ഛണ്ഡീഗഡ്: പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി ബിഎസ്എഫ്. അമൃത്‌സറിലെ രജതൾ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്‌ക്ക് പാകിസ്താൻ ഡ്രോൺ അയക്കുന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൂളൽ ശബ്ദം കേട്ട് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. പാകിസ്താൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
അതിർത്തിയിലെ സുരക്ഷാ വേലിയ്‌ക്ക് സമീപമാണ് ഡ്രോൺ തകർന്ന് വീണത്. ഡ്രോണിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സൈനിക വിന്യാസം മനസ്സിലാക്കാനായി അയച്ച ഡ്രോണാണ് ഇതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് പോലീസും ബിഎസ്എഫും ചേർന്ന് പരിശോധന നടത്തുകയാണ്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും അതിർത്തി കടന്ന് എത്തിയ ഡ്രോൺ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് വെടിവെച്ച് വീഴ്‌ത്തിയിരുന്നു. അതിർത്തി വഴി തുടർച്ചയായി ഡ്രോൺ അയച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത്.











