പത്രപ്രവര്‍ത്തക രംഗത്തെ സമഗ്ര സംഭാവന മുന്‍ നിര്‍ത്തി മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാനിവാസ് മിശ്ര ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണനെ തെരഞ്ഞെടുത്തു. രണ്ട് ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ പത്ത് ചൊവ്വാഴ്ച ഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പുരസ്‌കാര സമര്‍പ്പിക്കും.
പത്മഭൂഷണ്‍ ജേതാവും സംസ്‌കൃത പണ്ഡിതനും പത്രപ്രവര്‍ത്തകനുമായിരുന്ന വിദ്യാനിവാസ് മിശ്രയുടെ പേരിലുള്ള പുരസ്‌കാരം മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് 2007ലാണ്.കേരളത്തിലെ ആര്‍ എസ് എസിന്റെ ആദ്യ കാല പ്രചാരകരില്‍ ഒരാളായ പി നാരായണന്‍ തൊടുപുഴ സ്വദേശിയാണ്. 1958 മുതല്‍ കേസരി വാരികയിലെ ലേഖനങ്ങളിലൂടെയാണ് മാധ്യമ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടന കാര്യദര്‍ശിയുമായിരുന്നു. പിന്നീട് ജന്മഭൂമി പത്രത്തിന്റെ പ്രസാധകന്‍, മാനേജര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ 25 വര്‍ഷം സേവനമനുഷ്ഠിച്ചു. 15 വര്‍ഷത്തോളം ഓര്‍ഗനൈസര്‍, പാഞ്ചജന്യ വാരികയുടെ കേരള ലേഖകനുമായിരുന്നു.
കേരളത്തിലെ ആര്‍ എസ് എസിന്റെ ചരിത്രമുള്‍പ്പെടുന്ന ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ‘സംഘപഥത്തിലൂടെ’ എന്ന പ്രതിവാര പംക്തി കഴിഞ്ഞ 19 വര്‍ഷമായി ജന്മഭൂമി പത്രത്തില്‍ എഴുതി വരുന്നു. ഇതിലെ തെരഞ്ഞെടുത്ത പംക്തികള്‍ അടുത്തിടെ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിരുന്നു.
കെ ഭാസ്‌കര്‍ റാവു സമര്‍പ്പിത ജീവിതം, ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച, കര്‍മ്മയോഗി കെ കേളപ്പന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയില്‍ നിന്നുമായി 40 ഓളം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേസരി വാരിക ഏര്‍പ്പെടുത്തിയ രാഘവീയം പുസ്‌കാരം 2008 ല്‍ നേടിയിട്ടുണ്ട്.
എം എ രാജേശ്വരിയാണ് ഭാര്യ, മനു നാരായണന്‍(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അമേരിക്ക) അനു നാരായണന്‍ (മാധ്യമപ്രവര്‍ത്തകന്‍) എന്നിവര്‍ മക്കളാണ്.