പൂനെ: സ്വാര്‍ത്ഥത ഒരിക്കലും സേവനത്തിനുള്ള പ്രേരണയാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. സേവനത്തിന്റെ ധര്‍മ്മം ഗഹനമാണ്, എന്നാലത് മനുഷ്യത്വത്തിന്റെ സഹജധര്‍മ്മമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്‍കല്യണ്‍ സേവ ഫൗണ്ടേഷന്‍, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാനിധി എന്നിവയുടെ സഹകരണത്തോടെ ജന്‍ കല്യാണ്‍ സേവാ സമിതി നിര്‍മ്മിച്ച സേവാഭവന്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍പത് സേവാ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജന്‍ കല്യാണ്‍ സേവാസമിതി സമാജത്തിനാകെ മാതൃകയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍പെടുന്നവര്‍ക്ക് തുണയാകുന്നതും അവരെ സ്വന്തമെന്ന് കണ്ട് സേവിക്കുന്നതും സേവനം സഹജഭാവമാണെന്നതിന്റെ അടയാളമാണ്. മുന്‍കൂട്ടി നിശ്ചയിച്ച് നടപ്പാക്കുന്ന കാര്യക്രമമല്ല സേവനം. ഒരുമയാണ് സേവനത്തിന്റെ തത്വം. സന്മനസാണ് ഉപാധി. എന്നാല്‍ സേവനത്തിന്റെ ഫലം സേവനമെന്നത് മാത്രമാണ്. ഞങ്ങള്‍ ചെയ്തു എന്ന അഹംഭാവം അതിന് നല്ലതല്ല. അനുകമ്പയാണ് മനുഷ്യത്വത്തിന്‍റെ അസ്മിതയെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പശ്ചിമ മഹാരാഷ്ട്ര പ്രാന്ത സംഘചാലക് സുരേഷ് നാനാ ജാദവ്, ജന്‍ കല്യാണ്‍ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. രവീന്ദ്ര സതാല്‍ക്കര്‍, ജന്‍ കല്യാണ്‍ സേവാ ഫൗണ്ടേഷന്‍ ഡയറക്ടര്‍ മഹേഷ് ലെലെ, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാനിധി’ ട്രഷറര്‍ മാധവ് മേഡ് എന്നിവര്‍ പങ്കെടുത്തു. ജനകല്യണ്‍ സമിതിയുടെ 50 വര്‍ഷത്തെ യാത്രയെ അവലോകനം ചെയ്യുന്ന ‘അഹര്‍നിശം സേവാമഹേ’ എന്ന പുസ്തകവും സര്‍സംഘചാലക് പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തനത്തിന് ഹരിഓം കാക്ക മല്‍ഷെയെ ആദരിച്ചു.
Discussion about this post