കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയില്‍ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി മുഴുവന്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാവിലെയാണ് നാദിയ ജില്ലയിലെ പാലാശിപ്പാറ എംഎല്‍എ മണിക് ഭട്ടാചാര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാര്‍ത്ഥാ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പശ്ചിമ ബംഗാള്‍ പ്രൈമറി എഡ്യുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാനായിരുന്നു മണിക് ഭട്ടാചാര്യ. പാര്‍ത്ഥാ ചാറ്റര്‍ജിക്കും സഹായി അര്‍പിതമുഖര്‍ജിക്കും പിന്നാലെ ഈ കേസില്‍ അറസ്റ്റിലാകുന്ന പ്രമുഖനാണ് ഭട്ടാചാര്യ. അഴിമതിയില്‍ പേര് ഉയര്‍ന്നുവന്നതിനെത്തുടര്‍ന്നാണ് ഇയാളെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. അന്വേഷണത്തോട് സഹകരിക്കാത്തതിനെത്തുടര്‍ന്നാണ് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് മണിക് ഭട്ടാചാര്യയുടെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് സഹകരിക്കാതെ അന്വേഷണത്തെ വഴിതിരിച്ചുവിടാനായിരുന്നു എംഎല്‍എയുടെ നീക്കമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേസ് അന്വേഷിക്കുന്ന സിബിഐ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷതേടി ഭട്ടാചാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയതിനിടെയാണ് ഇതേ കേസില്‍ ഇ ഡിയുടെ അറസ്റ്റുണ്ടാകുന്നത്. അധ്യാപകനിയമനത്തിലെ ക്രമക്കേടുകളാണ് സിബിഐ അന്വേഷിക്കുന്നത്. അഴിമതിപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ ഡിയുടെ അന്വേഷണം.
റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ മോശം പ്രകടനം കാഴ്ചവെച്ച നിരവധി പേരെയാണ് ലക്ഷക്കണക്കിന് രൂപ നല്‍കി അധ്യാപകരായി നിയമിച്ചത്. മുന്‍ എസ്എസ്സി ഉപദേഷ്ടാവ് ശാന്തി പ്രസാദ് സിന്‍ഹ, മുന്‍ ചെയര്‍മാന്‍ അശോക് ഷാ, മുന്‍ പ്രസിഡന്റ് കല്യാണ്‍മൊയി ഗാംഗുലലി എന്നിവരെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ 16 പ്രതികളാണ് ഉള്ളത്.
Discussion about this post