ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ നല്‍കാനുള്ള പിഎംജികെഎവൈ പദ്ധതി ഡിസംബറിനു ശേഷവും നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്നു കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രസ്താവനയില്‍ അറിയിച്ചു. ഗവണ്മെന്റിന്‍റെ പക്കല്‍ ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പിഎംജികെഎവൈ (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന) പ്രകാരം പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ വിതരണത്തിനായി കഴിഞ്ഞ 28 മാസത്തിനിടെ ഗവണ്മെന്റ് 1.80 ലക്ഷം കോടി രൂപ ചെലവഴിച്ചതായി കൃഷികര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാനിയമത്തിനും മറ്റു ക്ഷേമപദ്ധതികള്‍ക്കുമായുള്ള ആവശ്യകത നിറവേറ്റാന്‍ മതിയായ ഭക്ഷ്യധാന്യങ്ങള്‍ ഗവണ്മെന്റിന്‍റെ പക്കലുണ്ടെന്നും ശോഭ കരന്ദ്‌ലാജെ കൂട്ടിച്ചേര്‍ത്തു.
പൊതുവിതരണ സംവിധാനത്തിനുള്ള (പിഡിഎസ്) ഭക്ഷ്യധാന്യ സംഭരണവും പിഎംജികെഎവൈ പോലുള്ള ക്ഷേമപദ്ധതികളും സുഗമമായി നടക്കുന്നുണ്ടെന്നു കേന്ദ്ര കൃഷികര്‍ഷക ക്ഷേമ സഹമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വിളകളില്‍ വരള്‍ച്ചയും കാലാവസ്ഥാവ്യതിയാനവും മൂലമുണ്ടായ ആഘാതത്താല്‍ ”അരിയുടെയും ഗോതമ്പിന്‍റെയും ഉല്‍പ്പാദനം കുറയുമെന്ന തെറ്റിദ്ധാരണ” നിലനില്‍ക്കവെയാണ് ഇത്.
സംഭരിച്ച ധാന്യങ്ങള്‍ക്കു ഡിബിടി (നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം) വഴി കര്‍ഷകര്‍ക്കു നേരിട്ടു താങ്ങുവില നല്‍കുന്നതിനൊപ്പം, പിഡിഎസ് ഭക്ഷ്യധാന്യത്തിന്‍റെ പാഴാക്കലും കടത്തിക്കൊണ്ടുപോകലും തടയുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പിഡിഎസ് നവീകരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും കരന്ദ്‌ലാജെ വ്യക്തമാക്കി.
2023 അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി ആഘോഷിക്കുന്നതിനു മുന്നോടിയായി ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മാധ്യമങ്ങളെ അഭിസംബോധനചെയ്യവേ കാര്‍ഷിക സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു.
Discussion about this post