ഇംഫാല്‍: നേതാജി സുഭാഷ്ചന്ദ്ര ബോസ് ഭാരതത്തിന്‍റെ ചിരഞ്ജീവിയായ നേതാവാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഇംഫാല്‍ ജിപി വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ മണിപ്പൂര്‍ ഇന്റലക്ച്വല്‍ ഫോറം ഓഫ് നോര്‍ത്ത് ഈസ്റ്റ് സംഘടിപ്പിച്ച നേതാജി ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്‍റെ താളുകള്‍ ഭാരതീയ യുവത്വത്തിന്‍റെ ത്യാഗങ്ങളാല്‍ നിറഞ്ഞതാണെന്ന് ജീവിതം കൊണ്ട് നമ്മെ ഓര്‍മ്മിപ്പിച്ച അനേകം ദേശസ്‌നേഹികള്‍ക്ക് മാതൃകയായിരുന്നു നേതാജി. ‘ഞങ്ങള്‍ നിങ്ങളുടെ നാളേക്ക് വേണ്ടി ഞങ്ങളുടെ ഇന്നിനെ ബലിയര്‍പ്പിക്കുന്നു’ എന്ന് മൊയ്റാംഗിലെ നേതാജി സ്മാരകത്തില്‍ എഴുതിവച്ചിട്ടുണ്ട്. ഭാരതീയ വിപ്ലവകാരികളുടെ ആദര്‍ശം ആത്മീയതയായിരുന്നു. സ്വാമി വിവേകാനന്ദനും നിവേദിതയും അവര്‍ക്ക് പ്രേരണയായി. ഗീതാരഹസ്യം എഴുതിയ തിലകനും വിപ്ലവകാരിയായി ജീവിതം ആരംഭിച്ച മഹര്‍ഷി അരവിന്ദനും മാതൃകകളായി. ആത്മീയതയുടെ ആഴത്തിലുള്ള മുദ്ര ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ അടയാളമാണ്. നേതാജി ഒട്ടും വ്യത്യസ്തമനായിരുന്നില്ല, ഹൊസബാളെ ചൂണ്ടിക്കാട്ടി.
നിര്‍ഭയത്വവും ആത്മീയ സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര. തന്‍റെ ദൗത്യത്തിന് അനുഗ്രഹം തേടി അദ്ദേഹം ഗാന്ധിജിക്ക് കത്തയച്ചു. കോണ്‍ഗ്രസ് വിട്ടിട്ടും ഗാന്ധിജിയോട് അദ്ദേഹത്തിന് അപ്പോഴും അടങ്ങാത്ത സ്‌നേഹമുണ്ടായിരുന്നു. അക്കാലത്ത് സ്ത്രീകള്‍ക്കായി ഐഎന്‍എയില്‍ ഒരു റെജിമെന്റ് നേതാജി രൂപീകരിച്ചു, അതിന് റാണി ലക്ഷ്മി റെജിമെന്റ് എന്ന് പേരിട്ടു.
Discussion about this post