അഹമ്മദാബാദ്: വിജയത്തിന്‍റെ തുടക്കം പ്രവൃത്തിയിലാണെന്നും കായിക രംഗത്ത് വന്‍ കുതിപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രിയുടെ വിജയോത്സാഹത്തിലാണ് രാജ്യം. കായിക നേട്ടങ്ങള്‍ക്കൊപ്പം നവരാത്രി ആഘോഷങ്ങളില്‍ പങ്കുകൊള്ളാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുപ്പത്താറാമത് ദേശീയ ഗെയിംസ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡേഗാ ഇന്ത്യ ജീതേഗാ ഇന്ത്യ എന്ന മുദ്രാവാക്യം പ്രധാനമന്ത്രിക്കൊപ്പം ഗാലറിയും ഏറ്റെടുത്തു.
ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ പദ്ധതികള്‍ രാജ്യം ഏറ്റെടുത്തു. കായികപ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഈ പദ്ധതി ഉപകരിച്ചു. എട്ട് കൊല്ലം മുമ്പ് വരെ നമ്മുടെ കായിക താരങ്ങള്‍ക്ക് നൂറില്‍ താഴെ ടൂര്‍ണമെന്റുകളില്‍ മാത്രമേ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. എന്നാലിപ്പോഴത് മുന്നൂറിലേറെയായി കുതിച്ചുയര്‍ന്നിരിക്കുന്നു. എട്ട് വര്‍ഷത്തിനിടയില്‍ കായികരംഗത്തിനായി നീക്കിവയ്ക്കുന്ന ബജറ്റ് തുകയില്‍ എഴുപത് ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഠിനാധ്വാനം കൊണ്ടാണ് നമ്മുടെ താരങ്ങള്‍ വിജയത്തിലേക്ക് കുതിക്കുന്നത്. അവരുടെ ഓരോ നേട്ടവും മറ്റെല്ലാ രംഗങ്ങളിലും രാജ്യത്തിന്‍റെ കുതിപ്പിന് പ്രേരണയും ആവേശവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ അന്തസും പ്രതിച്ഛായയും ലോകത്തിന് മുന്നില്‍ മികവുറ്റതാക്കുന്നതിന് കായിക രംഗത്തെ ചെറിയ കരുത്തിന് പോലും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാജ്യങ്ങളുടെയും വികസനത്തിനും അഭിമാനത്തിലും കായിക രംഗത്തെ വിജയങ്ങള്‍ക്കും പങ്കുണ്ട്. ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഈ ദിശയിലേക്കുള്ള ചുവടുവയ്പ്പാണ്, ഫുട്‌ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ്‌ബോള്‍, കബഡി, ബോക്‌സിങ്, ലാണ്‍ ടെന്നീസ് തുടങ്ങി എല്ലാ കായികയിനങ്ങള്‍ക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരം സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ ഇതര സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണെന്ന് മോദി പറഞ്ഞു.
ചടങ്ങില്‍ സ്വര്‍ണിം ഗുജറാത്ത് സ്‌പോര്‍ട്‌സ് സര്‍വകലാശാലയുടെ ഉദ്ഘാടനവും മോദി വെര്‍ച്വലായി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ തുടങ്ങിയ പ്രമുഖരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post