 2 കാലിവളർത്തു കേന്ദ്രങ്ങളും 2 പാൽ സംഭരണ കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. 120 ലധികം കന്നുകാലികളിൽ നിന്നായി 550 ലിറ്ററോളം പാൽ പ്രതിദിനം ലഭ്യമാണ്. 150 കള്ളുചെത്തു തൊഴിലാളികൾ ഉണ്ട് . കൊടും വേനലിൽപ്പോലും ഈ പ്രദേശത്ത് ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണംചെയേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.
പ്രതിവർഷം 6 ലക്ഷം തേങ്ങ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ശരാശരി ചൂട് നാളിതുവരെ 23 ഡിഗ്രി സെൽഷ്യസിൽ കൂടിയിട്ടില്ല. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെയും പട്ടുവം പഞ്ചായത്തിന്റെയും പ്രധാന ജലവിതരണ കിണറുകൾ കീഴാറ്റൂരാണ്. പ്രാദേശിക കാർഷിക സംസ്കാരത്തിന്റെ ഭാഗമായി മേട സംക്രമണത്തിൽ വിത്തിടൽ, തുലാം 10 ന് അവൽ ഇടിക്കൽ, പുത്തിരി സദ്യ എന്നി ചടങ്ങുകൾ നടന്നു വരുന്നു.
200 ഓളം കർഷക കുടുംബങ്ങളുടെ ആശ്രയ ഭൂമിയാണിത് . ഇതിൽ 50 ൽ അതികം പേർ വിധവകളാണ്.ബൈപാസ് റോഡ് നിർമ്മാണത്തിന് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പാടശേഖരത്തിൽ 22 കുടുംബക്കാർ നാളിതുവരെ സമ്മതപത്രം നൽകിയിട്ടില്ല.
റോഡ് നിർമ്മാണം ഉദ്ദേശിക്കുന്നത് വയലിന്റെ നടുവിലൂടെ നാലര കിലോമീറ്റർ നീളത്തിലും 45 മീറ്റർ മുകൾഭാഗത്ത് വീധികിട്ടത്തക്കവിധത്തിലും (താഴെ ഭാഗം ഉദ്ദേശം 65 മീറ്റർ വീതിയിലും ) ആണ്. റോഡ് പണിയുമ്പോൾ 8 തോടുകൾ ഇല്ലാതാകും .