ഭോപ്പാല്‍: രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി പൊരുതിയ വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ അണിനിരന്ന ഗര്‍ജന്‍ റാലി. രാജ്യത്തിനായി പൊരുതിവീണ എണ്ണമറ്റ വനവാസി വീരന്മാരുടെ പരമ്പരയ്ക്ക് വികസിതവും സ്വതന്ത്രവുമായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്ന് ഭോപാലിലെ ഭേല്‍ ദസറ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്ത് ട്രൈബല്‍ സെക്യൂരിറ്റി ഫോറം നാഷണല്‍ കോ-കണ്‍വീനര്‍ രാജ്കിഷോര്‍ ഹന്‍സ്ദ പറഞ്ഞു. എല്ലാവര്‍ക്കും തുല്യമായ ജീവിതമാണ് ഞങ്ങളുടെ പൂര്‍വികര്‍ സ്വപ്നം കണ്ടത്. മണ്ണിനെയും മരത്തെയും പൂജിച്ചവരാണ് ഈ ജനത. എന്നാല്‍ വൈദേശിക മതങ്ങളുടെ കടന്നുകയറ്റം വലിയ ഭീഷണിയാണ്. മതം മാറുന്നവര്‍ സംവരണം തട്ടിയെടുക്കുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ. വനവാസിജനതയുടെ ആനുകൂല്യങ്ങള്‍ അവര്‍ക്കായിത്തന്നെ ലഭിക്കണം. പരിവര്‍ത്തിതരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. ഞങ്ങളെ ഞങ്ങളായി ജീവിക്കാന്‍ അനുവദിക്കണം, ഹന്‍സ്ദ പറഞ്ഞു.
പ്രകൃതിയെ ആരാധിക്കുന്നവരാണ് വനവാസി ജനത. എന്നാല്‍ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ക്ക് അത് സാധ്യമല്ല. പിന്നെങ്ങനെയാണ് അവര്‍ ഗോത്രവര്‍ഗക്കാരാകുന്നതും ആനുകൂല്യങ്ങള്‍ക്ക് അവകാശങ്ങള്‍ ഉന്നയിക്കുന്നതും. അവര്‍ ഗോത്രവര്‍ഗത്തില്‍ പെട്ടവരല്ലെന്ന് ഇന്ത്യന്‍ ഭരണഘടനയും കോടതി വിധികളും സെന്‍സസും കാണിക്കുന്നു. വനവാസിജനത ഹിന്ദു സമൂഹത്തിന്റെ ഭാഗമാണ്. മതംമാറിയവര്‍ക്ക് സെന്‍സസില്‍ പോലും ആദിവാസി എന്ന പേര് നല്‍കിയിട്ടില്ല. എന്നിട്ടും അവരില്‍ ഭൂരിഭാഗവും ജോലിയിലും മറ്റും ആനുകൂല്യങ്ങളും സംവരണത്തിന്റെ മറവില്‍ കൈപ്പറ്റുന്നുണ്ട്. ഇത് അനീതിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
മതംമാറിപ്പോയവര്‍ 70 വര്‍ഷമായി ആദിവാസികളായ തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ട്രൈബല്‍ സെക്യൂരിറ്റി ഫോറം നേതാവ് സത്യേന്ദ്ര സിങ് പറഞ്ഞു. ഇവരെ പട്ടികജാതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പതിറ്റാണ്ടുകളായി ആദിവാസി ജനത പോരാടുകയാണ്. ഭോപാല്‍ റാലി കണ്ട് തീരുമാനമായില്ലെങ്കില്‍ ദല്‍ഹിയിലേക്കും കാല്‍നടയായി മാര്‍ച്ച് ചെയ്യും.
1967ല്‍ അന്നത്തെ എംപിയായിരുന്ന കാര്‍ത്തിക് ഒറോണിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2006ലാണ് ട്രൈബല്‍ സെക്യൂരിറ്റി ഫോറം രൂപീകരിച്ചത്. 2009ല്‍ രാജ്യത്തുടനീളമുള്ള 28 ലക്ഷം പേരുടെ ഒപ്പുകളുള്ള നിവേദനം അന്നത്തെ രാഷ്ട്രപതി പ്രതിഭാ ദേവി പാട്ടീലിന് കൈമാറി. ഈ വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഇനി പിന്നാക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ഐഎഎസ് ഓഫീസര്‍ ശ്യാം സിംഗ് കുമ്രെ, പ്രകാശ് യുകെ, നരേന്ദ്ര സിംഗ് മര്‍വി, ഗായകന്‍ ജഗത് സിങ്, മുന്‍ രാജ്യസഭാ എംപിമാരായ ഡോ. മഹേന്ദ്ര സിങ് ചൗഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post