ഐതിഹാസികമായ കല്ലുമാല വിപ്ലവത്തിന്റെ സ്മരണയ്ക്കായി ബാക്കിനില്‍ക്കുന്നത് കൊല്ലം പീരങ്കി മൈതാനത്തെ അയ്യങ്കാളി പ്രതിമ മാത്രം. അതാകട്ടെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി അവസാനിപ്പിക്കുന്ന ഓര്‍മ്മച്ചടങ്ങുകളുടെ മാത്രം വേദിയും. നവോത്ഥാന ചരിത്രത്തിലെയും ഹിന്ദു ഐക്യമുന്നേറ്റത്തിലെയും ജ്വലിക്കുന്ന ഏടായ കല്ലുമാല സമരത്തെ പരിചയപ്പെടുത്തുന്ന ഒന്നും ഇവിടെയില്ല.
പുലയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയില്‍ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കള്‍ ആഭരണമായി ധരിക്കണമെന്ന നിര്‍ബന്ധത്തിനെതിരായ വിപ്ലവമായിരുന്നു കല്ലുമാല സമരം. അയ്യങ്കാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്‌കരണ സമരം 1915ല്‍ കൊല്ലം ജില്ലയിലെ പെരിനാട്ടിലാണ് തുടങ്ങിയത്. അയ്യങ്കാളിയുടെ ആഹ്വാന പ്രകാരം 1915 ഒക്ടോബര്‍ 24 ഞായറാഴ്ച ചെമ്മക്കാട്ട് ചെറുമുക്കില്‍ ഒരു സമ്മേളനം നടന്നു.
ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും യോഗത്തിനെത്തിയിരുന്നു. ഗോപാലദാസനായിരുന്നു യോഗാധ്യക്ഷന്‍. സമ്മേളനത്തിടയില്‍ നേതാക്കളിലൊരാളെ യാഥാസ്ഥിതികര്‍ ഇരുമ്പുപാര കൊണ്ട് അടിച്ചതും ഇതിനെ സമരക്കാര്‍ നേരിട്ടതും വലിയ സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ 1915 ഡിസംബര്‍ 19ന് കൊല്ലം പീരങ്കി മൈതാനിയില്‍ അയ്യങ്കാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും സമ്മേളനത്തില്‍ വച്ച് ആയിരക്കണക്കിനു സ്ത്രീകള്‍ അവര്‍ അണിഞ്ഞിരുന്ന പ്രാകൃതമായ ‘കല്ലും മാലയും’ പൊട്ടിച്ചുകളയുകയും മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്തു.
തെക്കന്‍ തിരുവിതാംകൂറില്‍ സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച ചാന്നാര്‍ സ്ത്രീകളുടെ മേല്‍മുണ്ട് കലാപത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു കല്ലുമാല സമരം.
Discussion about this post