ന്യൂഡൽഹി: 1893 സെപ്റ്റംബർ 11ലെ സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രഭാഷണം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബർ 11 സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട് ഒരു സവിശേഷ ദിനമാണ്. 1893ൽ ഇതേ ദിവസമാണ് അദ്ദേഹം ചിക്കാഗോയിൽ തന്റെ ഏറ്റവും മികച്ച പ്രഭാഷണങ്ങളിൽ ഒന്ന് നടത്തിയത്. അദ്ദേഹത്തിന്റെ പ്രഭാഷണം ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും ധർമ്മബോധത്തെക്കുറിച്ചും ലോകത്തിന് വെളിപാടുണ്ടാക്കിയതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
1893 സെപ്റ്റംബർ 11ന് അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ലോക മതസമ്മേളനത്തിൽ ഇന്ത്യയുടെ മാനവിക മൂല്യങ്ങളെ വെളിപ്പെടുത്തി സ്വാമി വിവേകാനന്ദൻ നടത്തിയ പ്രഭാഷണം ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രഭാഷണങ്ങളിൽ ഒന്നാണ്. വേദാന്തത്തെ കുറിച്ചുള്ള അവബോധം ആധുനിക കാലത്ത് പാശ്ചാത്യ ലോകത്തിന് വെളിപ്പെടുത്തിയ സന്യാസിയാണ് സ്വാമി വിവേകാനന്ദൻ. ഇന്ത്യയിൽ സനാതന ധർമ്മത്തിന്‍റെ പുനരുത്ഥാനത്തിന് കാരണമായ സുപ്രധാന ചാലക ശക്തിയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷികമായ ജനുവരി 12 ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്. ‘അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ‘ എന്ന് സംബോധന ചെയ്തു കൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്‍റെ പ്രഭാഷണം ഓരോ ഭാരതീയനെയും സ്വാഭിമാനം കൊണ്ട് ജ്വലിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും പ്രാചീനമായ സന്യാസി പരമ്പരയുടെ പേരിൽ, മതങ്ങളുടെ മാതാവായ ഹൈന്ദവതയുടെ പേരിൽ, എല്ലാ വർണ്ണ- വർഗ്ഗ വിഭാഗങ്ങളിലും പെടുന്ന ഹിന്ദുക്കളുടെ പേരിൽ ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു എന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
ഹൈന്ദവ ധർമ്മത്തിന്‍റെ സാരാംശം തേടി പാശ്ചാത്യ ലോകത്ത് നിന്നും ജിജ്ഞാസുക്കളുടെ ഒഴുക്കിന് കാരണമായ സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രഭാഷണം സാർവ്വ കാലിക പ്രസക്തമായി ഇന്നും നിലനിൽക്കുന്നു.
Discussion about this post