അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ശ്രീരാമ രാജ്യഭിഷേക പൂജയിലും ലക്ഷദീപം തെളിക്കൽ ചടങ്ങിലും പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ശ്രീരാമ രാജ്യാഭിഷേകമെന്ന പൂജയിൽ പങ്കുചേർന്നത്. ആരതി ഉഴിഞ്ഞും രാംലല്ലയിൽ തിലകംചാർത്തിയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. ശ്രീരാമസീതാ വിഗ്രഹങ്ങളിൽ മാലയിട്ടും പുഷ്പാർച്ചന നടത്തിയും നരേന്ദ്രമോദി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരനായി നിന്നു.
ശ്രീരാമക്ഷേത്ര നിർമ്മാണം നടക്കുന്ന പ്രദേശം സന്ദർശിച്ച ശേഷമാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന താൽക്കാലിക ക്ഷേത്രത്തിലേയ്‌ക്ക് പ്രധാനമന്ത്രി എത്തിയത്. ക്ഷേത്രനിർമ്മാണ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പം പൂർത്തിയായ ക്ഷേത്രഭാഗങ്ങളെല്ലാം നേരിൽ കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി.
2017 മുതൽ അയോദ്ധ്യയെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ലക്ഷദീപക്കാഴ്ചയിലും പ്രധാനമന്ത്രി പങ്കെടുത്തു. 18 ലക്ഷം ചിരാതുകൾ നിരത്തി സരയൂനദീ തടവും തീർത്ഥക്കടവും ക്ഷേത്ര ഗോപുരങ്ങളും ദീപാലംകൃതമായി. ശ്രീരാമ വിഗ്രഹത്തിന് മുന്നിൽ നിന്ന് പ്രധാന പൂജാരി കൊളുത്തി കൈമാറിയ വിളക്കിൽ നിന്ന് പ്രധാനമന്ത്രി മറ്റൊരു നിലവിളക്കിലേയ്‌ക്കും പിന്നീട് ചിരാതുകളിലേയ്‌ക്കും ദീപം പകർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ശത്രുനിഗ്രഹം നടത്തിയ അയോദ്ധ്യാ നഗരത്തിലേയ്‌ക്ക് ശ്രീരാമചന്ദ്രൻ പ്രവേശിച്ചത് ഒരു ദീപാവലി നാളിലായിരുന്നു. തുടർന്ന് 14 വർഷത്തെ വനവാസത്തിന് ശേഷം തിരികെ എത്തിയ ശ്രീരാമനെ രാജാവായി അഭിഷേകം ചെയ്യാൻ ധർമ്മഗുരുക്കന്മാർ തീരുമാനിക്കു കയായിരുന്നു. അതുവരെ രാജ്യഭാരം കയ്യാളിയിരുന്ന ഭരതന്റേയും അയോദ്ധ്യാ വാസികളുടേയും ഗുരുക്കന്മാരുടേയും സ്‌നേഹനിർഭരമായ നിർബന്ധത്താൽ രാജാവാകാൻ ശ്രീരാമൻ അനുമതി നൽകി. അന്ന് അയോദ്ധ്യാ നഗരത്തിലും സരയൂ നദിക്കരയിലും ലക്ഷക്കണക്കിന് ദീപം തെളിയിച്ചാണ് ജനങ്ങൾ സ്വന്തം രാജകുമാരനെ അയോദ്ധ്യാ പതിയായി കണ്ട് പൂജിച്ചത്.
Discussion about this post