ഭരത്പൂര്‍: സന്ത് വിജയദാസിന്റെ ആത്മാഹുതിയിലേക്ക് നയിച്ച ഖനിമാഫിയയ്ക്ക് പിന്നില്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ മന്ത്രിയുടെ മകനുമാണെന്ന് പരാതി. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിലെ മന്ത്രി സാഹിദ ഖാന്റെ മകനെതിരെയാണ് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ സാമൂഹികപ്രവര്‍ത്തകനായ വിജയ്മിശ്ര പരാതി നല്‍കി. സാഹിദാഖാന്റെ സ്വന്തം ആളുകളാണ് പ്രശസ്തമായ വ്രജ് ക്ഷേത്രമടക്കം നില്‍ക്കുന്ന പസോപ പ്രദേശത്ത് അനധികൃത ഖനനം നടത്തിയിരുന്നത്. ഒന്നര വര്‍ഷത്തിലേറെയായി അനധികൃതഖനനത്തിരെ സംന്യാസി സമൂഹം സമാധാനപൂര്‍ണമായ സമരത്തിലായിരുന്നു.
അതേസമയം സന്ത് വിജയദാസിന്റെ മരണത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രദേശം സന്ദര്‍ശിച്ച ബിജെപി ഉന്നതതല സംഘം വ്യക്തമാക്കി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നിയോഗിച്ച നാലംഘ നേതൃസംഘമാണ് കഴിഞ്ഞദിവസം ഭരത്പൂരിലെത്തി ജനങ്ങളോടും സംന്യാസിമാരോടും സംസാരിച്ചത്. ബിജെപി എംപി അരുണ്‍ സിംഗ്, എംപി സ്വാമി സുമേദാനന്ദ സരസ്വതി, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സത്യപാല്‍ സിങ്, ഉത്തര്‍പ്രദേശ് മുന്‍ പോലീസ് ഡയറക്ടര്‍ ജനറലും എംപിയുമായ ബ്രിജ്ലാല്‍ യാദവ് എന്നിവരടങ്ങുന്നതാണ് സമിതി.
ഖനനവകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പ്രദേശത്ത് മണ്ണെടുക്കല്‍ നടക്കുന്നതെന്ന് സംന്യാസി സമൂഹം നേതൃസംഘത്തോട് പറഞ്ഞു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ കളിസ്ഥലമെന്ന് വിശ്വസിക്കുന്ന ബ്രജ് മേഖലയിലെ തീര്‍ഥാടനകേന്ദ്രവും പര്‍വതങ്ങളും സംരക്ഷിക്കാനാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. ആദിബദ്രി, കങ്കഞ്ചല്‍ പര്‍വതങ്ങള്‍ തുടങ്ങിയ പവിത്രകേന്ദ്രങ്ങളും ഇതേ മേഖലയിലാണുള്ളതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ചൂണ്ടിക്കാട്ടി.
ഖനനമാഫിയ സര്‍ക്കാരിലെ പലരുടെയും ബിനാമികളായാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെതിരായ സമരം ബിജെപി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ത് വിജയദാസിന്റെ ആത്മാഹുതി രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണ്. രാജസ്ഥാനില്‍ മാത്രമല്ല, രാജ്യമൊട്ടാകെ ഇതിനെതിരെ പ്രതിഷേധമുയരും. സര്‍ക്കാരിന്റെ പിന്തുണയോടെ ഖനന മാഫിയ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും നേരെയും ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദിബദ്രിക്കുന്നിന്‍മുകളിലെ സന്ത് വിജയ് ദാസിന്റെ സാധനാസ്ഥലില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
Discussion about this post