പേട്ട(തിരുവനന്തപുരം): ശംഖുംമുഖത്ത് ബലിതര്‍പ്പണത്തിനെത്തിയവരെ പോലീസ് തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ശംഖുംമുഖം എസി പ്രിഥ്വിരാജ്, തഹസില്‍ദാര്‍ ഷീജ എന്നിവരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഭക്തര്‍ ബലിയര്‍പ്പിച്ചു.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. തീരശോഷണത്തെ തുടര്‍ന്നുള്ള ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവിനെതിരെ ബലിതര്‍പ്പണം തടയാന്‍ പാടില്ല എന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഇരുപതോളം ഭക്തരാണ് ബലിയിടാനെത്തിയത്. പൂജാ സാധനങ്ങളുമായി തീരത്തേക്ക് പോകവെ പ്രദേശത്ത് ഡ്യൂട്ടിയിലായിരുന്ന പോലീസുകാര്‍ ശാന്തിയെ ഉള്‍പ്പെടെ തടയുകയായിരുന്നു. ഇതിനിടയില്‍ പോലീസിന്റെ വലയം ഭേദിച്ച് ഭക്തര്‍ തീരത്തേക്ക് പോയി. കൂടുതല്‍ പോലീസെത്തി ഭക്തരെ തീരത്തേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഇതോടെ എസിയും തഹസില്‍ദാറും സംഭവസ്ഥലത്തെത്തി അനുരഞ്ജന ചര്‍ച്ച നടത്തി. പിന്മാറണമെന്ന് അറിയിച്ചെങ്കിലും ബലിതര്‍പ്പണം ഹൈന്ദവരുടെ അവകാശമാണെന്നും അത് തടയരുതെന്നും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. തടയാനാണ് ഉദ്ദേശമെങ്കില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ബലിതര്‍പ്പണം തടയില്ലെന്നും പക്ഷെ കടല്‍ക്ഷോഭ സാഹചര്യത്തില്‍ സുരക്ഷ പാലിക്കണമെന്നും തഹസില്‍ദാര്‍ പറഞ്ഞതോടെയാണ് പ്രതിഷേധത്തിന് അയവുണ്ടായത്. തുടര്‍ന്ന് കടലില്‍ ഇറങ്ങില്ലെന്ന ഉറപ്പ് നല്‍കി പ്രവര്‍ത്തകരുള്‍പ്പെടെ ബലിതര്‍പ്പണം നടത്തി. ഇതോടെ ഉദ്യോഗസ്ഥര്‍ പിന്മാറി.
സുനാമി പാര്‍ക്കിന് മുന്നിലാണ് ബലിപൂജകള്‍ നടത്തിയത്. ആചാര്യന്‍ ശംഖുംമുഖം ദേവീദാസന്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ശ്രീവരാഹം വിജയന്‍, ഹിന്ദുഐക്യവേദി നഗര്‍ പ്രവര്‍ത്തകരായ ഷാജി, ലാലി, ശംഖുംമുഖം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Discussion about this post