ന്യൂഡൽഹി: ചൈനയിൽ അതിരൂക്ഷ കൊറോണ വ്യാപനത്തിന് ഇടയാക്കിയ കൊറോണ ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന്‍റെ ബിഎഫ്.7 എന്ന വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ നാല് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. അതിവേഗം വ്യാപിക്കുന്ന കൊറോണ ഉപവകഭേദമാണിത്.
നേരത്തെ ഒരാൾക്ക് ബിഎഫ്.7 ബാധിച്ചതായി ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു ഇത് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം ഒഡിഷയിൽ ഒരാൾക്കും ഗുജറാത്തിൽ രണ്ട് പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വാക്‌സിനേഷൻ നടത്തിയവരിലും നേരത്തെ കൊറോണ വൈറസ് പിടിപെട്ടവരിലും വീണ്ടും ബാധിക്കാൻ സാധ്യതയുള്ള ഉപവകഭേദമാണ് ബിഎഫ്.7. യുഎസ്, യുകെ, ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനോടകം ബിഎഫ്.7 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി, ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണം.
അതേ സമയം ഇന്ത്യയ്‌ക്ക് പുറത്ത് പല രാജ്യങ്ങളിലും കൊറോണ വ്യാപനം ഉയർന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ വീണ്ടും കൊറോണ പരിശോധന പുനരാരംഭിക്കുകയാണ്. അന്താരാഷ്‌ട്ര യാത്രക്കാരുടെ സാമ്പിളുകൾ ശേഖരിച്ച് കൊറോണ പരിശോധന നടത്തുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
Discussion about this post